സൗമ്യവധക്കേസ് അട്ടിമറിക്കാന്‍ ഡോക്ടര്‍ കൂറുമാറിയെന്ന കേസ് ഒക്ടോബറില്‍ പരിഗണിക്കും
തൃശൂര്‍: സൗമ്യവധക്കേസ് അട്ടിമറിക്കാന്‍ വിചാരണക്കോടതിയില്‍ പ്രതിക്ക് അനുകൂലമായി ഡോ. ഉന്മേഷ് കൂറുമാറിയെന്നും ഗൂഢാലോചന നടത്തിയെന്നുമാരോപിച്ചുള്ള പരാതി ഒക്ടോബര്‍ ആറിന് തൃശൂര്‍ വിജിലന്‍സ് കോടതി പരിഗണിക്കും.
ഉന്മേഷിനെതിരെ കേസെടുക്കണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് ശരിവച്ച് ഹൈക്കോടതി വിധി വന്നിരുന്നു. തുടര്‍ന്ന് തൃശൂര്‍ സി.ജെ.എം കോടതി സിറ്റിങ് നടത്തി.
കേസ് ഫയലുകള്‍ സുപ്രിംകോടതിയിലേക്ക് കൊണ്ടുപോയതിനാല്‍ പിന്നീട് സിറ്റിങ് നടന്നില്ല. കേസില്‍ വിധി വന്ന 2011 നവംബറിലായിരുന്നു കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയെന്ന ആക്ഷേപവുമായി ജോര്‍ജ് വട്ടുകുളം കോടതിയെ സമീപിച്ചത്. ഇവിടെയും ഒരു തവണ മാത്രമാണ് സിറ്റിങ് നടന്നത്.
എന്നാല്‍ സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് സംബന്ധിച്ച് വീണ്ടും വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ജോ.ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് മേധാവിയായിരുന്ന ഡോ.ഷേര്‍ളി വാസുവും അസോ. പ്രഫ. ഡോ. എ.കെ ഉന്മേഷും തമ്മിലുള്ള തര്‍ക്കമാണ് പോസ്റ്റുമോര്‍ട്ടം വിവാദത്തിലാകാന്‍ കാരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രണ്ടുപേരുടേയും കണ്ടെത്തലുകളില്‍ വലിയ വ്യത്യാസമുണ്ടായിരുന്നില്ലെങ്കിലും ഡോ. ഉമേഷ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണ് വിവാദങ്ങളുയര്‍ന്നത്.
മുന്‍പ് നടന്ന രണ്ട് അന്വേഷണങ്ങളിലും ഉമേഷാണ് പോസ്റ്റുമോര്‍ട്ടം ചെയ്തതെന്നും ഷേര്‍ളി വാസു റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്നുമാണ് കണ്ടെത്തിയിരുന്നത്. പോസ്റ്റുമോര്‍ട്ടം ചെയ്തതാരാണെന്ന തര്‍ക്കം വന്നതോടെയാണ് സര്‍ക്കാര്‍ രണ്ട് അന്വേഷണ കമ്മിഷനുകളെ മുന്‍പ് നിയോഗിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."