വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി
ന്യൂഡല്‍ഹി: വഖ്ഫ് ബോര്‍ഡ് സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി സുപ്രിം കോടതി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തിയാണ് സുപ്രിം കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരവിന്റെ അവസാന വരിയാണ് കോടതി തിരുത്തിയത്. അഡ്മിനിസ്‌ട്രേറ്റര്‍ വേണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡ് സെക്രട്ടറിക്ക് എക്‌സ് ഒഫീഷ്യോ അംഗമായി തുടരാമെന്ന് കോടതി വ്യക്തമാക്കി.
ബി.ജെ.പി നേതാവിന്റെ ഹരജിയില്‍ കേരള വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമായി നിര്‍ത്തിവെപ്പിച്ച കേരള ഹൈകോടതി നടപടിക്കെതിരെ സംസ്ഥാന വഖഫ് ബോര്‍ഡാണ് ഹരജി സമര്‍പ്പിച്ചത്. ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന് കേരള വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ ചിദംബരേഷും സുഭാഷ് ചന്ദ്രനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഹരജി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.
ഈ മാസം 15ന് കേരള ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരെയാണ് വഖഫ് ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചത്. പുതിയ വഖഫ് നിയമം കര്‍ക്കശമായി പാലിച്ച് സംസ്ഥാന സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങിയിട്ടുണ്ടെന്ന് ബോധിപ്പിച്ച കേരള സര്‍ക്കാറും ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ടതാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബോര്‍ഡില്‍ രണ്ട് അമുസ്‌ലിം അംഗങ്ങളെ നിയമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഏകീകൃത വഖഫ് പരിപാലന നിയമത്തിന്റെ 14 (1) വകുപ്പ് ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ആരോപിച്ച് ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹരജിയാണ് ഇടക്കാല വിധിക്ക് കാരണമെന്നും വഖഫ് ബോര്‍ഡ് ഹരജിയില്‍ വ്യക്തമാക്കി. എന്നാല്‍ എല്ലാ അംഗങ്ങളെയും ഒരുമിച്ച് നിയമിക്കണമെന്ന് ഏകീകൃത വഖഫ് നിയമത്തില്‍ പറയുന്നില്ലെന്നും ബോര്‍ഡ് ഹരജിയില്‍ ബോധിപ്പിച്ചു. ഏതെങ്കിലും അംഗത്തിന്റെ ഒഴിവോ അഭാവമോ വഖഫ് ബോര്‍ഡ് എടുക്കുന്ന തീരുമാനങ്ങളെ അസാധുവാക്കില്ലെന്ന് പ്രസ്തുത നിയമത്തിന്റെ 22-ാം വകുപ്പില്‍ ഉണ്ടെന്നും അതിനാല്‍ തന്നെ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും മൂലധന ചെലവ് നടത്തുന്നതില്‍ നിന്നും തെറ്റായ വിധിയിലൂടെയാണ് ഹൈക്കോടതി തങ്ങളെ തടഞ്ഞിരിക്കുന്നതെന്നും ബോര്‍ഡ് ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."