മന്ത്രി സന്ദര്‍ശനം കഴിഞ്ഞിട്ടും മെഡിക്കല്‍ കോളജിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമില്ല
വടക്കാഞ്ചേരി: മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ സന്ദര്‍ശനം നടത്തിയിട്ട് 15 ദിവസം പിന്നിട്ടിട്ടും ആശുപത്രിയിലെ ഗുരുതര പ്രശ്നങ്ങള്‍ക്ക് പോലും പരിഹാരമില്ലാത്തത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അനില്‍ അക്കര എം.എല്‍.എ ആരോപിച്ചു.
ഒരു മാസത്തോളമായി പ്രവര്‍ത്തനം നിലച്ച് കിടക്കുന്ന റേഡിയേഷന് യന്ത്രം പോലും പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ല. ഡോക്ടര്‍മാരുടേയും, നേഴ്സുമാരുടെയും ഒഴിവുകളും നികത്താതെ കിടക്കുന്നു. അര്‍ബുധ രോഗികള്‍ പതിനായിരങ്ങള്‍ ചിലവഴിച്ച് ചികിത്സക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
2011 ല്‍ റേഡിയേഷന് യന്ത്രം വാങ്ങുന്നതിന് സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ ഇതുവരെ മെഡിക്കല്‍ കോളജിന് ലഭ്യമായിട്ടില്ലെന്നും അനില്‍ പറഞ്ഞു. ആശുപത്രിയുടെ വികസന മുന്നേറ്റം ഉറപ്പുവരുത്തേണ്ട ആശുപത്രി വികസന സമിതികള്‍ വിളിച്ച് ചേര്‍ത്തിട്ട് ആറ് മാസമായി.
പുനസംഘടിപ്പിക്കപ്പെട്ട കമ്മിറ്റികള്‍ സര്‍ക്കാര്‍ അംഗീകരിച്ച് ചെയര്‍മാനായ ജില്ലാ കലക്ടര്‍ക്ക് ഇത് വരെ കൈമാറിയിട്ടില്ലെന്നും എം.എല്‍.എ കുറ്റപ്പെടുത്തി. ആരോഗ്യ മന്ത്രിയുടെ ഓഫിസില്‍ വെച്ച് നടന്ന കൂടികാഴ്ചയില്‍ ആശുപത്രിയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് വലിയ പ്രതീക്ഷകള്‍ ഉടലെടുത്തിരുന്നതാണ് എന്നാല്‍ ഒന്നും നടന്നില്ല.
സ്ഥലം എം.എല്‍.എ എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന പരാതികള്‍ നിരവധിയാണെന്നും അതുകൊണ്ടുതന്നെ ഈ കാര്യത്തില്‍ അടിയന്തര നടപടി വേണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് നിവേദനം നല്‍കിയതായും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."