തിരച്ചിലില്‍ സജീവമായി പട്ടാമ്പിയില്‍ നിന്നെത്തിയ രണ്ട് മുങ്ങല്‍ വിദഗ്ധരും
കുറ്റ്യാടി: പശുക്കടവ് കടന്തറപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പട്ടാമ്പി സ്വദേശികളായ രണ്ട് മുങ്ങല്‍ വിദഗ്ധരും. പട്ടന്മാര് തൊടിയില്‍ ഹംസ എന്ന ബാബു, സുഹൃത്ത് ജംഷാദ് എന്നിവരാണ് കടന്തറപ്പുഴയിലെ ആഴങ്ങളില്‍ തിരച്ചിലിലേര്‍പ്പെട്ടത്. ഫയര്‍ഫോഴ്സിലോ, ദുരന്തനിവാരണ സേനയിലോ അംഗങ്ങളോ ഏതെങ്കിലും സര്‍ക്കാര്‍ സര്‍വിസില്‍ ജീവനക്കാരോ അല്ല രണ്ടുപേരും. മനുഷ്യത്വം മുന്‍നിര്‍ത്തി രക്ഷാപ്രവര്‍ത്തനത്തിനു കിലോമീറ്റര്‍ തണ്ടിയെത്തുകയായിരുന്നു.
കടന്തറപ്പുഴയില്‍ ഒന്പതുപേര് അപകടത്തില്‍പ്പെട്ട വാര്‍ത്ത ചാനലുകളില്‍ വന്നയുടനെ പട്ടാമ്പിയില്‍ നിന്നു ഇരുവരും സംഭവസ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ നാട്ടുകാരോടൊപ്പം ഇവരും തിരച്ചിലിലേര്‍പ്പെട്ടു. പുഴയെക്കുറിച്ചറിയുന്ന നാട്ടുകാരനായ ബിജുവാണ് ഹംസക്കും ജംഷാദിനും സഹായങ്ങള്‍ ചെയ്തു കൊടുത്തത്. ഭാരതപ്പുഴയില്‍ നിന്നും തൂതപ്പുഴയില്‍ നിന്നും നിരവധി ജീവനുകള്‍ രക്ഷിച്ച ഇവര്‍ക്ക് കടന്തറപ്പുഴ വഴങ്ങുന്നതായിരുന്നില്ല. ചെങ്കുത്തായ പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടവും വലിയ പാറകളും ചുഴിക്കുഴികളുമാണ് ഇവരെ പ്രയാസപ്പെടുത്തിയത്. പലപ്പോഴും പൊലിസിനെ സഹായിക്കാന്‍ ഇവരെ വിളിക്കാറുണ്ടെന്ന് ഹംസ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."