കയ്പമംഗലം മേഖലയില്‍ കഞ്ചാവ് മയക്കുമരുന്ന് മാഫിയ വലവിരിക്കുന്നു
കയ്പമംഗലം: വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കയ്പമംഗലം മേഖലയില്‍ കഞ്ചാവ് മയക്കുമരുന്ന് മാഫിയ വലവിരിക്കുന്നു. കഞ്ചാവ്, മയക്കുമരുന്ന്, വീര്യം കൂടിയ മദ്യം എന്നിവ സുലഭമായി ലഭിക്കുന്ന അവസ്ഥ നാട്ടുകാരുടെ സൈ്വര്യം കെടുത്തുകയാണ്. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ നിരവധി തവണ പൊലിസിനെയും മറ്റും വിവരം അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല.
ശനിയാഴ്ച രാത്രി കയ്പമംഗലം പഞ്ചായത്തോഫിസിനു പടിഞ്ഞാറ് മയക്കുഗുളിക കഴിച്ച് വിദ്യാര്‍ഥി മരിക്കുകയും മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തത് നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. പൂതങ്ങോട്ട് വേലുവിന്റെ മകന്‍ പതിനെട്ടു വയസുകാരന്‍ ബിപിന്‍ദാസാണ് മരിച്ചത്.
മാനസിക അസ്വാസ്ഥ്യമുള്ളവര്‍ കഴിക്കുന്ന ഗുളികകള്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിച്ചതാണ് ബിപിനും കൂട്ടുകാര്‍ക്കും അപകടം സംഭവിക്കാന്‍ കാരണം. അളവില്‍ കൂടുതല്‍ കഴിച്ചാല്‍ മാരകമാവുന്ന ഈ ഗുളികകള്‍ വലപ്പാട് സ്വകാര്യ കോളജിലെ ഒരു വിദ്യാര്‍ഥിയാണ് എത്തിച്ചു കൊടുത്തതെന്നാണ് പറയപ്പെടുന്നത്. ശനിയാഴ്ച ബിപിനും കൂട്ടുകാരും കൂടി 26 ഗുളികകള്‍ വാങ്ങിയിരുന്നു. ഇത് റമ്മില്‍ ചേര്‍ത്ത് കഴിച്ചതോടെ ബിപിന്‍ കുഴഞ്ഞു വീഴുകയായിരുന്നു. മരണപ്പെട്ട ബിപിന്‍ദാസിന്റെ വീടിനു പടിഞ്ഞാറ് ആളൊഴിഞ്ഞ ആറേക്കര്‍ പറമ്പില്‍ നിറഞ്ഞ കുറ്റിക്കാടുകള്‍ക്കിടയിലാണ് പ്രദേശത്തെ സാമൂഹികവിരുദ്ധര്‍ സംഘടിക്കുന്നത്.
സമീപ പ്രദേശങ്ങളിലെ യുവാക്കള്‍ പോലും ഇവിടെയെത്തി മയക്കുമരുന്നുകള്‍ വാങ്ങുന്നുണ്ടെന്നുള്ളതാണ് ഞെട്ടിക്കുന്ന വിവിരം. ഇതുപോലെ രാത്രിയായാല്‍ മൂന്നുപീടിക സെന്ററിലെ മാര്‍ക്കറ്റ് കെട്ടിടത്തിനുള്ളിലും അക്രമികള്‍ സംഘടിക്കുന്നുണ്ട്. മയക്കുമരുന്ന് കുത്തിവെക്കുന്ന സിറിഞ്ചുകള്‍ പോലും ഇവിടെ നിന്ന് കണ്ടെടുക്കുകയുണ്ടായി. ആഴ്ചകള്‍ക്ക് മുമ്പ് മൂന്നുപീടികയിലെ കടയില്‍ കയറി വ്യാപാരിയെ ആക്രമിച്ച പ്രതികള്‍ ഈ മാഫിയയിലെ കണ്ണികളാണെന്ന് വ്യാപാരികള്‍ ആരോപിച്ചിരുന്നു.
ജനുവരി അവസാനത്തില്‍ കയ്പമംഗലം 12ല്‍ വയോധികയെ കൊലപ്പെടുത്തിയ വിദ്യാര്‍ഥി മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍ അകപ്പെട്ടിരുന്നതായി നാട്ടുകാര്‍ പൊലിസിനെ അറിയിച്ചിരുന്നു.
ഈ മാസം ഏഴിന് ഇ.ടി.ടൈസന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ മൂന്നുപീടികയില്‍ ജനപ്രതിനിധികളെയും പൊലിസിനെയും വിളിച്ചുകൂട്ടി നടത്തിയ യോഗത്തില്‍ കയ്പമംഗലത്തെയും മൂന്നുപീടികയിലെയും കക്കാത്തിരുത്തി പള്ളിവളവിലെയും അവസ്ഥ ജനപ്രതിനിധികള്‍ വിവരിച്ചിരുന്നു. എന്നിട്ടും നിയമപാലകര്‍ വിഷയം ഗൗരവമായി എടുത്തില്ലെന്ന് കയ്പമംഗലം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സുരേഷ് കൊച്ചുവീട്ടില്‍ അടക്കമുള്ളവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."