ഇല്ലിക്കല്‍ കല്ലിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം സുരക്ഷ ഉറപ്പാക്കാന്‍ ആരുമില്ല
പാലാ: വശ്യമായ പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ വാഗമണ്ണിലേക്കും ഇല്ലിക്കല്‍ കല്ല് മലനിരകളിലേക്കും വിനോദസഞ്ചാരികളുടെ തിരക്കാണ്. ഓണക്കാല അവധി ദിവസങ്ങളായതിനാല്‍ കുടുംബാംഗങ്ങളൊന്നിച്ചാണ് ഇവിടേക്ക് എത്തുന്നത്. ഗ്രീന്‍ ടൂറിസത്തിന്റെ ഭാഗമായി ഇല്ലിക്കക്കല്ലിന് സമീപം വരെ റോഡ് വന്നതോടെ വാഹനങ്ങളിലെത്തുന്ന സഞ്ചാരികളുടെ എണ്ണവും വര്‍ദ്ധിച്ചു. ഈ ഓണക്കാലത്ത് ഇവിടെയെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം സര്‍വ്വകാല റിക്കാഡാണെന്നാണ് ചെറുകിട കച്ചവടം നടത്തുന്നവരും സമീപവാസികളും പറഞ്ഞത്.
സമുദ്രനിരപ്പില്‍ നിന്നും 4000 അടിയിലധികം ഉയരത്തില്‍ കുത്തനെയും വളഞ്ഞും പുളഞ്ഞുമാണ് ഇല്ലിക്കല്‍കല്ലിലേക്കുള്ള റോഡ്. മുകളിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനും തിരിക്കാന്‍പോലും വേണ്ടത്ര സൗകര്യമില്ലാത്ത മലമുകളിലേക്ക് കൂട്ടത്തോടെയെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാനോ വേണ്ട സുരക്ഷ ഉറപ്പുവരുത്തുന്നതിനോ യാതൊരു നടപടിയും ടൂറിസം വകുപ്പോ പൊലിസോ ഏര്‍പ്പെടുത്തിയിട്ടില്ല.
ഇല്ലിക്കകല്ലിന്റെയും ഇവിടുത്തെ മലനിരകളുടെയും സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ ഇവിടുത്തെ ഭൂമിശാസ്ത്രമോ സ്ഥലപരിമിതിയോ അറിയാത്തവരാണ്. ഇവിടേക്ക് വരികയും മടങ്ങുകയും ചെയ്യുന്ന വാഹനങ്ങള്‍ കുത്തനെയുള്ള കയറ്റിറക്കങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ കഴിയാതെ അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന കാഴ്ചയാണിവിടെ പലയിടങ്ങളിലും. ചിലയിടങ്ങളില്‍ കയറ്റത്തില്‍ കുടുങ്ങിയ വാഹനങ്ങള്‍ ഉന്തിമാറ്റുന്ന കാഴ്ചയും കാണാം.
'ഒരു ദുരന്തം ഉണ്ടായാല്‍ മാത്രമേ ഇവിടുത്തെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ അധികാരികളുടെ കണ്ണു തുറക്കു' എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. സന്ധ്യമയങ്ങിയാല്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് മടങ്ങിപ്പോകണമെങ്കില്‍ വെളിച്ചമില്ല. മദ്യപിച്ചെത്തുന്ന യുവാക്കളുള്‍പ്പെടെയുള്ളവരെ നിയന്ത്രിക്കാനോ പരിശോധിക്കാനോ ഒരു ഉദ്യോഗസ്ഥനും ഇവിടെയില്ല.
അംബരചുംബിയായി നില്‍ക്കുന്ന മലമുകളില്‍ ഇടിമിന്നല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പ് അല്ലാതെ മിന്നലിനെ പ്രതിരോധിക്കുന്നതിന് വേണ്ട മുന്‍കരുതലും ഒരുക്കിയിട്ടില്ല. പൊലിസ് എ്‌യ്ഡ് പോസ്റ്റും വാഹനപരിശോധനയും ശക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്. വിനോദസഞ്ചാരികള്‍ക്ക് സൗകര്യം ഒരുക്കുന്നതുപോലെ സുരക്ഷ ഉറപ്പാക്കേണ്ടതും അനിവാര്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."