മണലെടുപ്പും പ്ലാസ്റ്റിക് മാലിന്യവും കുന്തിപ്പുഴയ്ക്ക് മരണമണി മുഴക്കുന്നു
പുലാമന്തോള്‍: മലബാറിന്റെ സംസ്കാരത്തിന്റെ ഭാഗമായി ഇരുകരയും കവിഞ്ഞൊഴുകിയിരുന്ന കുന്തിപ്പുഴ വര്‍ഷക്കാലമായിട്ടും ശോഷിച്ച കാഴ്ച പരിസ്ഥിതി സ്നേഹികളെ ആശങ്കയിലാഴ്ത്തുന്നു. ഒരു കാലത്തു കുന്തിപ്പുഴ നിറഞ്ഞൊഴുകി സമീപത്തെ തോടരുവികള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും ഈ കാഴ്ചയായിരുന്നു സമീപവാസികള്‍ കണ്ടിരുന്നത്.
പല സ്ഥലങ്ങളിലും വാഴത്തണ്ടു കൊണ്ടു നിര്‍മിച്ച ചങ്ങാടങ്ങള്‍ കെട്ടിയും സമീപവാസികള്‍ അപ്പുറത്തെ ഗ്രാമങ്ങളിലെത്തിയിരുന്നത്. പാടശേഖരത്തില്‍ വെള്ളം നിറഞ്ഞു നില്ക്കുന്നതിനാല് തോണികള്‍ ഇറക്കിയ ശേഷമായിരുന്നു സമീപവാസികളെ മറുകരയിലെത്തിച്ചിരുന്നത്.
പുലാമന്തോള്‍ പുഴ നിറഞ്ഞൊഴുകുന്നതോടെ കണ്ടേകാവ്, വളപുരം, വിളയൂര്‍ എന്നീ പ്രദേശങ്ങളെല്ലാം വെള്ള കെട്ടിനാല്‍ വാഹന ഗതാഗത യാത്രക്കു പോലും തടസ്സപ്പെട്ടിരുന്നു. അമിതമായ മണലെടുപ്പിനാല് കുന്തിപ്പുഴ നിറഞ്ഞൊഴുകിയ കാലം ഓര്‍മയില്‍ നിന്നും മാഞ്ഞു പോയിരിക്കുന്നു.പ്ലാസ്റ്റിക് മാലിന്യം കൊണ്ടും ഓടകളില്‍ നിന്നും പുഴയിലെത്തുന്ന മലിനജലത്തിനാലും നമ്മുടെ പ്രധാനപ്പെട്ട ജല സ്രോതസുകളെ മലിനമാക്കി കൊണ്ടിരിക്കുകയാണ്. അമിതമായ മണലെടുപ്പാണു പുഴയ്ക്കു ഭീഷണിയായത്. കുന്തിപ്പുഴയുടെ പഴമ ഭംഗിയില്‍ നിന്നും മാറി ഇപ്പോള്‍ മുക്കാല്‍ ഭാഗവും ചരല്മണ്ണിനാല് മൂടപ്പെട്ട കാഴ്ചയാണിപ്പോള്‍. എന്നാല്‍ ചിലയിടങ്ങളിലെല്ലാം കുറ്റിക്കാടുകള്‍ കയറിയതോടെ കുന്തിപുഴയുടെ സൗന്ദര്യം ആകെ മാറി. വെള്ളത്താല്‍ നിറഞ്ഞു നിന്നിരുന്ന പുഴ ഇപ്പോള്‍ ഒരു വശത്തിലൂടെ ഒഴുകി കൊണ്ടിരിക്കുന്നു. പുലാമന്തോള്‍ തടയണയ്ക്കു താഴേ പാലൂര് സ്കൂള്‍ കടവ്, കൊള്ളിത്തോടു ചെമ്മല, വളപുരം ഭാഗങ്ങളില്‍ കുറ്റിക്കാടുകളില്‍ ഇഴജന്തുക്കളുടെ വാസസ്ഥലമായിമാറി. കാടുകളില്‍ തടഞ്ഞു നില്ക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുഴയിലിറങ്ങുന്നവര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ത്രീകളടക്കമുള്ളവര്‍ കുളിക്കാനും അലക്കാനും ഉപയോഗിച്ചിരുന്ന പല കടവുകളും ഇപ്പോള്‍ ഉപയോഗമില്ലാതെ കാടു പിടിച്ചു കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."