യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അടുത്ത മാസം; ഭാരവാഹിത്വത്തിനായുള്ള ചരടുവലി സജീവം
കോഴിക്കോട്: അഞ്ചുവര്‍ഷമായി തുടരുന്ന മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി അടുത്തമാസം ആദ്യത്തോടെ മാറുന്നു. ഒക്ടോബര്‍ 6,7,8 തിയതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിനു ശേഷമാണ് സംസ്ഥാന കൗണ്‍സില്‍ വഴി പുതിയ കമ്മിറ്റി നിലവില്‍ വരിക. എന്നാല്‍ ഭാരവാഹിത്വത്തിനായുള്ള ചരടുവലി മാസങ്ങള്‍ക്കു മുന്‍പെതന്നെ തുടങ്ങിക്കഴിഞ്ഞു. യൂത്ത്‌ലീഗ് അഖിലേന്ത്യാ കണ്‍വീനറും മുന്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റുമായ പി.കെ ഫിറോസും, കോഴിക്കോട് ജില്ലാ യൂത്ത്‌ലീഗ് പ്രിസിഡന്റ് നജീബ് കാന്തപുരവുമാണ് പ്രധാന സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത്. ഈ രണ്ടുപേരുടെ നേതൃത്വത്തിലുള്ള പാനലുകളിലാണ് ഇപ്പോള്‍ മിക്ക ജില്ലകളിലും കമ്മിറ്റികള്‍ നിലവില്‍ വരുന്നത്. കോഴിക്കോട് ജില്ലാകമ്മിറ്റി കഴിഞ്ഞദിവസം നിലവില്‍ വന്നു. മലപ്പുറം ജില്ലാകൗണ്‍സില്‍ 29 നു നടക്കും. ഈ മാസത്തോടെ എല്ലാ ജില്ലാകമ്മിറ്റികളും നിലവില്‍ വരികയും ചെയ്യും.
ഫിറോസും നജീബും ഒരേ ജില്ലക്കാരയതിനാല്‍ സംസ്ഥാന പ്രസിഡന്റ്-സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ഇവരില്‍ ഒരാളെ മാത്രമേ പരിഗണിക്കുകയുള്ളു. സംസ്ഥാന കമ്മിറ്റിയില്‍ അവസരം ലഭിക്കാത്തയാള്‍ക്ക് അഖിലേന്ത്യാ കമ്മിറ്റിയില്‍ അവസരം നല്‍കാനാണ് സാധ്യത. അല്ലെങ്കില്‍ പ്രധാന സഹഭാരവാഹിയാക്കാനുമിടയുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നും എം.എസ്.എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി അഷ്‌റഫലിക്കാണ് സാധ്യതയുള്ളത്. അദ്ദേഹം ജനറല്‍ സെക്രട്ടറിയായേക്കും. എന്നാല്‍ മറ്റു ചില പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പാലക്കാട് ജില്ലയില്‍ നിന്നുള്ള എം.എസ്.എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം.എ സമദ് പ്രധാന ഭാരവാഹിത്വത്തിലേക്ക് വരാനിടയുണ്ട്.
പത്രപ്രവര്‍ത്തക പരിചയവും ജില്ലാ പ്രസിഡന്റായിരിക്കേ നടത്തിയ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം ഉള്‍പെടെയുള്ള സാമൂഹിക സേവന പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയാണ് നജീബ് രംഗത്തിറങ്ങുന്നത്. എന്നാല്‍ എം.എസ്.എഫിലെ പ്രവര്‍ത്തന പരിചയവും തന്റെ നിലപാടുകള്‍ക്ക് പൊതുസമൂഹത്തില്‍ ലഭിച്ച സ്വീകാര്യതയും ചാനല്‍ ചര്‍ച്ചയിലെ സജീവ സാന്നിധ്യവുമാണ് ഫിറോസ് ഉയര്‍ത്തികാട്ടുന്നത്. ജില്ലാ കമ്മിറ്റികളുടെ പിന്തുണ സംസ്ഥാന കമ്മിറ്റി തെരെഞ്ഞെടുപ്പില്‍ നിര്‍ണായകമാവുന്നതിനാല്‍ ഇതുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇരുവരും. കാസര്‍കോട്, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ മാത്രമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ശക്തമായ മത്സരത്തിനൊടുവില്‍ സമവായത്തിലൂടെയാണ് കമ്മിറ്റി നിലവില്‍ വന്നത്. കോഴിക്കോട് ജില്ല ആരെ പിന്തുണക്കുമെന്നത് വളരെ നിര്‍ണായകമാവും. സ്വന്തം ജില്ലയില്‍ നിന്നും പിന്തുണ നഷ്ടപ്പെടുന്നതു ഇരുവരേയും ബാധിക്കാനിടയുണ്ട്.
മുസ്‌ലിം ലീഗിലേയും യൂത്ത്‌ലീഗിലേയും നേതാക്കളുടെ പിന്തുണയുണ്ടെന്ന് ഫിറോസും നജീബും അവകാശപ്പെടുന്നു. മുസ്‌ലിം ലീഗ് അഖിലേന്ത്യാ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരാണ് ഇരുവരും. തന്റെ രണ്ടു അടുപ്പക്കാര്‍ ഒപ്പം രംഗത്തു വന്നത് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിലേക്ക് കൊണ്ടു പോവാതെ എല്ലാ ജില്ലാ കമ്മിറ്റികളുമായി ആലോചിച്ച ശേഷം സമവായം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ലീഗ് നേതൃത്വം. സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നയുടനെ യൂത്ത്‌ലീഗ് അഖിലേന്ത്യാ കമ്മിറ്റിയും നലവില്‍ വരും. സംസ്ഥാന കമ്മിറ്റിയില്‍ ഇടം ലഭിക്കാത്തവര്‍ക്കു അഖിലേന്ത്യാ കമ്മിറ്റിയില്‍ ഭാരവാഹിത്വം നല്‍കാനാണ് സാധ്യത. സമവായം എന്ന നിലയില്‍ ഫിറോസ് പ്രസിഡന്റും, നജീബ് സെക്രട്ടറിയുമായുള്ള കമ്മിറ്റി വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
സഹഭാരവാഹിത്വത്തിനും ചരടുവലി സജീവമാണ്. നിലവിലെ സംസ്ഥാന ഭാരവാഹികളില്‍ ഭൂരിഭാഗവും പ്രായപരിധി കഴിഞ്ഞതിനാല്‍ ഒഴിവാക്കപ്പെടും. യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി സി.കെ സുബൈറിനു അഖിലേന്ത്യാ കമ്മിറ്റിയിലും എം.എസ്.എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദിന് സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹിത്വം ലഭിക്കാനിടയുണ്ട്. പുതിയ കമ്മിറ്റിയെ തീരുമാനിക്കുന്നതില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടേയും പി.കെ കുഞ്ഞാലിക്കുട്ടിയുടേയും സാദിഖലി തങ്ങളുടേയും തീരുമാനം നിര്‍ണായകമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."