കൊലപാതകവും ബീഫ് റെയ്ഡും നിസാരസംഭവങ്ങളെന്ന് ഹരിയാന മുഖ്യമന്ത്രി
ഗുഡ്ഗാവ്: ഹരിയാനയിലെ അനിഷ്ടസംഭവങ്ങളെ നിസാരവല്‍ക്കരിച്ച് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ രംഗത്ത്.
മേവാത്തില്‍ ഗോമാംസത്തിന്റെ പേരിലുണ്ടായ ഇരട്ടക്കൊലപാതകവും സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവവും ബീഫ് കണ്ടെത്താനായി പൊലിസ് നടത്തുന്ന ബിരിയാണി റെയ്ഡുമെല്ലാം നിസാരസംഭവമായി കണ്ടാല്‍ മതിയെന്നായിരുന്നു ഖട്ടാറിന്റെ പ്രതികരണം. ഹരിയാനയുടെ അന്‍പതാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് എവിടെ വേണമെങ്കിലും നടക്കാം.
സുവര്‍ണജൂബിലി ആഘോഷങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കേണ്ടതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഓഗസ്റ്റ് 24ന് ഹരിയാനയിലെ മേവാത്തില്‍ പശുവാദികളായ അക്രമികള്‍ രണ്ടുപേരെ കൊലപ്പെടുത്തുകയും സഹോദരിമാരെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കുട്ടികളടക്കം നാലുപേര്‍ക്ക് മര്‍ദനമേറ്റു. ഡിംഗര്‍ഹെഡിയിലെ കെ.എം.പി എക്സ്പ്രസ്വേയുടെ ഭാഗമായുള്ള പാലത്തിനോട് ചേര്‍ന്നുള്ള വയലില്‍ നിര്‍മിച്ച മൂന്ന് ഒറ്റമുറി വീടുകളിലായി കഴിയുന്ന കുടുംബത്തെയാണ് തൊട്ടടുത്ത ഗ്രാമത്തിലുള്ളവര്‍ ആക്രമിച്ചത്.
കുടുംബനാഥനായ സഹ്റുദ്ദീന്റെ മകന് ഇബ്രാഹീം (45), ഭാര്യ റഷീദ (36) എന്നിവരാണ് കൊല്ലപ്പെട്ടത്. ബീഫ് കഴിച്ചതിനാണ് തങ്ങളെ കൂട്ടമാനഭംഗത്തിനിരയാക്കിയതെന്ന് പ്രതികള്‍ പറഞ്ഞതായി മേവാത്തില്‍ പീഡനത്തിന് ഇരയായ സ്ത്രീകള്‍ സാമൂഹികപ്രവര്‍ത്തക ശബ്നം ഹാഷ്മിയോട് വെളിപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് ഹരിയാനയില്‍ ഗോസംരക്ഷണത്തിന്റെ ചുമതലയുള്ള ഡി.ഐ.ജി ഭാരതി അറോറയും ഗോസേവാ ആയോഗ് ചെയര്മാന് ഭാനിറാം മംഗ്ളയും ചേര്‍ന്ന് മേവാറിലെ കടകളില്‍നിന്ന് ബിരിയാണി പിടിച്ചെടുത്ത് ഗോമാംസത്തിന്റെ അംശം ഉണ്ടോയെന്ന് പരിശോധിച്ചത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."