പശുക്കടവില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടര്‍ക്കഥ
കുറ്റ്യാടി: പശുക്കടവ് മലയോരത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടര്‍ക്കഥ. നാടിനെയൊന്നാകെ ഞെട്ടിച്ച 2004 ഓഗസ്റ്റിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രദേശത്തിന് നഷ്ടമായത് രണ്ടു കുടുംബത്തിലെ പത്തു പേരെയായിരുന്നു. നീറ്റിക്കോട്ട മലയിലുണ്ടായ ഈ ദുരന്തത്തിനു ശേഷം ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുണ്ടായെങ്കിലും ഇത്രയും വലിയൊരു ദുരന്തമുണ്ടാകുന്നത് 2004നു ശേഷം ഇതാദ്യമായാണ്. മഴക്കാലമാകുന്നതോടെ പശുക്കടവ് ഉള്‍പ്പെടെയുള്ള കുറ്റ്യാടി മലയോരത്തെ താമസക്കാരുടെ മനസ് വേവലാതിയിലാകാറുണ്ട്.
തുടര്‍ച്ചയായ മഴയില്‍ ഏതു നിമിഷവും ഉരുള്‍പൊട്ടലുണ്ടാകുമെന്ന ഭൂമിശാസ്ത്ര സവിശേഷതയാണ് ഈ മലയോരത്തിനുള്ളത്. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ പല ഘട്ടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മലയോരത്ത് നശിച്ചുപോയിട്ടുണ്ട്. എന്നാല്‍ ഞായറാഴ്ച പകല്‍ സമയങ്ങളിലൊന്നും പശുക്കടവ് മലയില്‍ മഴ പെയ്തിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലുണ്ടായ ദുരന്തമാണ് നാടിനെ നടുക്കത്തിലാഴ്ത്തിയത്. പുഴയില്‍ സാധാരണയുള്ള വെള്ളവും ഒഴുക്കും മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം അപ്രതീക്ഷിതമായി മലയില്‍ നിന്നു വെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു.
പെട്ടെന്നുണ്ടായ പുഴയുടെ സ്വഭാവമാറ്റം എങ്ങനെയുണ്ടായെന്ന് അറിയാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. മേഘവിസ്‌ഫോടനമാണെന്നും ശക്തമായ ഉരുള്‍പൊട്ടലാണെന്നും പറയുന്നുണ്ടെങ്കിലും സംഭവിച്ചത് എന്താണെന്ന് അറിയണമെങ്കില്‍ ഉത്ഭവകേന്ദ്രത്തില്‍ പരിശോധന നടത്തേണ്ടിവരുമെന്നാണ് റവന്യു അധികൃതര്‍ പറയുന്നത്. വയനാട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ബാണാസുര സാഗര്‍ മലനിരകളോട് ചേര്‍ന്ന എക്കല്‍ മലയിലെ വനാന്തര്‍ഭാഗത്തുണ്ടായ ശക്തമായ ഉരുള്‍പൊട്ടലാണ് ദുരന്തം വരുത്തിവച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുഴയുടെ സ്വഭാവം അറിയുന്നവര്‍ക്ക് പെട്ടെന്ന് തന്നെ ചെറിയ മാറ്റംപോലും തിരിച്ചറിയാനാവും. എന്നാല്‍ ഈ യുവാക്കള്‍ക്ക് പുഴയുടെ സ്വഭാവം മാറുന്നത് മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."