മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് കാസെമിറോ ഇന്റർ മയാമിയിൽ; പിന്നാലെ നിയമലംഘന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് എം.എൽ.എസ്
മയാമി:മാഞ്ചസ്റ്റർ യുണൈറ്റഡിലെ നാല് വർഷത്തെ സേവനത്തിനു ശേഷം കരാർ അവസാനിച്ച ബ്രസീലിയൻ മിഡ്‌ഫീൽഡർ കാസെമിറോ സൗജന്യ ട്രാൻസ്ഫറിൽ (Free Agent) മേജർ ലീഗ് സോക്കർ (MLS) ക്ലബ്ബായ ഇന്റർ മയാമിയിൽ ചേർന്നു. ലയണൽ മെസ്സി, റോഡ്രിഗോ ഡി പോൾ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന മയാമി നിരയിലേക്ക് 34-കാരനായ കാസെമിറോ കൂടി എത്തിയതോടെ ക്ലബ്ബിന്റെ മധ്യനിര കൂടുതൽ കരുത്തുറ്റതായി.
എന്നാൽ, താരത്തെ ടീമിലെത്തിച്ച നടപടിക്രമങ്ങളിൽ അഴിമതിയും കരാർ ലംഘനവും (Tampering) ആരോപിക്കപ്പെട്ടതിനെ തുടർന്ന് മേജർ ലീഗ് സോക്കർ അന്വേഷണം പ്രഖ്യാപിച്ചു.
എന്താണ് 'ഡിസ്കവറി റൈറ്റ്സ്' വിവാദം?
എം.എൽ.എസ് (MLS) ലീഗിന്റെ പ്രത്യേക 'ഡിസ്കവറി റൈറ്റ്സ്' (Discovery Rights) ചട്ടങ്ങളുമായി ബന്ധപ്പെട്ടാണ് നിലവിലെ അന്വേഷണം നടക്കുന്നത്. ലീഗിന് പുറത്തുള്ള ഒരു താരവുമായി ഔദ്യോഗിക ചർച്ചകൾ നടത്തുന്നതിന് മുമ്പ് ഏതെങ്കിലും ഒരു ക്ലബ്ബ് അതാത് താരത്തിന്റെ 'ഡിസ്കവറി റൈറ്റ്സ്' സ്വന്തമാക്കിയിരിക്കണം എന്നാണ് നിയമം.
കാസെമിറോയുടെ ഡിസ്കവറി അവകാശങ്ങൾ മുൻപ് ലോസ് ഏഞ്ചൽസ് ഗാലക്സി (LA Galaxy) കൈവശം വച്ചിരുന്നതായിരുന്നു. എൽ.എ ഗാലക്സിയുമായി ധാരണയിലെത്തി നഷ്ടപരിഹാരം നൽകിയാണ് തങ്ങൾ മുൻഗണനാ അവകാശം നേടിയതെന്ന് ഇന്റർ മയാമി വ്യക്തമാക്കുന്നു.
മുൻഗണനാ അവകാശം നേടുന്നതിന് മുൻപ് തന്നെ ഇന്റർ മയാമി താരവുമായി അനധികൃത ചർച്ചകൾ നടത്തിയിരുന്നോ എന്നാണ് എം.എൽ.എസ് പരിശോധിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നതുവരെ മറ്റ് പ്രതികരണങ്ങൾക്കില്ലെന്ന് ലീഗ് അറിയിച്ചു.
ക്ലബ്ബ് ഉടമകളുടെ പ്രതികരണം
കാസെമിറോയുടെ വരവ് ക്ലബ്ബിന്റെ ലക്ഷ്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഇന്റർ മിയാമി മാനേജിംഗ് ഉടമ ജോർജ് മാസ് വ്യക്തമാക്കി."ഇന്റർ മിയാമിയെ നിർവചിക്കുന്ന വലിയ കാഴ്ചപ്പാടുകളെയും അഭിലാഷങ്ങളെയുമാണ് കാസെമിറോയുടെ വരവ് പ്രതിഫലിപ്പിക്കുന്നത്. എല്ലാ സീസണിലും മികച്ച നിലവാരം പുലർത്താനും അമേരിക്കയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ മുൻനിര ശക്തിയായി മാറാനുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്." മയാമി മാനേജിംഗ് ഉടമ ജോർജ് മാസ് പറഞ്ഞു.
ഡേവിഡ് ബെക്കാമും ബ്രസീലിയൻ താരത്തിന്റെ വരവിനെ സ്വാഗതം ചെയ്തു:
"ഫുട്ബോളിൽ വലിയ നേട്ടങ്ങൾ കൊയ്ത യഥാർത്ഥ വിജയിയാണ് അദ്ദേഹം. റയൽ മാഡ്രിഡിലും മാഞ്ചസ്റ്റർ യുണൈറ്റഡിലും തിളങ്ങിയ കാസെമിറോ മയാമിയെ തന്റെ അടുത്ത താവളമാക്കാൻ തീരുമാനിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന്." മയാമി സഹ-ഉടമയായ ഡേവിഡ് ബെക്കാം പറഞ്ഞു.
കാസെമിറോയുടെ പ്രതികരണം & കരിയർ
ഒരു കളിക്കാരനെന്ന നിലയിൽ ഇനിയും വിജയിക്കാനും വളരാനുമുള്ള ആഗ്രഹമാണ് മിയാമിയിലെത്തിച്ചതെന്ന് കാസെമിറോ പ്രതികരിച്ചു. ക്ലബ്ബ് തനിക്ക് മുന്നിൽ അവതരിപ്പിച്ച പദ്ധതികളിൽ ഏറെ സന്തോഷവാനാണെന്നും താരം കൂട്ടിച്ചേർത്തു.
ബ്രസീലിനായി 91 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട് താരം. റയൽ മാഡ്രിഡിനൊപ്പം 5 യുവേഫ ചാമ്പ്യൻസ് ലീഗ് (UEFA Champions League) കിരീടങ്ങളും 3 ലാ ലിഗ കിരീടങ്ങളും നേടിയിട്ടുണ്ട്. മുൻപ് എം.എൽ.എസ് കപ്പ് സ്വന്തമാക്കുകയും അടുത്തിടെ പുതിയ സ്റ്റേഡിയത്തിലേക്ക് മാറുകയും ചെയ്ത ഇന്റർ മിയാമി, കാസെമിറോയുടെ വരവോടെ ലീഗിലെ ഏറ്റവും താരനിബിഡമായ ക്ലബ്ബായി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."