'ഡോക്ടര്‍' എന്ന പേര് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല'; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരേ സുപ്രിം കോടതി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബലാത്സംഗത്തിനിരയായ നാല് വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ കുട്ടിയായതിനാലാണ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതെന്ന ഗുരുതര നിരീക്ഷണമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നടത്തിയത്.
ചികിത്സ നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നെങ്കില്‍ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് സുരക്ഷിതമായി മാറ്റാനുള്ള സംവിധാനം ഒരുക്കേണ്ടത് ആശുപത്രികളുടെ ബാധ്യതയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 'രോഗിയോടുള്ള ചുമതല നിര്‍വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പേരിനൊപ്പം 'ഡോക്ടര്‍' എന്ന് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല' എന്നായിരുന്നു കോടതിയുടെ വിമര്‍ശനം.
കഴിഞ്ഞ മാര്‍ച്ച് 16നാണ് ഗാസിയാബാദില്‍ നാല് വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായത്. ചോക്ലേറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് അയല്‍വാസി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം പീഡിപ്പിച്ചെന്നാണ് കേസ്. പിന്നീട് രക്തത്തില്‍ കുളിച്ച അബോധാവസ്ഥയില്‍ മാതാപിതാക്കള്‍ കുട്ടിയെ കണ്ടെത്തി. രണ്ട് സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
കുട്ടിയെ കണ്ടെത്തിയ ശേഷം ഏകദേശം രണ്ട് മണിക്കൂര്‍ ജീവനോടെയുണ്ടായിരുന്നുവെന്നും സമയബന്ധിതമായി ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു. സുപ്രിം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും ആശുപത്രികളുടെ ഗുരുതര അനാസ്ഥ റിപ്പോര്‍ട്ടിലൂടെ സ്ഥിരീകരിച്ചു.
കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ബന്ധപ്പെട്ട ആശുപത്രികളോട് സുപ്രിം കോടതി ഉത്തരവിട്ടു. ഉത്തരവ് പാലിക്കാത്ത പക്ഷം കനത്ത പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
സംഭവത്തില്‍ പൊലിസിന്റെ നടപടികളെയും കോടതി വിമര്‍ശിച്ചു. കുട്ടിക്കെതിരായ ആക്രമണ വിവരം ലഭിച്ചിട്ടും ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുപകരം കുടുംബത്തോട് മോശമായി പെരുമാറിയെന്ന ആരോപണം ഗൗരവമായി കാണണമെന്നും, ഇത്തരം കേസുകളില്‍ നിയമപാലകര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും സുപ്രിം കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."