HOME
DETAILS
MAL
ലക്ഷം കണ്ട് ലക്ഷ്യം മറക്കരുത്
backup
February 28 2016 | 11:02 AM
നല്ല ചുറുചുറുക്കുള്ള ആ മാനിനെ പിടികൂടാനായിരുന്നു പുലിയേട്ടന്‍ ഇടംവലം നോക്കാതെ ഓടിയിരുന്നത്. പക്ഷേ, വഴിക്കുവച്ച് കുറുക്കനെ കണ്ടപ്പോള്‍ അതിനെ പിടിക്കാതെ തരമില്ലെന്നായി. കുറുക്കനെ പിടിക്കാന്‍ ഓടിയപ്പോഴതാ അപ്പുറത്ത് വെളുവെളുത്തൊരു മുയല്‍. പുലിയേട്ടന്റെ വായില്‍ വെള്ളമൂറാതിരിക്കുമോ? ഇന്നത്തെ ലഞ്ചിന് കുശാല്‍ മുയലിറച്ചിയാണെന്നും പറഞ്ഞ് അതിന്റെ പിന്നാലെ കൂടി. അപ്പോഴതാ കണ്‍മുന്നില്‍ മറ്റൊരു ജീവി-സുന്ദരക്കുട്ടപ്പനായ എലി. എലിയിറച്ചി നല്ല സ്വാദുള്ളതാണെന്ന് കേട്ടിട്ടുണ്ട്. ഇന്നേ വരെ അതുണ്ണാനുള്ള യോഗമുണ്ടായിട്ടില്ല. ഏതായാലും അവസരം മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ അതിനുനേരെ വാതില്‍ കൊട്ടിയടക്കുന്നത് ബുദ്ധിയുള്ളവര്‍ക്കു ചേരുന്നതല്ലല്ലോ. എന്തു വിലകൊടുത്തും അതിനെ പിടിച്ചേ തീരൂ എന്നും പറഞ്ഞ് എലിക്കു പിന്നാലെയോടി. എന്നാല്‍ എലി വെറുതെയിരിക്കുമോ? പുലിയുടെ വരവു കണ്ടമാത്രയില്‍ അത് ജീവനുംകൊണ്ടൊരോട്ടം. ഓടിയോടി വേഗം തന്റെ മാളത്തില്‍ ചെന്നൊളിച്ചു. പാവം പുലിയേട്ടന്‍! അന്തം വിട്ട് കുന്തം പോലെ അവിടെ നില്‍പായി. മാനിനെ പിടിക്കാന്‍ ഓടി അവസാനം എലിയുടെ മാളത്തിങ്കല്‍ നിരാഹാരസമരം നടത്തേണ്ടി വന്ന ഒരു ഗതികേട്..!
വലിയ ശാസ്ത്രജ്ഞനാവണമെന്നായിരുന്നു ചിരകാലാഭിലാഷം. അതിനിടയ്ക്കാണ് മാസാന്തം രണ്ടു ലക്ഷം വരെ വേതനം ലഭിക്കുന്ന ജോലിയുണ്ടെന്നു കേട്ടത്. അപ്പോഴേക്കും മനസ് പതറിപ്പോയി. അതെങ്ങനെയെങ്കിലും തരപ്പെടുത്തിയെടുക്കാന്‍ വീട്ടുകാരും നാട്ടുകാരും നിര്‍ബന്ധിപ്പിക്കുകയും ചെയതതോടെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ജോലിക്കുവേണ്ടി അപേക്ഷ കൊടുത്തു. 'ഭാഗ്യം!' പ്രമോഷന്‍ ലഭിക്കാന്‍ തടസങ്ങളൊന്നും ഉണ്ടായില്ല. താമസിയാതെ ജോലിയില്‍ കയറുകയും ചെയ്തു. പക്ഷേ, ആ ജോലി തനിക്കൊരിക്കലും വഴങ്ങുന്നതല്ലെന്നറിഞ്ഞപ്പോള്‍ രാജിവച്ചൊഴിയാന്‍ നിര്‍ബന്ധിതനായി. ഒടുവില്‍ ലക്ഷവും ലക്ഷ്യവുമില്ലാത്ത ദുരന്തം മാത്രം ബാക്കിയായത് ലാഭം.
കാസര്‍കോട്ടുനിന്ന് വളരെ പെട്ടന്ന് തിരുവനന്തപുരത്തെത്തേണ്ട ഒരാള്‍. കണ്ണൂരെത്തിയപ്പോഴാണ് ഒരു എക്‌സിബിഷന്‍ ശ്രദ്ധയില്‍ പെട്ടത്. കിട്ടുമ്പോഴല്ലേ കിട്ടൂ എന്നു പറഞ്ഞ് അവിടെയൊന്നിറങ്ങി. കോഴിക്കോട്ടെത്തിയപ്പോള്‍ വേറൊരു ഗുലുമാല്‍. ഏറ്റവും പുതിയ സിനിമയുടെ റിലീസ് നടക്കുന്നുണ്ടെന്നാരോ പറഞ്ഞപ്പോള്‍ അതു കണ്ടിട്ടാവാം ബാക്കി എന്നായി. മലപ്പുറത്തെത്തിയപ്പോഴതാ കണ്ണഞ്ചിപ്പിക്കുന്ന ഒരു സര്‍ക്കസ്. സര്‍കസ് തീരെ കണാത്തതാണ്. അതൊന്നു കണ്ടിട്ടാവാം എന്നു പറഞ്ഞ് അവിടെയും ഒന്നു കയറി. ഇക്കോലത്തില്‍ യാത്ര തുടരുന്ന ആ മാന്യദേഹം എപ്പോഴായിരിക്കും തിരുവനന്തപുരത്തെത്തിയിട്ടുണ്ടാവുക? തന്റെ ലക്ഷ്യം നേടിയെടുക്കാന്‍ അയാള്‍ക്കു സാധിച്ചിരിക്കുമോ?
വിജയപാതയില്‍ പ്രലോഭനങ്ങളനേകം വന്നേക്കും. പ്രലോഭനങ്ങളില്‍ കുടുങ്ങിയാല്‍ കുടുങ്ങിയതുതന്നെ. എവിടെയും എത്തില്ലെന്നു മാത്രമല്ല ഉള്ളതെല്ലാം നഷ്ടപ്പെടുകയും അവസാനം കഷ്ടപ്പെടുകയും ചെയ്യും. അത്തരത്തിലുള്ള ഒരു സംഭവകഥ പറയാം.
ഒരു മരമുണ്ടായിരുന്നു. ജനങ്ങളെല്ലാം ദിവ്യത്വം കല്‍പിച്ച് ആരാധന നടത്തുന്ന 'മഹാനായ' ഒരു മരം. ആ മരം വെട്ടിമുറിക്കാനായി ഒരിക്കല്‍ ഒരു സത്യവിശ്വാസി ആയുധവുമെടുത്തു മുന്നോട്ടു വന്നു. ഉടനെ സാത്താന്‍ അദ്ദേഹത്തിന്റെ മുന്നിലേക്ക് മനുഷ്യവേഷത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് ചോദിച്ചു:
''അല്ല, താങ്കള്‍ എവിടേക്കാണ്?''
''ഞാനാ മരം വെട്ടിമുറിക്കാന്‍ പോവുകയാണ്. ജനങ്ങള്‍ അല്ലാഹുവിനെയല്ല, ആ മരത്തെയാണ് പൂജിക്കുന്നത്. അതൊരിക്കലും പാടില്ലാത്തതാണ്.''-സത്യവിശ്വാസി പറഞ്ഞു.
അപ്പോള്‍ സാത്താന്‍: ''ഞാനൊന്ന് ചോദിക്കട്ടെ.. നിങ്ങള്‍ക്കാ മരം അവിടെയുണ്ടാകുന്നതുകൊണ്ടെന്താണു ഛേദം. അതു നിങ്ങളെ ഒരിക്കലും ബുദ്ധിമുട്ടാക്കുന്നില്ലല്ലോ, അതിനെ ആരാധിക്കുന്നവരും ബുദ്ധിമുട്ടിക്കുന്നില്ല. എങ്കില്‍ വെറുതെ ഒരു മരം നശിപ്പിക്കണോ?''
''അതൊന്നും പറഞ്ഞാല്‍ പറ്റില്ല, ഞാന്‍ ആ മരം വെട്ടിമാറ്റുകതന്നെ ചെയ്യും.''
''ഞാന്‍ നിങ്ങള്‍ക്ക് അതിനെക്കാള്‍ നല്ലൊരു കാര്യം പറഞ്ഞു തരട്ടേ..''
''അതെന്താ?''
''ദിവസവും രണ്ടു ദീനാര്‍ സൗജന്യമായി കയ്യിലെത്തുന്ന ഒരു ഓഫറാണ്..എന്നും രാവിലെ ഉറക്കമുണര്‍ന്നുനോക്കിയാല്‍ നിങ്ങളുടെ തലയിണയ്ക്കടിയില്‍ രണ്ടു ദീനാര്‍ കാണും. പക്ഷേ, നിബന്ധനയുണ്ട്. നിങ്ങളാ മരം വെട്ടിമാറ്റാന്‍ പാടില്ല. ആരാധിക്കുന്നവര്‍ അതിനെ ആരാധിക്കട്ടെ..നിങ്ങളൊന്നും ചെയ്യേണ്ട..എന്താ പറ്റുമോ?''
''പറ്റായ്കയില്ല. പക്ഷേ, ആരാണ് എനിക്കതിന് ഒരുറപ്പു തരിക?''
''ഞാന്‍ തന്നെ.''
സത്യവിശ്വാസിക്ക് പെരുത്തു സന്തോഷമായി. ദീനാര്‍ കിട്ടുമെന്നുകണ്ടപ്പോള്‍ മരം വെട്ടിമാറ്റുകയെന്ന ലക്ഷ്യം മാറ്റിവച്ച് അയാള്‍ വീട്ടിലേക്കു മടങ്ങി..അടുത്ത പ്രഭാതം..പതിവുപോലെ അന്നും ഉറക്കമുണര്‍ന്നു. ആദ്യം ചെയ്തത് തലയിണ പരിശോധനയായിരുന്നു. പരിശോധിച്ചു. അത്ഭുതം! പറഞ്ഞതുപോലെയതാ രണ്ടു ദീനാര്‍..പിന്നെയുള്ള സന്തോഷം പറയണോ? ഒരു തൊഴിലും ചെയ്യാതെ വെറുതെയങ്ങ് പണം കിട്ടുകയല്ലേ..അയാള്‍ നിറഞ്ഞാനന്ദിച്ചു.
അങ്ങനെ മറ്റൊരു ദിവസം. അന്നും ഉറക്കമുണര്‍ന്ന് തലയിണ പരിശോധിച്ചു. പക്ഷേ, ദീനാര്‍ കണ്ടില്ല. ഉടനെ ഷൈപ്പ് മാറി. മുഖം ചുവന്നു തുടുത്തു. കോപാന്ധനായി വേഗം ആയുധം കയ്യിലെടുത്തു. മരം വെട്ടിമാറ്റാനായി വീടുവിട്ടിറങ്ങി. വഴിക്കുവച്ചതാ വീണ്ടും സാത്താന്‍..ചോദിച്ചു; എവിടേക്കാണെന്ന്. അപ്പോള്‍ പറഞ്ഞു:
''അല്ലാഹുവിനെ ഒഴിവാക്കി ആരാധിക്കപ്പെടുന്ന ആ മരം വെട്ടിമുറിക്കാന്‍ പോവുകയാണു ഞാന്‍''
''മരം വെട്ടാനോ..ഇല്ല, താങ്കള്‍ക്കതിനു കഴിയില്ല.''-എന്തോ പ്രൈസടിച്ച ആവേശത്തോടെ സാത്താന്‍ പറഞ്ഞു.
''കഴിയില്ലെന്നോ, എങ്കില്‍ കണ്ടിട്ടുതന്നെ..''
അയാള്‍ കൂസലേതുമില്ലാതെ മുന്നോട്ടുനീങ്ങി. സാത്താന്‍ വന്ന് അയാളെ ഒറ്റയടി കൊടുത്ത് നിലത്തുവീഴ്ത്തി. എന്നിട്ട് കൊല്ലാനാക്കിയിട്ടു ചോദിച്ചു: ''ഞാനാരാണെന്നറിയുമോ നിനക്ക്? ഞാന്‍ സാത്താനാണ്. ആദ്യ തവണ നീ വന്നത് അല്ലാഹുവിനു വേണ്ടിയായിരുന്നു. അപ്പോള്‍ എനിക്ക് നിന്നെ കീഴടക്കാന്‍ പറ്റിയില്ല. അതിനാല്‍ ദീനാര്‍ കാണിച്ച് നിന്നെ ഞാന്‍ ചതിച്ചു. രണ്ടാമതു നീ വന്നത് അല്ലാഹുവിനുവേണ്ടിയല്ല, ദീനാറിനുവേണ്ടിയാണ്. ദീനാര്‍ കിട്ടാത്തതിലുള്ള ദേഷ്യമാണ് നിന്നെ ഇങ്ങോട്ട് തള്ളിയത്. അപ്പോള്‍ അതിവേഗം എനിക്കു നിന്നെ കീഴടക്കാനായി.''
രണ്ടു ദീനാറിനു വേണ്ടി മഹത്തായ ഒരു ലക്ഷ്യം ബലികൊടുത്ത ഈ ഹതാഭാഗ്യന്റെ കഥ ബഗ്ദാദുകാരനായ ഇബ്‌നു അബിദ്ദുന്‍യാ തന്റെ മകാഇദുശ്ശൈത്വാന്‍(ചെകുത്താന്റെ ചതികള്‍) എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. മനസില്‍ ഒരു ലക്ഷ്യമുണ്ടെങ്കില്‍ കണ്ണില്‍ അതു മാത്രമേ കാണാവൂ എന്ന വലിയ പാഠമാണ് ഈ സംഭവം നല്‍കുന്നത്. ശ്രദ്ധ മറ്റൊന്നിലേക്കും തിരിയാന്‍ പാടില്ല. റോഡരികില്‍ ചിലപ്പോള്‍ സര്‍കസ് നടക്കുന്നുണ്ടാകാം. മാജിക്മാന്റെ ഹരംപിടിപ്പിക്കുന്ന കളികളുണ്ടാകാം. ഭ്രമിപ്പിക്കുന്ന മറ്റു കാഴ്ചകളുണ്ടാകാം. അതിലൊന്നും കുരുങ്ങിപ്പോകാതെ മുന്നോട്ടു മാത്രം ചലിക്കുക. ലക്ഷങ്ങളുടെ ഓഫറുകള്‍ വന്നാലും ലക്ഷ്യം കൈവിടില്ലെന്ന് ശപഥം ചെയ്യുക. എങ്കില്‍ വിജയം നമ്മെ അനുഗ്രഹിക്കാതിരിക്കയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."