അവര്‍ക്കൊപ്പം ഒരു കാലവും പോയി
സ്റ്റേഡിയങ്ങളിലെ ആരവങ്ങള്‍ പതുക്കെ നിലച്ചു. നഗരങ്ങളുടെ തെരുവുകളില്‍നിന്ന് പതാകകള്‍ അഴിച്ചുമാറ്റി. മാസങ്ങളോളം ഫുട്‌ബോളിനായി ശ്വാസമെടുത്ത അമേരിക്ക പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി. പക്ഷേ, ലോകകപ്പ് ഇപ്പോഴും അവസാനിച്ചിട്ടില്ല. കുറഞ്ഞത് ചില ഫുട്‌ബോള്‍ ആരാധകരുടെ മനസ്സിലെങ്കിലും.
കാരണം 2026 ലോകകപ്പ് ഒരു ടൂര്‍ണമെന്റ് മാത്രമായിരുന്നില്ല. അത് ഒരു തലമുറയുടെ വിടപറയല്‍ കൂടിയായിരുന്നു.ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ മൂന്ന് താരങ്ങളുടെ അവസാന ലോകകപ്പ് മത്സരങ്ങള്‍ ഒരേ ടൂര്‍ണമെന്റില്‍ നേരില്‍ കാണാന്‍ കഴിഞ്ഞു എന്നതാണ് അമേരിക്കന്‍ ലോകകപ്പില്‍നിന്ന് ലഭിച്ച ഏറ്റവും വലിയ ഓര്‍മ.
നെയ്മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി മൂന്ന് പേരുകള്‍. പക്ഷേ ഒരു തലമുറയുടെ മുഴുവന്‍ ഫുട്‌ബോള്‍ ചരിത്രം ആ മൂന്ന് പേരുകളില്‍ ഒതുങ്ങുന്നു.അവരുടെ ഗോളുകള്‍ക്കൊപ്പം വളര്‍ന്നവര്‍. അവരുടെ ഡ്രിബിളുകള്‍ക്കൊപ്പം സ്വപ്നം കണ്ടവര്‍. അവര്‍ ജയിച്ചപ്പോള്‍ ആഘോഷിക്കുകയും അവര്‍ തോറ്റപ്പോള്‍ നിശബ്ദരാവുകയും ചെയ്ത കോടിക്കണക്കിന് ആരാധകര്‍. ഇനി അവര്‍ ലോകകപ്പ് മൈതാനത്ത് ഉണ്ടാകില്ല. ഈ യാഥാര്‍ഥ്യം അംഗീകരിക്കുമ്പോഴാണ് മനസിലാകുന്നത്-അമേരിക്കന്‍ ലോകകപ്പില്‍ ഞാന്‍ കണ്ടത് ഫുട്‌ബോള്‍ മത്സരങ്ങള്‍ മാത്രമായിരുന്നില്ല. ചരിത്രം അവസാനിക്കുന്നത് കൂടിയായിരുന്നു.
പെലെയുടെ നാട്ടില്‍ ജനിച്ച നെയ്മര്‍ ബ്രസീലിയന്‍ ഫുട്‌ബോളിന്റെ പഴയ ആത്മാവിനെ പുതിയ കാലത്തേക്ക് കൊണ്ടുവന്ന കലാകാരനായിരുന്നു. തെരുവ് ഫുട്‌ബോളിന്റെ സ്വാതന്ത്ര്യം കാലുകളില്‍ സൂക്ഷിച്ചവന്‍. ഫുട്‌ബോള്‍ ആദ്യം ഒരു കളിയാണെന്ന് ലോകത്തെ വീണ്ടും ഓർമിപ്പിച്ചവന്‍. പക്ഷേ നോര്‍വേക്കെതിരായ ആ രാത്രി ബ്രസീലിന് ആഘോഷിക്കാനായില്ല. നെയ്മറിന്റെ കണ്ണുനീര്‍ വീണപ്പോള്‍ ന്യൂയോര്‍ക്കിലെ ആ രാത്രിയില്‍ ഒരു മത്സരം മാത്രമല്ല അവസാനിച്ചത്. അവനൊപ്പം വളര്‍ന്ന ഒരു തലമുറയുടെ ബാല്യവും അവിടെ പതിയെ അവസാനിക്കുകയായിരുന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന ലോകകപ്പ് മത്സരം ഡല്ലസിലായിരുന്നു.സ്‌പെയിനായിരുന്നു എതിരാളി. 40 വയസ് പിന്നിട്ടിട്ടും ലോകകപ്പ് മൈതാനത്ത് പന്തുമായി ഇറങ്ങിയ മനുഷ്യന്‍. പലരും കരിയര്‍ അവസാനിപ്പിക്കുന്ന പ്രായത്തില്‍ ക്രിസ്റ്റ്യാനോ വീണ്ടും ലോകത്തിന്റെ ഏറ്റവും വലിയ വേദിയിലെത്തി. പ്രായം മതിയെന്ന് പറഞ്ഞെങ്കിലും അദ്ദേഹം സ്വപ്‌നത്തിന് പിറകെ ഓടി. ഒരിക്കല്‍ ലോകത്തെ മുഴുവന്‍ ഭയപ്പെടുത്തിയ ആ മനുഷ്യന്‍ അന്ന് തോല്‍വിക്ക് മുന്നില്‍ നിശ്ശബ്ദനായി നിന്നു.
ഫുട്‌ബോള്‍ എപ്പോഴും നമ്മോട് നല്ലത് മാത്രം ചെയ്യുമെന്ന് വിശ്വസിക്കരുത്. ഫുട്‌ബോള്‍ ചിലപ്പോള്‍ നമ്മളോട് ക്രൂരത കാട്ടും. അങ്ങനെ, ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ പോരാളികളിലൊരാളുടെ ലോകകപ്പ് യാത്രയും കണ്ണീരിന്റെ നിഴലിലാണ് അവസാനിച്ചത്. മെസിയുടെ കളി വിവരിക്കാന്‍ വാക്കുകള്‍ പോരാ. അവന്‍ പന്തുമായി മുന്നേറുമ്പോള്‍ സമയം പതുക്കെയാകുന്നതുപോലെ തോന്നും. മറ്റുള്ളവര്‍ ഓടും .മെസി ഒഴുകും. മറ്റുള്ളവര്‍ പന്തിനെ നിയന്ത്രിക്കും.മെസി പന്തിനൊപ്പം ജീവിക്കും. അവന്റെ ഇടതുകാലില്‍ ഒരു തലമുറയുടെ ഓര്‍മകളുണ്ടായിരുന്നു. തോല്‍വികളുടെ വേദന. വിമര്‍ശനങ്ങളുടെ കയ്പ്. വിജയങ്ങളുടെ മധുരം. ഒടുവില്‍ ലോകകപ്പ് ഉയര്‍ത്തിയ ക്യാപ്റ്റന്റെ കണ്ണുനീര്‍.
മത്സരശേഷം കണ്ട ഒരു ദൃശ്യം ആ ഫൈനലിന്റെ മുഴുവന്‍ കഥയെക്കാളും വലുതായിരുന്നു. സ്‌പെയിന്‍ താരങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ആ ആഘോഷങ്ങളുടെ നടുവില്‍ ഒരു വശത്ത് നിശബ്ദനായി മെസി. പക്ഷേ ആ നിശബ്ദതയ്ക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. 'നിങ്ങള്‍ക്കായി ഞാന്‍ എല്ലാം നല്‍കി.നിങ്ങളോടൊപ്പം ഞാന്‍ ഉയര്‍ന്നു.നിങ്ങളോടൊപ്പം ഞാന്‍ വീണു. ഇന്ന് നിങ്ങള്‍ക്കായി ജയിക്കാനായില്ല. ക്ഷമിക്കണം. ഒരുപക്ഷേ, ആ നില്‍പ്പിന്റെ അര്‍ഥം അതായിരുന്നു. തന്റെ കരിയറിലുടനീളം കെട്ടിപ്പടുത്ത വിജയസാമ്രാജ്യം ആരാധകര്‍ക്ക് സമര്‍പ്പിച്ച ഒരു രാജാവ്, തോല്‍വിയുടെ രാത്രിയില്‍ തന്റെ ജനങ്ങളെ അവസാനമായി നോക്കിനില്‍ക്കുന്നതുപോലെ. മെസിയുടെ ആ നിശബ്ദതയ്ക്ക് വാക്കുകളേക്കാള്‍ വലിയ ശബ്ദമുണ്ടായിരുന്നു.
പെലെയ്ക്കും മറഡോണയ്ക്കും ശേഷം ഫുട്‌ബോള്‍ ചരിത്രത്തില്‍ ചില താരങ്ങള്‍ മാത്രമേ ഒരു കാലഘട്ടത്തെ നിര്‍വചിച്ചിട്ടുള്ളൂ. പെലെ ഫുട്‌ബോളിനെ ലോകത്തിന്റെ ഭാഷയാക്കി. മറഡോണ ഫുട്‌ബോളിനെ ഒരു ജനതയുടെ വികാരമാക്കി. അതുകൊണ്ടാണ് അവരുടെ വിടപറയല്‍ ഒരു സാധാരണ വിരമിക്കലായി തോന്നാത്തത്. അവര്‍ പോയപ്പോള്‍ ഒരു കാലം കൂടി പോയി. ഇനി എത്രകാലം കാത്തിരിക്കണം? ഇതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചോദ്യം.അടുത്ത മെസി ആരായിരിക്കും?അടുത്ത ക്രിസ്റ്റ്യാനോ ആരായിരിക്കും?അടുത്ത നെയ്മര്‍ ആരായിരിക്കും? അടുത്ത മറഡോണ?അടുത്ത പെലെ?ഒരുപക്ഷേ, ഇപ്പോള്‍ ലോകം അറിയാത്ത ഒരു ചെറിയ കുട്ടി ഏതോ മൈതാനത്ത് പന്തുമായി ഓടുന്നുണ്ടാകാം.
നൂറ്റാണ്ടില്‍ മാത്രം സംഭവിക്കുന്ന ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ അവസാന മത്സരങ്ങള്‍ നേരില്‍ കണ്ടു എന്നതാണ് അമേരിക്കന്‍ ലോകകപ്പിലെ എന്റെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."