അഞ്ച് രൂപയ്ക്ക് ഇനി ട്രെയിന്‍ യാത്ര; ചരിത്രക്കുതിപ്പിലേക്ക് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈഡ്രജന്‍ ഇന്ധന ട്രെയിന്‍ സര്‍വീസ് യാഥാര്‍ഥ്യമായി. ഹരിയാനയിലെ ജിന്ദ്-സോണിപത് റൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. 3,200 എച്ച്.പി പവറുള്ള ഈ ട്രെയിന്‍ ബ്രോഡ്‌ഗേജ് വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ ഹൈഡ്രജന്‍ ട്രെയിന്‍സെറ്റാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 'മേക്ക് ഇന്‍ ഇന്ത്യ', 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതികളുടെ നേട്ടത്തിന്റെ പ്രതീകമാണിതെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിനിന്റെ മുഖ്യ ആകര്‍ഷണം ടിക്കറ്റ് നിരക്കാണ്. അഞ്ച് രൂപ മുതല്‍ ടിക്കറ്റ് ലഭിക്കും. ഉയര്‍ന്ന നിരക്ക് 25 രൂപയാണ്. പ്ലാറ്റ്‌ഫോം ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകുമെന്നതാണ് എടുത്തു പറയേണ്ട കാര്യം
ഹരിയാനയിലെ ജിന്ദ് മുതല്‍ സോനിപത്ത് വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. മൊത്തം 10 കോച്ചുകളുണ്ട്. 90 കിലോമീറ്റര്‍ യാത്രയ്ക്ക് രണ്ട് മണിക്കൂറില്‍ താഴെ മതിയാകും. ഈ റൂട്ടില്‍ ട്രെയിനിന് 11 സ്റ്റോപ്പുകളുണ്ടാവും. ഏകദേശം 2,600 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. സാധാരണ ട്രെയിനുകളുടെ വേഗതയില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നാണ് ഹൈഡ്രജന്‍ ട്രെയിന്റെ മുഖ്യ ആകര്‍ഷണം.
എന്താണ് ഹൈഡ്രജന്‍ ട്രെയിന്‍?
ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റമാണിത്. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വയം വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ഓടുന്ന ട്രെയിനാണ് ഹൈഡ്രജന്‍ ട്രെയിന്‍. ഹൈഡ്രജനും അന്തരീക്ഷത്തിലെ ഓക്‌സിജനും തമ്മിലുള്ള രാസപ്രവര്‍ത്തനത്തിലൂടെയാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുമ്പോള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നില്ല. ഇതിന്റെ ഉപോല്‍പ്പന്നമായി നീരാവിയും ചൂടും മാത്രമാണ് ഉണ്ടാകുന്നത്. മറ്റ് സാധാരണ ഇന്ധനങ്ങളെ അപേക്ഷിച്ച് ഹ്രൈഡജന് ഊര്‍ജ സാന്ദ്രത വളരെ കൂടുതലാണ്.
എങ്ങനെ പ്രവര്‍ത്തിക്കും?
പ്രോട്ടോണ്‍ എക്‌സ്‌ചേഞ്ച് മെംബ്രെയിന്‍ ഫ്യൂവല്‍ സെല്‍ (പി.ഇ.എം.എഫ്.സി) സാങ്കേതികവിദ്യയാണ് ട്രെയിനില്‍ ഉപയോഗിച്ചിരിക്കുന്നത്. ട്രെയിനിലെ ലിഥിയം ഫെറോ ഫോസ്‌ഫേറ്റ് (എല്‍.ഡി.പി) ബാറ്ററികള്‍ അധിക വൈദ്യുതി സംഭരിക്കും. ട്രെയിന്‍ വേഗം കൂട്ടുമ്പോള്‍ ഈ ബാറ്ററികള്‍ അധിക ഊര്‍ജം നല്‍കും. ബ്രേക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഊര്‍ജം വീണ്ടും ബാറ്ററിയില്‍ സംഭരിക്കുന്ന റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും ട്രെയിനിലുണ്ട്. ഇതിലൂടെ ഊര്‍ജ നഷ്ടം കുറയ്ക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും കഴിയും.
ഹൈഡ്രജന്‍ ട്രെയിന്‍ റൂട്ട്
ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ ട്രെയിന്‍ ജിന്‍ഡിനും സോനിപത്തിനും ഇടയിലാണ് ഓടുന്നത്. യാത്ര പൂര്‍ത്തിയാക്കാന്‍ രണ്ട് മണിക്കൂര്‍ എടുക്കും. ട്രെയിന്‍ നമ്പര്‍ 74010 എല്ലാ ദിവസവും രാവിലെ 7:40ന് ജിന്‍ഡില്‍ നിന്ന് പുറപ്പെട്ട് രാവിലെ 9:40ന് സോനിപത്തിലെത്തും. മടക്ക യാത്രയില്‍ ട്രെയിന്‍ നമ്പര്‍ 74009 രാവിലെ 10:40ന് സോനിപത്തില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:00ന് ജിന്‍ഡില്‍ എത്തും. 2 മണിക്കൂര്‍ 20 മിനിറ്റ് എടുക്കും.
ട്രെയിനിന്റെ പ്രധാന സവിശേഷതകള്‍ ?
10 കോച്ചുകളുള്ള ഹൈഡ്രജന്‍ ട്രെയിനില്‍ രണ്ട് ഹൈഡ്രജന്‍ ഡ്രൈവിംഗ് പവര്‍ കാറുകളും എട്ട് പാസഞ്ചര്‍ കോച്ചുകളും ഉള്‍പ്പെടുന്നു. ഏകദേശം 2,600 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ട്രെയിനിന് 3,200 എച്ച്.പി. (2,400 കിലോവാട്ട്) കരുത്തുണ്ട്. സര്‍വീസ് മണിക്കൂറില്‍ 75 കിലോമീറ്ററും പരമാവധി വേഗം 110 കിലോമീറ്ററുമാണ്. ഹരിയാനയിലെ 89 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജിന്ദ്-സോണിപത് റൂട്ടിലാണ് സര്‍വീസ്. ബ്രോഡ്‌ഗേജ് വിഭാഗത്തിലെ ലോകത്തിലെ ഏറ്റവും നീളമേറിയതും കരുത്തേറിയതുമായ ഹൈഡ്രജന്‍ ട്രെയിന്‍സെറ്റുമാണിത്.
ട്രെയിനിന് ആവശ്യമായ ഇന്ധനം ലഭ്യമാക്കാന്‍ ജിന്ദില്‍ ഇന്ത്യയിലെ ആദ്യ സമഗ്ര ഹൈഡ്രജന്‍ റെയില്‍വേ ഇക്കോസിസ്റ്റം ഒരുക്കിയിട്ടുണ്ട്. 3,000 കിലോഗ്രാം ഹൈഡ്രജന്‍ സംഭരിക്കാന്‍ ശേഷിയുള്ള കംപ്രഷന്‍, സംഭരണം, റീഫ്യൂവലിങ് സൗകര്യങ്ങളും ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദന സംവിധാനവും സജ്ജമാണ്. ഹൈഡ്രജന്‍ ചോര്‍ച്ച കണ്ടെത്തുന്ന സെന്‍സറുകള്‍, തീയും പുകയും തിരിച്ചറിയുന്ന ഡിറ്റക്ടറുകള്‍, സ്വയം പ്രവര്‍ത്തിക്കുന്ന ഷട്ട്ഡൗണ്‍ സംവിധാനം, ലോകോ പൈലറ്റിന് അടിയന്തര നിയന്ത്രണ സംവിധാനം, 24 മണിക്കൂര്‍ നിരീക്ഷണം തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെയാണ് ട്രെയിന്‍ പ്രവര്‍ത്തിക്കുന്നത്. ജര്‍മ്മനിയിലെ ടി.യു.വി, എസ്.യു.ഡി നടത്തിയ മൂന്നാം കക്ഷി സുരക്ഷാ പരിശോധനയും ട്രെയിന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ ഹൈഡ്രജന്‍ ട്രെയിന്‍
ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതോടെ ജര്‍മ്മനി, ജപ്പാന്‍, ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഹൈഡ്രജന്‍ റെയില്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും എത്തി. ഇന്ത്യന്‍ റെയില്‍വേയുടെ ഹരിത ഗതാഗത ലക്ഷ്യങ്ങള്‍ക്കും ദേശീയ ഗ്രീന്‍ ഹൈഡ്രജന്‍ മിഷനും നെറ്റ്‌സീറോ കാര്‍ബണ്‍ ലക്ഷ്യവും കൈവരിക്കുന്നതിലും ഈ പദ്ധതി നിര്‍ണായകമാകും.
ഈ പൈലറ്റ് പദ്ധതി വിജയകരമായാല്‍ ഭാവിയില്‍ രാജ്യത്തെ കൂടുതല്‍ റൂട്ടുകളിലേക്കും, പ്രത്യേകിച്ച് വൈദ്യുതീകരിക്കാത്ത റെയില്‍പാതകളിലേക്കും ഹൈഡ്രജന്‍ ട്രെയിനുകള്‍ വ്യാപിപ്പിക്കാനാണ് ഇന്ത്യന്‍ റെയില്‍വേയുടെ ലക്ഷ്യം. ഇതോടെ പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ഇന്ധനച്ചെലവ് കുറയ്ക്കാനും രാജ്യത്തിന്റെ ഊര്‍ജ സ്വയംപര്യാപ്തത വര്‍ധിപ്പിക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍.
Indian Railways has marked a new chapter in its history with the launch of India’s first indigenous hydrogen fuel train service.Prime Minister Narendra Modi flagged off the train today on the Jind-Sonipat route in Haryana.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."