കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
നീലേശ്വരം: തൈക്കടപ്പുറത്തു നിന്നും 35 ഓളം മത്സ്യത്തൊഴിലാളികളുമായി മത്സ്യബന്ധനത്തിനു പോയ ബോട്ട് യന്ത്രത്തകരാറിനെ തുടര്‍ന്നു കടലില്‍ കുടുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം എന്ജിന് തകരാര്‍ പരിഹരിച്ചു ബോട്ട് സുരക്ഷിതമായി നീലേശ്വരം ബോട്ട് ജെട്ടിയില്‍ അടുപ്പിച്ചു
തൈക്കടപ്പുറത്തെ സനാഥന്റെ ഉടമസ്ഥതയിലുള്ള സീഗള്‍ ബോട്ടാണ് കഴിഞ്ഞ ദിവസം രാത്രി ഏഴിമലയ്ക്കു സമീപം പ്രൊപ്പല്ലറില്‍ വല കുടുങ്ങി യന്ത്രത്തകരാറായത്. വിവരം അറിഞ്ഞതോടെ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, എ.ഡി.എം എം അംബുജാക്ഷന്, നീലേശ്വരം വില്ലേജ് ഓഫിസര്‍ പി.വി തുളസിരാജ്, നീലേശ്വരം നഗരസഭാ അധ്യക്ഷന്‍ പ്രൊഫ.കെ.പി ജയരാജന് എന്നിവര്‍ ഇടപെട്ട് തീരസംരക്ഷണ സേനയില്‍ നിന്നു ബോട്ട് കരയ്ക്കെത്തിക്കാനുള്ള സാങ്കേതിക സഹായം തേടി.
ബോട്ട് നില്ക്കുന്ന സ്ഥാനം നിര്‍ണയിച്ച് തീരസംരക്ഷണ സേന പുറപ്പെടുമ്പോഴേക്കും തൊഴിലാളികള്‍ നടത്തിയ ശ്രമത്തില്‍ എന്ജിന് പ്രവര്‍ത്തിച്ചു തുടങ്ങി. അധികൃതരുടെ നിര്‍ദേശപ്രകാരം യാത്ര ഒഴിവാക്കി ബോട്ട് തൈക്കടപ്പുറം ബോട്ട് ജെട്ടിയില്‍ തന്നെ തിരിച്ചടുപ്പിച്ചു. നഗരസഭാ അധ്യക്ഷന്‍ പ്രൊഫ.കെ.പി ജയരാജന്, ഉപാധ്യക്ഷ വി ഗൗരി, കൗണ്‍സലര്‍മാരായ എറുവാട്ട് മോഹനന്, കെ പ്രകാശന്, പി ഭാര്‍ഗവി തുടങ്ങിയവര്‍ തൊഴിലാളികളെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."