'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആഹാരം നൽകുന്നതിന് സർക്കാർ എതിരല്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഡിവൈഎഫ്ഐ നൽകിവരുന്ന പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി വാർത്താക്കുറിപ്പ് ഇറക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം താൻ നടത്തിയ പരാമർശം ആലപ്പുഴ മെഡിക്കൽ കോളേജിലെ സവിശേഷ സാഹചര്യവുമായി ബന്ധപ്പെട്ടതാണെന്നും അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ഭക്ഷണം നൽകുന്നതിന്റെ പേരിൽ ചില സംഘടനകൾ സംഘടിതമായി സ്ഥലം കൈയേറിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഇത്തരം കൈയേറ്റങ്ങളോട് മാത്രമാണ് സർക്കാരിന് എതിർപ്പുള്ളത്, അല്ലാതെ ആഹാരം കൊടുക്കുന്നതിനല്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഈ മേഖലയിൽ സർക്കാർ ഇടപെടൽ നടത്തുന്നത്.
ആലപ്പുഴ മെഡിക്കൽ കോളേജിലെ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൃത്യമായി ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവിടെ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്. പാവപ്പെട്ടവർക്ക് ആഹാരം ലഭിക്കണം എന്നതുമാത്രമാണ് സർക്കാരിന്റെ താല്പര്യം. ആഹാരത്തിന് രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ല. സർക്കാർ ആരംഭിക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ പദ്ധതിയുമായി എല്ലാവരും സഹകരിക്കണം. ആഹാരം ആര് നൽകുന്നു എന്നതല്ല, അത് അർഹരായവർക്ക് തടസ്സമില്ലാതെ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് പ്രധാനം.
ആശുപത്രിയിലെത്തുന്ന പാവപ്പെട്ട ജനങ്ങൾക്ക് ആഹാരം ഉറപ്പാക്കുന്നതിനൊപ്പം മെഡിക്കൽ കോളേജിന്റെ വികസനവും സുഗമമായ പ്രവർത്തനവും സംരക്ഷിക്കാൻ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
Kerala Health Minister k muraleedharan clarified that the government does not oppose the charitable distribution of free food packets (pothichoru) at hospitals. However, the government strongly objects to the unauthorized encroachment and occupation of public hospital land under the guise of conducting these food distribution drives.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."