'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ പെരുമാറ്റവും ആശയവിനിമയവും മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള ഡോക്ടർമാർ ഒഴികെയുള്ള ജീവനക്കാർക്കാണ് പരിശീലനം നൽകുക. ഇതുസംബന്ധിച്ച അടിയന്തര നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
ആശുപത്രി ജീവനക്കാരുടെ മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പാളിച്ചകൾ എന്നിവയെക്കുറിച്ച് രോഗികളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ തിരുത്തൽ നടപടി. രണ്ട് മാസത്തിനുള്ളിൽ നിർദിഷ്ട ജീവനക്കാരെല്ലാം പരിശീലനം പൂർത്തിയാക്കണമെന്ന് മന്ത്രി കർശന നിർദേശം നൽകി.
പരിശീലനം ഇപ്രകാരം:
ആർക്കൊക്കെ: സർക്കാർ മെഡിക്കൽ കോളജുകൾ, ജില്ലാ-ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, മോഡൽ ആശുപത്രികൾ, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക്.
മെഡിക്കൽ കോളജ് ജീവനക്കാർക്ക്: ഓരോ ജില്ലയിലെയും സർക്കാർ മെഡിക്കൽ കോളജിൽ നിന്ന് നാല് ഉദ്യോഗസ്ഥരെ വീതം തിരഞ്ഞെടുത്ത് 'അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്റർ' മുഖേന മാസ്റ്റർ ട്രെയിനർമാരായി വളർത്തിയെടുക്കും. ഇവരായിരിക്കും അതത് സ്ഥാപനങ്ങളിൽ പരിശീലനം നൽകുക.
മറ്റ് ആശുപത്രി ജീവനക്കാർക്ക്: ജില്ലാ, താലൂക്ക് തല ആശുപത്രികളിലെ മാസ്റ്റർ ട്രെയിനർമാർക്ക് 'സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ' (SIHFW) മുഖേന പരിശീലനം നൽകും. തുടർന്ന് ഇവർ ജില്ലാ-സ്ഥാപന തലങ്ങളിൽ ക്ലാസുകൾ നയിക്കും. ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ 10 പേരടങ്ങുന്ന ബാച്ചുകളായായിരിക്കും 10 ദിവസത്തെ പരിശീലനം.
രോഗികളുമായും സന്ദർശകരുമായും ആദ്യം സമ്പർക്കത്തിൽ വരുന്ന സുരക്ഷാ ജീവനക്കാരുടെ (സെക്യൂരിറ്റി) പരിശീലനത്തിന് പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. താൽക്കാലിക, കരാർ, ഔട്ട്സോഴ്സിങ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ ജീവനക്കാരും ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കൽ നിർബന്ധമാണ്.
പരിശീലനം പൂർത്തിയാക്കാത്ത ഒരു സുരക്ഷാ ജീവനക്കാരനെയും ആശുപത്രികളിൽ ജോലിയിൽ പ്രവേശിക്കാനോ തുടരാനോ അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
The Kerala government, under the leadership of minister K. Muraleedharan, has introduced a strict new code of conduct for government hospital staff. Under these guidelines, strict disciplinary action will be taken against anyone who mistreats patients or their bystanders, aiming to ensure a more compassionate and professional healthcare environment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."