അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍
സമയം ഏതാണ്ട് ചൊവ്വാഴ്ച വൈകുന്നേരം.. റാം മനോഹര്‍ ലോഹിയ ആശുപത്രിയിലെ അഞ്ചാം നിലയിലുള്ള ഐ.സി.യുവിന് (ICU) പുറത്തെ ഇടനാഴി ശാന്തമായിരുന്നു.
വാര്‍ഡിന്റെ വാതിലുകള്‍ ഓരോ കുറച്ച് മിനിറ്റിലും തുറന്നടഞ്ഞുകൊണ്ടിരുന്നു. പുറത്തെ പടിപ്പുരയില്‍ രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ ഇരിപ്പുണ്ടായിരുന്നു ഒരാള്‍ ഫോണില്‍ റീലുകള്‍ നോക്കുകയായിരുന്നു. മറ്റേയാള്‍ കൈവരിയില്‍ ചാരിനില്‍ക്കുകയായിരുന്നു. ഇടനാഴിയിലുടനീളം മറ്റ് രോഗികളുടെ സഹായികള്‍ പടികളില്‍ ഇരിക്കുന്നു. ഓരോ തവണ ഒരു നഴ്‌സോ ഡോക്ടറോ വാര്‍ഡ് അറ്റന്‍ഡന്റോ വാതിലിലൂടെ പുറത്തുവരുമ്പോഴും അവര്‍ തങ്ങളുടെ സംസാരം നിര്‍ത്തി നോക്കിക്കൊണ്ടിരുന്നു.
ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരമനുസരിച്ച്, തിങ്കളാഴ്ച സി.ജെ.പി പ്രതിഷേധത്തിന് നേരെ പൊലിസ് നടത്തിയ നടപടിയെ തുടര്‍ന്ന് ഏകദേശം 230 ആളുകളെയാണ് ഇവിടെ ചികിത്സയ്ക്കായി എത്തിച്ചത്. ചൊവ്വാഴ്ച രാവിലെയോടെ ഭൂരിഭാഗം പേരും ആശുപത്രി വിട്ടെങ്കിലും, പ്രതിഷേധക്കാരില്‍ ഒരാള്‍ മാത്രം ഐ.സി.യുവില്‍ ബാക്കിയായി. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിദ്യാര്‍ഥിയായ 21 കാരി സാക്ഷി.
തിങ്കളാഴ്ചയ്ക്ക് ശേഷം ഐ.സി.യുവിന് പുറത്തെ അന്തരീക്ഷം തന്നെ മാറിയതായി രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നു.
ഒരു ദിവസം മുന്‍പ് വരെ ബന്ധുക്കള്‍ക്ക് അഞ്ചാം നിലയിലേക്ക് താരതമ്യേന എളുപ്പത്തില്‍ വരാനും പോകാനും കഴിഞ്ഞിരുന്നു. എന്നാല്‍ സാക്ഷിയെ പ്രവേശിപ്പിച്ചതിനുശേഷം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്- അവര്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍, നിശ്ചിത സന്ദര്‍ശന സമയങ്ങളില്‍ ആശുപത്രി ജീവനക്കാര്‍ വിളിക്കുമ്പോള്‍ മാത്രമാണ് സഹായികള്‍ക്ക് ഉള്ളിലേക്ക് പ്രവേശനം ലഭിക്കുന്നത്.
'മുമ്പ് ഞങ്ങളുടെ പ്രിയപ്പെട്ടവരെ കാണാന്‍ വളരെ എളുപ്പമായിരുന്നു,' അപസ്മാരം ബാധിച്ച് കഴിഞ്ഞ എട്ട് ദിവസമായി അമ്മ ഐ.സി.യുവില്‍ കഴിയുന്ന ഒരു സഹായി പറഞ്ഞു. 'ഇപ്പോള്‍ കാര്യങ്ങളെല്ലാം കര്‍ശനമാക്കി. ആശുപത്രി അധികൃതര്‍ അനുവദിച്ചാല്‍ മാത്രമാണ് ആരെയും ഉള്ളിലേക്ക് കടത്തിവിടുന്നത്.'
സാക്ഷിയുടെ കുടുംബവും ഇതേ ഇടനാഴിയില്‍ കാത്തിരിക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ആശുപത്രിയില്‍ രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയതാണ് അവര്‍. താന്‍ ഉറങ്ങിയിട്ടില്ല- അവളുടെ സഹോദരന്‍ മനീഷ് പറഞ്ഞു.
'അവള്‍ ഡല്‍ഹി കാണാനാണ് വന്നത്,' അവന്‍ പറഞ്ഞു. 'പിന്നീട് ആശുപത്രിയില്‍ നിന്നാണ് ഞങ്ങള്‍ വിവരമറിയുന്നത്.'
അതിനിടെ സാക്ഷിയുടെ അമ്മ ഐ.സിയുവില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നു. മഞ്ഞ വസ്ത്രമണിഞ്ഞ്, തല ദുപ്പട്ട കൊണ്ട് മറച്ച അവര്‍ താഴേക്ക് നോക്കിക്കൊണ്ട് പതുക്കെ ലിഫ്റ്റിലേക്ക് നടന്നു. ചുറ്റുപാടുമുല്‌ള ആരോടും അവര്‍ സംസാരിക്കുന്നില്ല. നോക്കുന്നു പോലുമില്ല. അതിനൊന്നും അവര്‍ക്ക് അനുവാദമില്ല എന്നതുപോലെ. അതിനിടക്ക് എപ്പോഴോ അവര്‍ സ്വയം വിതുമ്പുന്നുണ്ട്. തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്തുന്നില്ല എന്നൊക്കെ ഡോക്ടര്‍മാര്‍ പറയുന്നു..എനിക്കൊന്നുമറിയില്ല.
മൂന്ന് ദിവസമായി അത്യാഹിത വിഭാഗത്തിനു മുന്നില്‍ കാത്തിരിക്കുകയാണ് സാക്ഷിയുടെ ബന്ധുക്കള്‍. സാക്ഷിക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്ത സഹോദരി പരുക്കേറ്റ് വീട്ടിലാണ്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ സാധ്യതയുള്ള ഒരുവാക്ക് പോലും അവരില്‍ വരാതിരിക്കാന്‍ പൊലിസ് ജാഗരൂകരാണ്.
മാധ്യമശ്രദ്ധയില്‍ വരാതിരിക്കാന്‍ ഇന്നലെ ഇവരെ ഐസിയുവിനുള്ളിലെ പ്രത്യേക മുറിയിലേക്കു മാറ്റിയിരുന്നു. ആശുപത്രി രേഖകളില്‍ അജ്ഞാത എന്നാണ് സാക്ഷിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സാക്ഷി സംസാരിക്കുന്നുണ്ടെന്നും വെന്റിലേറ്ററില്‍നിന്ന് ഉടന്‍ മാറ്റുമെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ അവരുടെ സ്ഥിതി വഷളാണെന്നു ചികിത്സിക്കുന്ന ടീമിലെ അംഗങ്ങള്‍ തന്നെ രഹസ്യമായി അറിയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
authorities say the woman injured during the jantar mantar violence is stable, but her family has reportedly been restricted from speaking publicly as heavy police security remains in place at the hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."