ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു
മനാമ: ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണങ്ങളുടെ പേരില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജി) നിയമനടപടി സ്വീകരിക്കണമെന്ന് ബഹ്‌റൈന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. ആക്രമണത്തില്‍ ജീവനും സ്വത്തിനും നഷ്ടമുണ്ടായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ദേശീയ നഷ്ടപരിഹാര ഫണ്ട് രൂപവത്കരിക്കണമെന്നും, ഇറാന്റെ മരവിപ്പിച്ച വിദേശ ആസ്തികളില്‍നിന്ന് ലഭ്യമാകുന്ന നഷ്ടപരിഹാരം ഇതിനായി വിനിയോഗിക്കണമെന്നും കമ്മിഷന്‍ പുറത്തിറക്കിയ സമഗ്ര റിപ്പോര്‍ട്ടില്‍ പറയുന്നു..
ഫെബ്രുവരി 28 മുതല്‍ ജൂണ്‍ 11 വരെ ബഹ്‌റൈനെ ലക്ഷ്യമിട്ട് നടന്ന ഇറാന്റെ വ്യോമാക്രമണങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്കും അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ക്കുമുണ്ടാക്കിയ പ്രത്യാഘാതങ്ങളാണ് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്. മരണങ്ങള്‍, കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്ന കേന്ദ്രങ്ങള്‍ക്കും സുപ്രധാന അടിസ്ഥാനസൗകര്യങ്ങള്‍ക്കും സംഭവിച്ച നാശനഷ്ടങ്ങള്‍ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍, ഔദ്യോഗിക രേഖകള്‍, സ്ഥിതിവിവരക്കണക്കുകള്‍, അഭിമുഖങ്ങള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
റിപ്പോര്‍ട്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് സമര്‍പ്പിച്ചതായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയ്ക്കും ഐക്യരാഷ്ട്രസഭയ്ക്കും യു.എന്‍. മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ ഓഫീസിനും മറ്റ് അന്താരാഷ്ട്ര സംഘടനകള്‍ക്കും കൈമാറുമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ അലി അല്‍ദെറാസി അറിയിച്ചു. ഇറാന്റെ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ജൂണ്‍ 11ന് ശേഷമുള്ള സംഭവങ്ങളും ഉള്‍പ്പെടുത്തി രണ്ടാമത്തെ റിപ്പോര്‍ട്ടും തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവിക്കാനുള്ള അവകാശം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, വ്യക്തിസുരക്ഷ, യാത്രാസ്വാതന്ത്ര്യം, മതിയായ ജീവിതനിലവാരം, ആരോഗ്യകരമായ പരിസ്ഥിതി, ഡിജിറ്റല്‍ അവകാശങ്ങള്‍, സാംസ്‌കാരിക അവകാശങ്ങള്‍ എന്നിവ ഉള്‍പ്പെടെ 11 അടിസ്ഥാന മനുഷ്യാവകാശ മേഖലകളില്‍ ആക്രമണങ്ങള്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളാണ് റിപ്പോര്‍ട്ടില്‍ പരിശോധിക്കുന്നത്.
ആക്രമണഘട്ടങ്ങളില്‍ വ്യോമകര ഗതാഗതം തടസ്സപ്പെട്ടാലും യാത്രയും അവശ്യവസ്തു വിതരണവും ഉറപ്പാക്കാന്‍ ബഹ്‌റൈനെയും അയല്‍രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന സ്ഥിരം കാര്‍ ഫെറി സര്‍വീസ് ആരംഭിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍കൂര്‍ മുന്നറിയിപ്പും അടിയന്തര പ്രതികരണ സംവിധാനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുക, സുരക്ഷാ ബോധവല്‍ക്കരണം വ്യാപിപ്പിക്കുക, ഔദ്യോഗിക മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും എല്ലാ താമസക്കാരിലേക്കും വിവിധ സാങ്കേതികമാധ്യമ സംവിധാനങ്ങളിലൂടെ സമയബന്ധിതമായി എത്തിക്കുക എന്നിവയും റിപ്പോര്‍ട്ടിന്റെ പ്രവര്‍ത്തനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
English Summary: Bahrain's National Institution for Human Rights has recommended initiating legal proceedings against Iran at the International Court of Justice (ICJ) over attacks targeting Bahrain. The commission also proposed establishing a national compensation fund for victims, financed through compensation recovered from Iran's frozen foreign assets.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."