കട തീ വെച്ച അക്രമി സംഘത്തിന് പൊലിസ് ഒത്താശ; ജീവിതം വഴിമുട്ടി യുവതിയും മക്കളും
തൊടുപുഴ: സാമൂഹ്യവിരുദ്ധരുടെ നിരന്തര ആക്രമണവും സ്വഭാവഹത്യയും മൂലം ജീവിക്കാന്‍ നിര്‍വാഹമില്ലാതെ വീട്ടമ്മയും മൂന്നു കുട്ടികളും. മുള്ളരിങ്ങാട് നെടുമാഞ്ചേരില്‍ എന്‍.എം സൗദാമിനിയാണ് ജനിച്ച നാട്ടില്‍ സൈ്വര ജീവിതം നിഷേധിക്കപ്പെട്ട അവസ്ഥ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. ഏറ്റവും ഒടുവില്‍ വരുമാന മാര്‍ഗമായ കട ഒരു സംഘം തീവെച്ചു നശിപ്പിച്ചു.
സി.സി ടി.വി ദൃശ്യം ഉള്‍പ്പെടെ നല്‍കിയ പരാതി കാളിയാര്‍ പൊലിസ് അവഗണിക്കുന്നതിനാല്‍ അക്രമി സംഘം വീണ്ടുമെത്തി ഭീഷണി മുഴക്കി. വൃദ്ധ മാതാവും ഗുരുതര രോഗം ബാധിച്ച ഒരു കുട്ടിയുള്‍പ്പെടെ 15 വയസില്‍ താഴെയുളള മൂന്നു കുട്ടികളുമായി സൗദാമിനി അലയുമ്പോള്‍ ഒരു വിഭാഗം ഭരണകക്ഷി നേതാക്കള്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്നു. സി.പി.എം ലോക്കല്‍ നേതാവ് എന്ന് അവകാശപ്പെടുന്നയാളും അക്രമി സംഘത്തിലുണ്ട്. ഇതിനിടെ യുവജനക്ഷേമ ബോര്‍ഡിലെ ദിവസവേതന ജോലിയില്‍ നിന്നും ഒഴിവാക്കാനുളള നീക്കവും നടക്കുന്നു.
സൗദാമിനിയോട് അപമര്യാദയായി പെരുമാറുന്നതും താമസസ്ഥലം കൂടിയായ കടയ്ക്ക് മുന്നില്‍ നിന്ന് അശ്ലീലം വിളിച്ചു പറയുന്നതും പതിവായിരുന്നു. ഇത് സംബന്ധിച്ച് കാളിയാര്‍ പൊലിസ് സ്‌റ്റേഷനില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെയാണ് സത്യസായി ട്രസ്റ്റിന്റെ സഹായത്തോടെ സൗദാമിനി കട തുടങ്ങിയത്.
കഴിഞ്ഞ മെയ് എട്ടിന് കടയില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷണം പോയി. ഇത് സംബന്ധിച്ച് അയല്‍വാസിയായ ബിനോയിക്കെതിരെ സൗദാമിനി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി.
എന്നാല്‍ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ബിനോയി സൗദാമിനിയെ അസഭ്യം പറയുകയും സ്വഭാവഹത്യ നടത്തുകയും ചെയ്തു. ഇതിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. കാണാതായ ഫോണിലെ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സൗദാമിനി പോലീസിനെ ഇക്കാര്യം അറിയിച്ചെങ്കിലും ഫോണ്‍ കണ്ടെത്താന്‍ ശ്രമിച്ചില്ല.
ഇതോടെ അക്രമി സംഘം കൂടുതല്‍ പ്രതികാര നടപടികള്‍ ആരംഭിച്ചു. ഓഗസ്റ്റ് രണ്ടിന് സൗദാമിനിയുടെ ഇളയമകന് നേരെ ബസില്‍ വെച്ച് പീഡനശ്രമമുണ്ടായി. സാരമായി പരിക്കേറ്റ കുട്ടി ദിവസങ്ങളോളം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ മാസം 14ന് ബിനോയിയുടെ ബന്ധു കടയില്‍ വന്ന് പരാതി നല്‍കിയതിന് പകരം വീട്ടുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു.
ഇതിന് ശേഷം കടക്ക് നേരെ ആക്രമണം ഉണ്ടായി. കടയിലെ കസേരകള്‍ നശിപ്പിച്ച് തൊട്ടടുത്ത തോട്ടില്‍ ഇട്ടു. പലവട്ടം വിളിച്ച ശേഷമാണ് പൊലിസ് എത്തിയത്. അപ്പോഴേക്കും കസേരയുടെ അവശിഷ്ടങ്ങള്‍ തോട്ടില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു. ഇതിന് ശേഷമാണ് ഗത്യന്തരമില്ലാതെ സൗദാമിനി പണം കടം വാങ്ങി കടയില്‍ സി.സി.ടി.വി ക്യാമറ ഘടിപ്പിച്ചത്.
തുടര്‍ന്നാണ് ഇക്കഴിഞ്ഞ 14ന് അര്‍ദ്ധരാത്രി കട തീവെച്ച് നശിപ്പിച്ചത്. റിനോ, പ്രിന്‍സ് എന്നിവര്‍ ബൈക്കില്‍ എത്തി പെട്രോള്‍ ഒഴിച്ച് കത്തിക്കുന്ന ദൃശ്യങ്ങള്‍ സഹിതമാണ് പൊലിസില്‍ പരാതി നല്‍കിയത്. ഇവര്‍ നാട്ടില്‍ വിഹരിക്കുന്നുണ്ടെങ്കിലും പൊലിസ് കണ്ടില്ലെന്ന് നടിക്കുകയാണ്. അമ്മക്കും രണ്ടു മക്കള്‍ക്കുമൊപ്പമാണ് സൗദാമിനി പത്രസമ്മേളനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."