ജൂനിയര്‍ ലോകകപ്പ് ഷൂട്ടിങ്; രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് ആറു മെഡലുകള്‍
ഗബാല (അസര്ബൈജാന്): ഐ.എസ്.എസ്.എഫ് ജൂനിയര്‍ ലോകകപ്പ് ഷൂട്ടിങ് രണ്ടാം ദിനത്തില്‍ ഒരു സ്വര്‍ണമടക്കം ഇന്ത്യക്ക് ആറു മെഡലുകള്‍. രണ്ടാം ദിനത്തില്‍ ഒരു സ്വര്‍ണം രണ്ടും വെള്ളി മൂന്നു വെങ്കല മെഡലുകളാണ് ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ വെടിവച്ചിട്ടത്. ആദ്യ ദിനത്തില്‍ മൂന്നു സ്വര്‍ണമടക്കം ഏഴു മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. 13 മെഡലുകളുമായി മൊത്തം മെഡല്‍ പട്ടികയില്‍ ഇന്ത്യ റഷ്യയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍.
വനിതകളുടെ പത്തു മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ഇന്ത്യയുടെ രണ്ടാം ദിനത്തിലെ ഏക സ്വര്‍ണം. യശസ്വിനി സിങ് ദസ്വാള്, മലൈക ഗോയല്‍, ഹര്‍ഷദ നിതാവെ എന്നിവരടങ്ങിയ ടീമാണ് സുവര്‍ണ നേട്ടത്തിലെത്തിയത്. 1122 പോയിന്റുകള്‍ നേടി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. തുര്‍ക്കി വെള്ളിയും ഉസ്ബെകിസ്താന്‍ വെങ്കലവും നേടി.
പുരുഷന്മാരുടെ പത്തു മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യക്ക് വെള്ളി മെഡലാണുള്ളത്. ഗൗരവ് റാണ, ഹേമേന്ദ്ര കുഷ്വ, സൗരഭ് ചൗധരി എന്നിവരടങ്ങിയ സംഘമാണ് വെള്ളി നേടിയത്. വനിതകളുടെ പത്തു മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യന്‍ താരം അനുമോള്‍ വെള്ളി നേടി.
വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീമിനത്തില്‍ ഗായത്രി നിത്യാനന്ദം, സോനിക, അതിഥി സിങ് എന്നിവര്‍ വെങ്കലം നേടി. ഇതേ ഇനത്തില്‍ വ്യക്തിഗത വിഭാഗത്തിലും ഗായാത്രി നിത്യാനന്ദം വെങ്കലം നേടി. പുരുഷന്മാരുടെ സ്കീറ്റ് ടീമിനത്തിലാണ് രണ്ടാം ദിനത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലം. സുഖ്ബീര്‍ സിങ് ഹരിക, ആനന്ദ് ജീത് സിങ്, ഹംസ ഷെയ്ഖ് എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. റഷ്യ സ്വര്‍ണവും ചൈന വെള്ളിയും നേടി.
നാലു സ്വര്‍ണവും മൂന്നു വെള്ളിയും ആറു വെങ്കലവുമായി ഇന്ത്യ 13 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. ആറു വീതം സ്വര്‍ണവും വെള്ളിയും രണ്ടു വെങ്കലവുമായി റഷ്യയാണ് ഒന്നാം സ്ഥാനത്ത്. മൂന്നു സ്വര്‍ണവും ഒരു വെങ്കലവുമായി നോര്‍വെ മൂന്നാമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."