എ.ഐ ഉപയോഗിച്ച് പിരിച്ചുവിടല്‍; മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ കോടതിയില്‍
ഓക്‌ലന്‍ഡ്: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതിയില്‍ കേസ് നല്‍കി. ജീവനക്കാരേ പിരിച്ചുവിടാന്‍ കമ്പനി എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ചെന്നും, മെഡിക്കല്‍ അവധി, പ്രസവാവധി, മാതാപിതൃ അവധി, കുടുംബപരിപാലന അവധി എന്നിവയിലായിരുന്ന ജീവനക്കാരെയാണ് അന്യായമായി പിരിച്ചുവിടാന്‍ തിരഞ്ഞെടുത്തതെന്നുമാണ് ഹരജിയിലെ ആരോപണം.
ഈ വര്‍ഷം മേയില്‍ മെറ്റ 8,000 ജീവനക്കാരേ, അതായത് കമ്പനിയിലെ ആകെ ജീവനക്കാരില്‍ ഏകദേശം 10 ശതമാനം പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പട്ടികയില്‍ ഉള്‍പ്പെട്ട 26 പേരാണ് ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇവരുടെ പിരിച്ചുവിടല്‍ ജൂലൈ 22 മുതല്‍ പ്രാബല്യത്തില്‍ വരാനാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ഇവര്‍ ജോലി തുടരുകയാണ്.
ആരെയൊക്കെ പിരിച്ചുവിടണമെന്നത് തീരുമാനിക്കാന്‍ മെറ്റ എ.ഐ സംവിധാനങ്ങള്‍, കമ്പ്യൂട്ടറിലെ കീബോര്‍ഡ് ഉപയോഗത്തിന്റെ വിവരങ്ങള്‍ (കീസ്‌ട്രോക്ക്), ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുള്ള ഡാറ്റ, എ.ഐ ടോക്കണ്‍ ഉപയോഗ വിവരങ്ങള്‍, അല്‍ഗോരിതം അടിസ്ഥാനമാക്കിയ പ്രകടന വിലയിരുത്തല്‍ (പെര്‍ഫോമന്‍സ് റാങ്കിങ്) എന്നിവ ഉപയോഗിച്ചുവെന്ന് ഹരജിയില്‍ പറയുന്നു.
മെഡിക്കല്‍ അവധിയിലോ കുടുംബപരമായ അവധിയിലോ കഴിയുന്ന ജീവനക്കാര്‍ക്ക് ആ സമയത്ത് ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ അവരുടെ ജോലിയുടെ അളവും പ്രകടന സ്‌കോറും സ്വാഭാവികമായും കുറവായിരിക്കും. എന്നാല്‍ ഈ കാര്യം പരിഗണിക്കാതെയാണ് കമ്പനി എല്ലാവരെയും ഒരേ രീതിയില്‍ വിലയിരുത്തിയതെന്നാണ് ഹരജിയിലെ ആരോപണം. നിയമപ്രകാരം ഇത്തരത്തിലുള്ള ജീവനക്കാരുടെ കാര്യത്തില്‍ പ്രത്യേകം വിലയിരുത്തല്‍ നടത്തേണ്ടതുണ്ടായിരുന്നെങ്കിലും മെറ്റ അത് ചെയ്തില്ലെന്നും ഹരജിയില്‍ പറയുന്നു. ഇതാണ് അവധിയിലായിരുന്ന പലരും പിരിച്ചുവിടല്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ കാരണമായതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
കേസ് നല്‍കിയ 26 പേരും മെഡിക്കല്‍ അവധി, പ്രസവാവധി, മാതാപിതൃ അവധി, കുടുംബപരിപാലന അവധി തുടങ്ങിയ നിയമപരമായ അവധികള്‍ എടുത്തവരോ, ആരോഗ്യപ്രശ്‌നമോ വൈകല്യമോ കാരണം പ്രത്യേക ജോലിസൗകര്യം ആവശ്യപ്പെട്ടവരോ ആണ്. ഹരജിക്കാരില്‍ എട്ട് സ്ത്രീകള്‍ പ്രസവമോ ഗര്‍ഭകാലവുമായി ബന്ധപ്പെട്ട അവധിയിലായിരുന്നു. നാല് പുരുഷന്മാര്‍ മാതാപിതൃ അവധിയെടുത്തവരാണ്. ഒരു വനിത കുടുംബാംഗത്തെ പരിചരിക്കാനും പിന്നീട് മരണാനന്തര ചടങ്ങുകള്‍ക്കുമായി അവധിയെടുത്തിരുന്നു.
ഗുരുതരമായ ആരോഗ്യപ്രശ്‌നവും വൈകല്യവും ഉണ്ടായിരുന്ന ഒരു ജീവനക്കാരന് മെറ്റയുടെ മെഡിക്കല്‍ വിഭാഗം അവധി അനുവദിച്ചിരുന്നെങ്കിലും, അവധി എടുത്താല്‍ പിരിച്ചുവിടല്‍ പട്ടികയില്‍ ഉള്‍പ്പെടുമെന്ന് മാനേജര്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ അവധി എടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചുവെന്നും ഹരജിയില്‍ ആരോപിക്കുന്നു. വൈകല്യത്തിന് ആവശ്യമായ പ്രത്യേക ജോലിസൗകര്യവും കമ്പനി നല്‍കിയില്ലെന്നാണ് ജീവനക്കാരുടെ പരാതി.
അതേസമയം, എല്ലാ ആരോപണങ്ങളും മെറ്റ നിഷേധിച്ചു. 'ഈ ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ജീവനക്കാരേ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എ.ഐ അല്ല, മനുഷ്യരാണ് എടുത്തത്,' എന്നാണ് കമ്പനിയുടെ വിശദീകരണം.
മെറ്റയുടെ നടപടി ഫാമിലി ആന്‍ഡ് മെഡിക്കല്‍ ലീവ് ആക്ട്, അമേരിക്കന്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്ട്, പ്രെഗ്‌നന്‍സി ഡിസ്‌ക്രിമിനേഷന്‍ ആക്ട്, പ്രെഗ്‌നന്റ് വര്‍ക്കേഴ്‌സ് ഫെയര്‍നെസ് ആക്ട് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി അമേരിക്കന്‍ ഫെഡറല്‍, സംസ്ഥാന നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.
ഹരജിയില്‍ 'ഡിസ്പാരറ്റ് ഇംപാക്ട്'എന്ന നിയമതത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു നിയമമോ നയമോ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് തോന്നിയാലും, അത് ഒരു പ്രത്യേക വിഭാഗത്തെ കൂടുതലായി ബാധിക്കുന്നുവെങ്കില്‍ അത് വിവേചനമായി കണക്കാക്കാമെന്നാണ് ഈ നിയമതത്വം പറയുന്നത്. സ്ത്രീകളാണ് കൂടുതലായും ഗര്‍ഭകാല, പ്രസവ, കുടുംബപരിപാലന അവധികള്‍ ഉപയോഗിക്കുന്നത്. അതിനാല്‍ എ.ഐ അടിസ്ഥാനമാക്കിയ പ്രകടന വിലയിരുത്തല്‍ സ്ത്രീകളെ കൂടുതല്‍ പ്രതികൂലമായി ബാധിച്ചുവെന്നാണ് ഹരജിക്കാരുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.
പിരിച്ചുവിടല്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് നിലവിലെ തൊഴില്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവിടണമെന്നാണ് ജീവനക്കാരുടെ ആവശ്യം. പിരിച്ചുവിടല്‍ നടപ്പായാല്‍ ഗര്‍ഭകാലത്തും ചികിത്സാകാലത്തും ലഭിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്നും, നിയമപരമായ അവധി അവകാശങ്ങള്‍ ഇല്ലാതാകുമെന്നും, ലഭിക്കാനിരുന്ന ഓഹരി ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്നും, ചില ജീവനക്കാരുടെ വിസയും കുടിയേറ്റ പദവിയും വരെ ബാധിക്കാനിടയുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Employees have filed a complaint against Meta, Facebook's parent company. 26 employees have filed a case against Meta in a federal court in California, USA. They allege that Meta used AI to carry out layoffs and unfairly targeted employees who were on medical, maternity, and parental leave.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."