വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ
മലപ്പുറം: വാക്കുകളിൽ പ്രകാശവും വചനങ്ങളിൽ ആഴവും നിറച്ച പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ ജാമിഅ നൂരിയ്യയിലെ സ്വഹീഹുൽ ബുഖാരി ക്ലാസുകൾ ഇനി ഓർമ. ഹദീസുകളുടെ ആഴമേറിയ വിജ്ഞാനലോകത്തിലേക്ക് വിദ്യാർഥികളെ കൈപിടിച്ചുയർത്തിയ ആ മഹാഗുരുവിന്റെ വിയോഗത്തോടെ, വൈജ്ഞാനിക സപര്യയുടെ ഒരു സുവർണാധ്യായത്തിനുകൂടിയാണ് തിരശ്ശീല വീഴുന്നത്. ഇമാം ബുഖാരിയുടെ വചനങ്ങൾ അറിവിന്റെ തേനരുവിയായി ഒഴുകിയെത്തിയ ആ ദർസ് മുറികൾ ഇനി ഇല്ലെന്ന യാഥാർത്ഥ്യം സങ്കടത്തിലാഴ്ത്തുന്നത് ആയിരക്കണക്കിന് ശിഷ്യഗണങ്ങളെയാണ്. സ്വഹീഹുൽ ബുഖാരിയിലെ ഓരോ ഹദീസും വായിച്ചുതീർക്കുമ്പോൾ, തിരുനബി(സ)യുടെ വിശുദ്ധ ജീവിതത്തിന്റെ മാഹാത്മ്യം തൊട്ടറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ വിശകലനങ്ങളും.
ക്ലാസിൽ എത്തി ഹാജർ രേഖപ്പെടുത്തി കഴിഞ്ഞാൽ, ഇടത്തോട്ടും വലത്തോട്ടും ഒന്നു തിരിഞ്ഞുനോക്കി 'എന്താ മിണ്ടാത്തത്?' എന്ന ചോദ്യത്തോടെയാണ് ഉസ്താദ് ഹദീസിന്റെ ആഴങ്ങളിലേക്ക് കടക്കാറുള്ളത്. വിദേശയാത്രകൾ കഴിഞ്ഞ് വിമാനമിറങ്ങിയാൽ പോലും നേരെ ജാമിഅ നൂരിയ്യയിലെ ബുഖാരി ക്ലാസുകളിലേക്ക് എത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. വിജ്ഞാനത്തോടുള്ള ആ നിഷ്ഠയും സമർപ്പണവും ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. വിദ്യാർഥികളുടെ ശ്രദ്ധ നിലനിർത്താനും അവരിൽ ജിജ്ഞാസ വളർത്താനും തനിക്ക് ലഭിച്ച വിദേശ അനുഭവങ്ങൾ പലപ്പോഴും ക്ലാസുകളിൽ അദ്ദേഹം പങ്കുവയ്ക്കുമായിരുന്നു. ആഫ്രിക്കൻ, അറബ് രാജ്യങ്ങളിലെ സന്ദർശന അനുഭവങ്ങൾ കടന്നുവരുന്നതോടെ ക്ലാസിന് പുതിയ ഉണർവ് കൈവരും. ഗൗരവതരമായ ഭാഗങ്ങളിൽ വിദ്യാർഥികളുടെ മനസ് ഒട്ടും ചോർന്നുപോകാതിരിക്കാൻ ഇത്തരത്തിലുള്ള പല പൊടിക്കൈകളും പ്രയോഗിക്കുന്ന ശൈലി കൗതുകകരമാണ്. അറബി കവിതകളോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത സ്‌നേഹം പ്രസിദ്ധമാണ്. ഹദീസ് വിശദീകരണങ്ങൾക്കിടയിൽ തികച്ചും അപ്രതീക്ഷിതമായി കടന്നുവരുന്ന കവിതാശകലങ്ങൾ അറബി ഭാഷയുടെ മുഴുവൻ സൗന്ദര്യവും കേൾവിക്കാർക്കു സമ്മാനിക്കുന്നതായിരുന്നു. ക്ലാസ് കഴിഞ്ഞ് ഇറങ്ങുമ്പോഴും അദ്ദേഹത്തിന്റെ ചുണ്ടുകൾ അറബി കവിതകൾ മൂളുന്നുണ്ടാകും. സങ്കീർണമായ ഹദീസ് വ്യാഖ്യാനങ്ങൾ ലളിതമാക്കാൻ നാടൻ ഭാഷാപ്രയോഗങ്ങളെ കൂട്ടുപിടിക്കുന്നതായിരുന്നു മറ്റൊരു രീതി. 'എടങ്ങേറ്, 'മോല്യാരുട്ടി', 'കാലക്കേട്' 'കുത്തിക്കെണീസ്' തുടങ്ങിയ നാട്ടുഭാഷാ പദങ്ങൾ ഹദീസ് ദർസുകളിൽ കടന്നുവരുമ്പോൾ വിദ്യാർഥികൾക്ക് ആശയങ്ങൾ കൂടുതൽ വ്യക്തമായി ഗ്രഹിക്കാൻ സാധിച്ചിരുന്നു. നർമം കലർന്നുള്ള സംസാരങ്ങളും ഇടക്കിടെ ഉണ്ടാവും.
തന്റെ വന്ദ്യഗുരു ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാരെയും കോട്ടുമല അബൂബക്കർ മുസ്‌ലിയാരെയും നിരന്തരം അനുസ്മരിക്കുന്ന ശൈലി ഗുരുശിഷ്യ ബന്ധത്തിന്റെ ഉത്തമ മാതൃകയായിരുന്നു. പട്ടിക്കാട് ജാമിഅയിൽ വിദ്യാർഥിയായിരുന്ന കാലത്തെ ഓർമകളും ശംസുൽ ഉലമയുടെ ക്ലാസ് അനുഭവങ്ങളും അദ്ദേഹം പങ്കുവെക്കുന്നതും പതിവായിരുന്നു. ശംസുൽ ഉലമയിൽ നിന്ന് പകർന്നു കിട്ടിയ അറിവുപയോഗിച്ച് മുസ്‌ലിം വേൾഡ് ലീഗിൽ പ്രബന്ധം അവതരിപ്പിച്ചത് കനപ്പെട്ട ചർച്ചകൾക്കിടയിലും അദ്ദേഹം ഓർത്തെടുക്കുമായിരുന്നു. തിരക്കുകൾക്കിടയിലും ഹദീസ് ക്ലാസുകൾ മുടങ്ങാതിരിക്കാൻ അതീവ ശ്രദ്ധ പുലർത്തി. വാർധക്യസഹജമായ ശാരീരിക അവശതകൾ അലട്ടിയ ഘട്ടത്തിൽ പോലും ആ ദർസ് മുടങ്ങിയില്ല.
ജാമിഅ അങ്കണത്തിലെ ക്ലാസ് മുറികളിലേക്ക് എത്താൻ പ്രയാസമായപ്പോൾ, ക്ലാസ് ജാമിഅ പള്ളിയിലേക്ക് മാറ്റി സ്ഥാപിച്ചാണ് അദ്ദേഹം അറിവിന്റെ വെളിച്ചം വീണ്ടും വിതറിയത്. ഇമാം ബുഖാരിയുടെ തിരുനബിവചനങ്ങൾക്കു കേവലം അർഥവും ആശയവും പകർന്നു നൽകുക മാത്രമായിരുന്നില്ല പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ ചെയ്തത്; മറിച്ച്, അതിലൂടെ ജീവിതവിശുദ്ധിയുടെ വെളിച്ചം കൂടിയാണ് അദ്ദേഹം തന്റെ ശിഷ്യഗണങ്ങൾക്ക് സമ്മാനിച്ചത്. ജാമിഅ നൂരിയ്യയുടെ ചരിത്രത്താളുകളിൽ ആ അറിവിന്റെ സൂര്യശോഭ എന്നെന്നും മായാതെ നിൽക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."