രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്
കാർഡിഫ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ വിരമിക്കലിനെക്കുറിച്ച് ഉയർന്നുവന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാംഷു കോട്ടക്. രോഹിത്തിന് മേൽ ടീം മാനേജ്‌മെന്റ് യാതൊരുവിധ സമ്മർദ്ദവും ചെലുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ എട്ട് ഏകദിന മത്സരങ്ങളിൽ നിന്നായി 30.1 ശരാശരിയിലും 88.6 സ്‌ട്രൈക്ക് റേറ്റിലും 241 റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്. കാർഡിഫിൽ നടന്ന രണ്ടാം ഏകദിനത്തിൽ 47 പന്തിൽ 26 റൺസ് മാത്രം നേടി വിൽ ജാക്സിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായതോടെ താരത്തിന്റെ ഫോമിനെച്ചൊല്ലി വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം സെലക്ടർമാർ രോഹിത്തിനെ ഒഴിവാക്കുമെന്നും, ലോർഡ്‌സിൽ നടക്കുന്ന മൂന്നാം ഏകദിനം താരത്തിന്റെ കരിയറിലെ അവസാന മത്സരമായിരിക്കുമെന്നും പിടിഐ റിപ്പോർട്ട് ചെയ്തതോടെയാണ് വിരമിക്കൽ അഭ്യൂഹങ്ങൾ ശക്തമായത്. ഓപ്പണിങ് സ്ഥാനത്തേക്ക് യുവതാരങ്ങളായ യശസ്വി ജയ്‌സ്വാളിനെയോ ഇഷാൻ കിഷനെയോ പരിഗണിച്ചേക്കുമെന്നും വാർത്തകളുണ്ടായിരുന്നു.
എന്നാൽ, മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ഈ അഭ്യൂഹങ്ങളെയെല്ലാം സിതാംഷു കോട്ടക് പൂർണ്ണമായും തള്ളിക്കളഞ്ഞു.
'രോഹിത്തിനെപ്പോലൊരു താരത്തിന് സമ്മർദ്ദമില്ല' "
രോഹിത് ശർമയെപ്പോലൊരു വലിയ കളിക്കാരന് സമ്മർദ്ദം അനുഭവപ്പെടാൻ ഒരു സാധ്യതയുമില്ല. അത്തരം സമ്മർദ്ദങ്ങൾക്ക് വഴിപ്പെടാൻ മാത്രം ചെറിയ താരം അല്ല അദ്ദേഹം. ആദ്യത്തെ രണ്ട് മത്സരങ്ങളിൽ റൺസ് കണ്ടെത്താൻ സാധിച്ചില്ല എന്നത് വലിയൊരു പ്രശ്നമേയല്ല," കോട്ടക് പറഞ്ഞു.
മത്സരത്തിലെ രോഹിത്തിന്റെ മെല്ലെപ്പോക്കിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ബാറ്റിംഗ് കോച്ച് വ്യക്തമായ മറുപടി നൽകി. "പിച്ചിന്റെ പ്രത്യേകതകൾ കാരണം അദ്ദേഹം ബാറ്റിംഗിൽ ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല. ശുഭ്മാൻ ഗില്ലും വിരാട് കോഹ്‌ലിയും വേഗത്തിൽ റൺസ് കണ്ടെത്തിയപ്പോൾ, രോഹിത്തിന് അടിച്ചു കളിക്കാനുള്ള പന്തുകൾ ലഭിച്ചില്ല. ഇത് ഏത് മികച്ച ബാറ്റർക്കും സംഭവിക്കാവുന്ന കാര്യമാണ്. അതുകൊണ്ട് അദ്ദേഹം ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്ന് ഞാൻ പറയില്ല. ലോർഡ്‌സിൽ നടക്കാൻ പോകുന്ന അടുത്ത മത്സരത്തിൽ തീർത്തും വ്യത്യസ്തനായ, അക്രമണകാരിയായ രോഹിത് ശർമയെ നമുക്ക് കാണാൻ സാധിക്കും," കോട്ടക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര നിലവിൽ 1-1 എന്ന നിലയിൽ സമനിലയിലാണ്. അതുകൊണ്ടുതന്നെ ജൂലൈ 19 ഞായറാഴ്ച ലോർഡ്‌സിൽ നടക്കുന്ന നിർണ്ണായകമായ മൂന്നാം ഏകദിന മത്സരം പരമ്പര സ്വന്തമാക്കാനും വിമർശകരുടെ വായടപ്പിക്കാനും രോഹിത് ശർമയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."