മംഗല്‍പ്പാടി പഞ്ചായത്ത് ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി
മഞ്ചേശ്വരം: മംഗല്പാടി പഞ്ചായത്തിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ മഞ്ചേശ്വരം പൊലിസ് കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറി ടി പവിത്രന് നല്കിയ പരാതിയിലാണ് മഞ്ചേശ്വരം പൊലിസ് കേസെടുത്തത്.
ജനന സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ വരുത്തി വ്യാജമായി ഉണ്ടാക്കുകയും ഇവ ഒറിജിനലാണെന്ന വ്യാജേന മറ്റ് അപേക്ഷകള്‍ക്കുമായി സമര്‍പ്പിക്കുകയും ചെയ്തുവെന്നാണു പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി.
മൂന്നു പരാതികളിലായി എട്ടുപേര്‍ക്കെതിരേയാണ് കേസ്. ഒരു പരാതിയില്‍ ഹിദായത്ത് നഗറിലെ മുഷ്താഖ് മന്‍സിലില്‍ നൈനാസ്ബാനു, ഇക്ബാല്‍ എന്നിവര്‍ക്കെതിരേയും മറ്റു രണ്ടു പരാതികളില്‍ ഷിറിയയിലെ മറിയ ഷൈനി, ഫാത്തിമ സുഹ്റ, ഖൈറുന്നീസ, ഇബ്രാഹിം, ബീഫാത്തിമ, ഹസീന എന്നിവര്‍ക്കെതിരേയും കേസെടുത്തു.
ഒരു അക്ഷയ കേന്ദ്രം വഴിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതെന്നാണു പൊലിസിനു ലഭിച്ച വിവരം. പഞ്ചായത്ത് ഓഫിസില്‍ ലഭിച്ച മൂന്നു അപേക്ഷകളില്‍ ഹാജരാക്കിയിട്ടുള്ള ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടാണ് പഞ്ചായത്ത് സെക്രട്ടറി പരാതി നല്‍കിയത്. നിരവധി പേര്‍ക്ക് ഇതേ രീതിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയിട്ടുണ്ടെന്നാണു പൊലിസിന്റെ സംശയം.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മംഗല്പാടി പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ജില്ലാ സെക്രട്ടറി കെ മണികണ്ഠന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രശാന്ത് കനില അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സാദിഖ് ചെറുഗോളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."