കുടുംബത്തിലെ മൂന്നുപേരുടെ മരണം; വെട്ടത്തൂര്‍ ഉണര്‍ന്നത് ദുരന്തവാര്‍ത്ത കേട്ട്
വെട്ടത്തൂര്‍: ഒരു കുടുംബത്തിലെ മൂന്നു പേരുടെ ദാരുണമായ മരണ വാര്‍ത്തയറിഞ്ഞാണ് ഇന്നലെ വെട്ടത്തൂര്‍ നിവാസികള്‍ ഉറക്കമുണര്‍ന്നത്. നാട്ടുകാരുടെ പ്രിയങ്കരിയായിരുന്ന ജിഷ ടീച്ചറും രണ്ടു മക്കളുടേയും ദാരുണ അന്ത്യം പ്രദേശ വാസികളെ ഞെട്ടിച്ചു. സംഭവമറിഞ്ഞതോടെ ടീച്ചറുടെ വീട്ടിലേക്ക് പാഞ്ഞെത്തിയ നാട്ടുകാര്‍ കണ്ടതു പത്തു മാസം പ്രായം ചെന്ന പിഞ്ചു കുഞ്ഞുള്‍പ്പെടെ ചലനമറ്റ ശരീരങ്ങളായിരുന്നു.
പെരിന്തല്‍മണ്ണക്കടുത്തു വെട്ടത്തൂരില്‍ ഇന്നലെ രാവിലെ ആറോടെയാണു തോട്ടമറ്റത്തില്‍ ലിജോയുടെ ഭാര്യയും മേലാറ്റൂര്‍ ആര്‍.എം.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയുമായ ജിഷമോള്‍(35), മക്കളായ അന്ന ലിജോ (12), ആല്‍ബര്‍ട്ട് (പത്ത്മാസം) എന്നിവരെയാണു വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടത്.
ഉടനെ തന്നെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ ജിഷ മോള്‍ ആശുപത്രിയില്‍ വെച്ചാണു മരിച്ചത്. ആല്‍ബര്‍ട്ടിനെ കഴുത്തില്‍ കയറു പോലുള്ളവ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും മറ്റു രണ്ടുപേരും മണ്ണെണ്ണ ഉപയോഗിച്ചുള്ള തീയിലകപ്പെട്ടാണു മരിച്ചതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
നാലുമാസം മുമ്പാണ് ലിജോയും കുടുംബവും വെട്ടത്തൂര്‍ കവലയിലെ പുതിയ വീട്ടില്‍ താമസമാക്കിയത്. പ്രവാസിയായിരുന്ന ലിജോ ഒരു വര്‍ഷത്തോളമായി നാട്ടിലുണ്ട്. ഞായറാഴ്ചയാകട്ടെ, ജിഷമോളും രണ്ടു മക്കളും ഒരുമുറിയിലും ഭര്‍ത്താവും മകന്‍ അലനും മറ്റൊരു മുറിയിലുമാണു കിടന്നിരുന്നത്. രാവിലെ ആറോടെവീട്ടുജോലിക്കിടെ കുട്ടികളുടെ കരച്ചില്‍കേട്ടാണ് തീ കത്തുന്നതു കണ്ടത്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി മോഹനചന്ദ്രന്‍, സി.ഐ. യൂസഫ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തു പൊലിസ് പരിശോധന നടത്തി. വൈകുന്നേരം വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനാ സംഘവും സ്ഥലത്തെത്തിയിരുന്നു. ജിഷമോള്‍ അഞ്ചുവര്‍ഷമായി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപികയാണ്. സഹപ്രവര്‍ത്തകയുടെ മരണമറിഞ്ഞു ഞെട്ടലിലാണ് സ്‌കൂള്‍ അധ്യാപകരും. സ്‌കൂളിന് ഇന്നലെ അവധിയായിരുന്നു. അന്നലിജോ പഠിക്കുന്ന തേലക്കാട് ഗ്രേസ് ഇംഗ്ലീഷ് സ്‌കൂളിലാണ് അനുജന്‍ അലനും പഠിക്കുന്നത്. കോഴിക്കോട് നിന്നും പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വൈകീട്ടോടെ വീട്ടിലെത്തിയ മൃതദേഹങ്ങള്‍ കാണാന്‍ രണ്ടു സ്‌കൂളുകളിലേയും അധ്യാപകരും വിദ്യാര്‍ഥികളും ഗ്രാമവാസികളും ഉള്‍പ്പെടെ വന്‍ജനാവലിയാണു തടിച്ചുകൂടിയത്. ജിഷമോളുടെ വിദേശത്തുള്ള സഹോദരന്‍ ഇന്നു നാട്ടിലെത്തിയ ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."