HOME
DETAILS
MAL
പോളിയോ വാക്‌സിന്‍ വസ്തുതയെന്ത്?
backup
February 28 2016 | 11:02 AM
'പ്രതിരോധ കുത്തിവയ്പ്പല്ല, രോഗപ്രതിരോധമാണ് ജന്‍മാവകാശം' എന്ന തലക്കെട്ടില്‍ ഡോ.പി.ജി ഹരിയുമായി നടത്തിയ സംഭാഷണത്തില്‍ (ലക്കം 74) പോളിയോ കുത്തിവയ്പ്പിനെ അന്ധമായി എതിര്‍ക്കുന്ന വാദങ്ങള്‍ ഉയര്‍ത്തിയത് വായിച്ചു. അതില്‍ അദ്ദേഹം ഉന്നയിക്കുന്ന ഓരോ വാദത്തിനുമുള്ള മറുപടിയാണ് താഴെ. സാധാരണ വായനക്കാര്‍ക്കു കൂടി മനസിലാകാന്‍ സംശയവും അതിനുള്ള മറുപടിയും എന്ന നിലയിലാണ് എഴുതുന്നത്.
ഒന്ന്-എന്തിനാണ് കുത്തിവയ്പ്പ്? എങ്ങനെയാണ് അത് ശരീരത്തില്‍ പ്രവര്‍ത്തിക്കുക?
മറുപടി-നമ്മുടെ നാട്ടില്‍ സ്ഥിരം കാണപ്പെടുന്ന രോഗങ്ങളായ ക്ഷയം, പോളിയോ, ഹെപറ്റൈറ്റിസ് ബി, ഹീമോഫീലിസ് ഇന്‍ഫ്‌ളുഅന്‍സ ഉണ്ടാക്കുന്ന മെനിന്‍ജൈറ്റിസ്, ന്യൂമോണിയ, തൊണ്ടമുള്ള്, വില്ലന്‍ ചുമ, ടെറ്റനസ്, അഞ്ചാം പനി, മുണ്ടി വീക്കം, റൂബെല്ല തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് കുത്തിവയ്പ്പ് നല്‍കുന്നത്.
മേല്‍പറഞ്ഞ രോഗങ്ങളുണ്ടാക്കുന്ന അണുക്കളെ വീര്യം കുറച്ച് അത് ശരീരത്തില്‍ ഹാനികരമല്ലാത്ത അളവില്‍ കുത്തിവയ്ക്കുമ്പോള്‍, ആ രോഗാണു ഒരു ആന്റിജെന്‍ ആയി മാറുകയും ശരീരം അതിന് തക്കമായ ഒരു ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യും. കുത്തിവയ്പ്പ് എടുത്ത കുട്ടിയുടെ രക്ഷിതാവിന് തന്റെ മകന്റെ രക്തം പരിശോധിച്ചാല്‍ അറിയാം രോഗപ്രതിരോധത്തിനു വേണ്ട ഇമ്മ്യൂണോഗ്ലോബലിന്‍ ടൈറ്റര്‍ കൂടിയോ എന്ന്.
രണ്ട്-കുത്തിവയ്പ്പിന്റെ പ്രാധാന്യം എന്താണ്?
മറുപടി-ഇന്ന് ആരോഗ്യ രംഗത്ത് ഏറ്റവും ചര്‍ച്ചാ പ്രാധാന്യമുള്ള ഒരു അസുഖമാണ് സിക്ക വൈറസ് (Zika virus). ജനിക്കുന്ന കുട്ടിക്ക് ചെറിയ തലയും (microencephaly)ബുദ്ധിമാന്ദ്യവും സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇത് ഗൗരവത്തിലെടുത്ത് മെക്‌സിക്കോ പോലുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ രണ്ടു വര്‍ഷം കഴിഞ്ഞു മാത്രമേ ഒരു സ്ത്രീ ഗര്‍ഭം ധരിക്കാന്‍ പാടുള്ളൂ എന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഒരു പുതിയ പ്രതിരോധ കുത്തിവയ്‌പ്പോ മരുന്നോ കണ്ടുപിടിക്കാന്‍ പരമാവധി 10 വര്‍ഷം വരെയെടുക്കുമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്.
ഇതിലും മാരകമായ വിപത്ത് സമ്മാനിക്കുന്ന റുബെല്ല, ജനിക്കുന്ന കുട്ടികളില്‍ ബുദ്ധിമാന്ദ്യം, കാഴ്ചയില്ലായ്മ, കേള്‍വിയില്ലായ്മ, ഹൃദയത്തിന് തകരാറുകള്‍ എന്നീ കോപ്ലിക്കാഷന്‍സ് ഉണ്ടാക്കുന്നു.റൂബെല്ലക്ക് പ്രതിരോധ കുത്തിവയ്പ്പ് നിലവിലുണ്ട്. സിക്ക വൈറസ് കുത്തിവയ്പ്പ് ഇല്ല എന്ന് വേവലാതിപ്പെടുമ്പോള്‍ അതിലും മാരകമായ റുബെല്ല എന്ന അസുഖത്തിന് കുത്തിവയ്പ്പുണ്ടായിട്ടും ചിലര്‍ മുഖം തിരിക്കുന്നു.
മൂന്ന്-പ്രതിരോധ കുത്തിവയ്പ്പുകള്‍ക്ക് സൈഡ് എഫക്റ്റ് ഒരുപാട് ഉണ്ട് എന്ന് പറയുന്നു. അത് ശരിയാണോ?
മറുപടി-ചെറിയ പനി, വേദന, കരച്ചില്‍, എന്നിവ ഉണ്ടാകാറുണ്ട്. എന്നാല്‍ കുത്തിവയ്പ്പ് മൂലം നാം തടയുന്ന അസുഖങ്ങള്‍ വന്നാല്‍ പെട്ടന്നുള്ള മരണം വരെ സംഭവിക്കാം. മലപ്പുറത്ത് കഴിഞ്ഞ വര്‍ഷം ഉണ്ടായ തൊണ്ടമുള്ള് (റശുവാലൃശമ) കൊണ്ടുള്ള മരണം അതിന് ഉദാഹരണമാണ്. പിന്നെ ആധുനിക മെഡിസിന്‍ സിസ്റ്റത്തില്‍ സൈഡ് എഫക്റ്റ് വളരെ സുതാര്യമായി രേഖപ്പെടുത്തും. പുതിയ ഒരു മരുന്നോ, കുത്തിവയ്ക്കുന്ന വാക്‌സിനോ മാര്‍ക്കറ്റില്‍ ഇറങ്ങിയാല്‍ വര്‍ഷങ്ങളോളം അതിനെ നിരീക്ഷിക്കും. ഉദാഹരണത്തിന് റിസര്‍പ്പിന്‍ (ൃലലെൃുശില) എന്ന പ്രഷറിനുള്ള മരുന്ന് ചെടികളില്‍ നിന്നാണ് എടുത്തിരുന്നത്. അത് ശരീരത്തില്‍ സൈഡ് എഫക്റ്റ് ഉണ്ടാക്കിയപ്പോള്‍ പുതിയ മരുന്ന് കണ്ടുപിടിച്ചു. അതിനു ശേഷം പ്രഷര്‍ കുറയ്ക്കാന്‍ ഒരുപാട് മരുന്നുകള്‍ മാര്‍ക്കറ്റില്‍ വന്നു. പക്ഷേ ഇപ്പോഴും ചില പാരമ്പര്യ വൈദ്യന്‍മാര്‍ റിസര്‍പിന്‍ എന്ന മരുന്ന് ഉപയോഗിക്കുന്നു എന്നത് കൗതുകകരമാണ്.
നാല്-കുത്തിവയ്പ്പ് എടുക്കാതെ നിന്നിട്ടും തങ്ങളുടെ കുട്ടികള്‍ക്ക് മേല്‍ പറഞ്ഞ അസുഖങ്ങള്‍ ഒന്നും ഇല്ലല്ലോ എന്ന് ചിലര്‍ പറയുന്നു. എന്താണ് മറുപടി?
മറുപടി-100 വീടുകളുള്ള ഒരു കോളനി. അഞ്ചു വീട്ടുകാര്‍ ഓരോരുത്തരെ രാത്രി കാവലിനു നിര്‍ത്തുന്നു. ആ വീടുകളില്‍ കള്ളന്‍ കയറാന്‍ സാധ്യതയില്ല. കാവല്‍ക്കാരന്‍ ഉറങ്ങിപ്പോയാല്‍ കയറിയേക്കാം. മറ്റു വീടുകള്‍ക്ക് കാര്യമായ സുരക്ഷിതത്വമില്ല. എന്നാല്‍ 75 വീട്ടുകാരും കാവല്‍ക്കാരെ വച്ചാലോ. കാവല്‍ക്കാര്‍ ഇല്ലാത്ത വീടുകളും കാവല്‍ക്കാര്‍ ഉറങ്ങിപ്പോയ വീടുകളും സുരക്ഷിതമാകുന്നു. കുത്തിവയ്പ്പുകളും ഇതുപോലെ തന്നെ. ഒരു സമൂഹത്തിലെ ഭൂരിപക്ഷം പേരും പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുകയാണെങ്കില്‍ ചെറിയ ശതമാനം കുത്തിവയ്പ്പുകള്‍ എടുക്കാത്തവരും അപൂര്‍വം കുത്തിവയ്പ്പ് ഫലപ്രദമാകാത്തവരും ഉള്‍പ്പടെ എല്ലാവരും സംരക്ഷിക്കപ്പെടുന്നു. ഇതിനെ ഹേര്‍ഡ് ഇമ്യൂണിറ്റി (വലൃറ ശാാൗിശ്യേ) എന്നു പറയുന്നു. ഇത് ലഭിക്കണമെങ്കില്‍ 70-80 ശതമാനം പേരും കുത്തിവയ്പ്പ് എടുക്കണം. പോളിയോ മരുന്ന് കൊടുത്തിട്ടില്ലെങ്കിലും നിങ്ങളുടെ കുഞ്ഞിനു ഇപ്പോള്‍ പോളിയോ വരാത്തതിനു കാരണം മറ്റു കുട്ടികള്‍ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചതു കൊണ്ടാണെന്നര്‍ഥം.
അഞ്ച്-വാക്‌സിന്‍ വ്യാപാരത്തിലൂടെ ബഹുരാഷ്ട്ര കുത്തകകള്‍ ലാഭം കൊയ്യകുയാണ് എന്നാണെല്ലോ ആരോപണം?
മറുപടി-ഇന്ന് ഇന്ത്യയില്‍ ഉപയോഗിക്കുന്ന കുത്തിവയ്പ്പുകള്‍ (പ്രത്യേകിച്ചും ദേശീയ പ്രതിരോധ ചികിത്സാ ക്രമത്തില്‍ ഉള്‍പ്പെടുത്തിയവ)എല്ലാം തന്നെ ഇന്ത്യയില്‍ നിര്‍മിക്കുന്നവയാണ്. മരുന്ന് കമ്പനികള്‍ക്ക് കൂടുതല്‍ ലാഭം കുത്തിവയ്പ്പ് എടുക്കാതിരുന്നാലല്ല. അതിന്റെ പേരില്‍ അസുഖം കൂടുമ്പോഴാണ്. മേല്‍ പറഞ്ഞ അസുഖങ്ങള്‍ക്കെല്ലാം ഒരുപാട് കോപ്ലിക്കേഷന്‍സ് ഉണ്ട്. അപ്പോള്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ, മരുന്ന്, ലാബ് തുടങ്ങിയ ഒരുപാട് ചെലവ് വരും. അത് ആരോഗ്യ വ്യവസായത്തിനു ലാഭകരവുമാണ്. മറിച്ച്, ജനങ്ങള്‍ കുത്തിവയ്പ്പ് എടുത്തു കഴിഞ്ഞാല്‍ അതൊന്നും അവര്‍ക്ക് ലഭിക്കുകയില്ല.
ആറ്-ഈയിടെയായി ഒരുപാട് വാക്‌സിന്‍ വിരുദ്ധര്‍ രംഗത്തിറങ്ങിയിട്ടുണ്ടല്ലോ?
മറുപടി-ശുദ്ധമായ കച്ചവട താത്പര്യമുള്ളവര്‍ സമീപകാലത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ആധുനിക മെഡിസിന്‍ സിസ്റ്റത്തെ മൊത്തത്തില്‍ ആക്ഷേപിച്ച്, അതിലൂടെ ജനശ്രദ്ധ നേടിയെടുത്ത് തങ്ങള്‍ പുതുതായി തുടങ്ങിയ ആശുപത്രികള്‍ക്കും ഹോട്ടലിനും പുട്ടുപൊടി, അരിപ്പൊടി മുതലായ കച്ചവട സംരഭങ്ങള്‍ക്കും (കമ്പനിയുടെ പേര് വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല) ആക്കം കൂട്ടാനാണ് ഇത്തരക്കാരുടെ ശ്രമം. സമൂഹത്തില്‍ വിഷവിത്ത് പാകി പൊതുസമൂഹത്തെ ഇരുട്ടിലേക്ക് നയിക്കുന്ന ഇത്തരം ആളുകളെയാണ് യഥാര്‍ഥത്തില്‍ നാം ആദ്യം തിരിച്ചറിയേണ്ടത്.
കുത്തിവയ്പ്പ് പാടില്ല, രക്തം കയറ്റാന്‍ പാടില്ല, പ്രസവം വീട്ടില്‍ മതി, രോഗാണു ഇല്ല എന്നൊക്കെ തള്ളിവിടുന്ന ആളുകള്‍ക്ക് അവബോധം നല്‍കിയതു കൊണ്ട് മാത്രം കാര്യമില്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം.
ഏഴ്-കുത്തിവയ്പ്പ് വിഷയത്തില്‍ വന്‍കിട രാജ്യങ്ങളുടെ അവസ്ഥയെന്താണ്?
മറുപടി-2016 ജനുവരി ഒന്നിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാറിന്റെ തീരുമാനം, കുത്തിവയ്പ്പ് കൊടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ക്ഷേമപദ്ധതികളില്‍ അവകാശം നല്‍കില്ല എന്നാണ്. അമേരിക്കയില്‍ ആറു വയസായ കുട്ടിക്ക് 14 വാക്‌സിന്റെ 49 ഡോസും 18 വയസാകുമ്പോള്‍ 16 വാക്‌സിന്റെ 69 ഡോസും കൊടുക്കുന്നു. സ്‌കൂള്‍ പ്രവേശനത്തിന് അമേരിക്കയിലെ മിക്ക സ്റ്റേയ്റ്റിലും വാക്‌സിന്‍ നിര്‍ബന്ധമായും എടുത്തിരിക്കണം എന്നാണ്. ഇതിനിടയില്‍ അമേരിക്കയില്‍ കുത്തിവയ്പ്പ് നിര്‍ബന്ധമല്ല എന്ന അവസ്ഥ വന്നപ്പോള്‍ അസുഖങ്ങള്‍ കൂടുന്നതായി കണക്കുകള്‍ പുറത്തു വന്നു. അതിന് ശേഷം വാക്‌സിന്‍ നിര്‍ബന്ധം ആക്കാന്‍ വീണ്ടും തീരുമാനിച്ചു. ഹജ്ജിന് പോകുന്ന നമ്മുടെ ആളുകള്‍ക്ക് പോളിയോ, മെനിയാഗിസ് വാക്‌സിന്‍ (ാലിശമഴശ െ്മരരശില) എടുത്ത ശേഷമേ സൗദിയിലേക്ക് പ്രവേശനമുള്ളൂ.
അതുകൊണ്ട്, ആശങ്കള്‍ അകറ്റി നമ്മുടെ മക്കളുടെ ആരോഗ്യവും ഭാവിയും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക. അറിയാത്ത കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുക. അല്ലാതെ, ദുരാരോപണങ്ങള്‍ക്കും പാതി സത്യങ്ങള്‍ക്കും പിറകെ പോകുകയല്ല വേണ്ടത്.
(പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസറും ഡോ.ഉമറുല്‍ ഫാറൂഖ് (മലപ്പുറം ഡി.എം.ഒ) ചെയര്‍മാനായ 'മിഷന്‍ മുക്തി'യുടെ കണ്‍വീനറുമാണ് ലേഖകന്‍. ഐ.എം.എ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പടെയുള്ള വിവിധ സംഘനകളും വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും അംഗങ്ങളായ 'മിഷന്‍ മുക്തി' മലപ്പുറം ജില്ലയില്‍ സമ്പൂര്‍ണ പോളിയോ വിമുക്തി എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനയാണ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."