ജനശ്രീമാര്‍ച്ചില്‍ നിന്നും ഒഴിവാക്കി തുടക്കം:സുധീരനെതിരേ എ ഗ്രൂപ്പിന്റെ പടയൊരുക്കം വീണ്ടും
കൊല്ലം: കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സെക്കുലര്‍ മാര്‍ച്ചില്‍ നിന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ ഒഴിവാക്കിയതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും ഭിന്നത. സുധീരനെതിരേയുള്ള എ ഗ്രൂപ്പിന്റെ പടയൊരുക്കത്തിനാണ് ജനശ്രീ മാര്‍ച്ച് വേദിയാകുന്നത്. ഹൈക്കമാന്‍ഡിന്റെ പിന്തുണയുള്ള സുധീരനെ അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലേക്ക് എ ഗ്രൂപ്പ് നീങ്ങുന്നു എന്നാണ് സൂചന. ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടിന് കന്യാകുമാരിയില്‍ നിന്നുതുടങ്ങി അഞ്ചിന് ശിവഗിരിയില്‍ അവസാനിക്കുന്ന സെക്കുലര്‍ മാര്‍ച്ച് ജനശ്രീമിഷന്റെ പേരിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജനശ്രീയുടെ ചെയര്‍മാന്‍ ഹസന്റെ നേതൃത്വത്തില്‍ കെ.പി.സി.സിയിലെ എ വിഭാഗം സുധീരനെതിരേ നടത്തിവരുന്ന 'പോരാട്ടം' ഇതോടെ പുതിയ തലത്തിലേക്ക് നീങ്ങും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണപിന്തുണയും സുധീരന്‍ വിരുദ്ധ നീക്കത്തിനുണ്ട്. സെക്കുലര്‍ മാര്‍ച്ചിന്റെ ഉദ്ഘാടനവും സമാപനവും ഉള്‍പ്പെടെ എല്ലാ പരിപാടികളില്‍നിന്നും സുധീരനെ പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ ഗാന്ധിജയന്തി ദിനത്തില്‍ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടത്തുന്ന ചടങ്ങില്‍ സുധീരന്‍ പങ്കെടുക്കുന്നുമുണ്ട്. സുധീരന്‍ അന്ന് തലസ്ഥാനത്തില്ലാത്തതുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന് അനൗദ്യോഗികമായി എ ഗ്രൂപ്പുകാര്‍ പറയുന്നുണ്ടെങ്കിലും അത് ശരിയല്ലെന്ന് ഇതോടെ വ്യക്തമാവുകയും ചെയ്തു. കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയും അനധികൃതസ്വത്ത് സമ്പാദനത്തിന് കേസെടുക്കുകയും ചെയ്തപ്പോള്‍ സുധീരന്‍ പ്രതികരിക്കാതിരുന്നതിനെ ഹസന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.
അതിനിടെ, ഇടക്കാലത്ത് സുധീരനെതിരേ എ വിഭാഗത്തിനൊപ്പം നിന്ന് നീക്കങ്ങള്‍ ശക്തമാക്കിയ ഐ ഗ്രൂപ്പും നേതാവ് രമേശ് ചെന്നിത്തലയും കളംമാറ്റുന്നതിന്റെ സൂചനകള്‍ പ്രകടമാണ്. സുധീരനെ പരസ്യമായി വിമര്‍ശിക്കാന്‍ രമേശും കൂട്ടരും മടിക്കുന്നുണ്ട്. മാത്രമല്ല, കെ ബാബുവിന്റെ കാര്യത്തില്‍ സുധീരന്റെ മൗനത്തെ പിന്തുണക്കുന്ന തരത്തില്‍ രമേശ് സംസാരിക്കുകയും ചെയ്തു. കെ.പി.സി.സി പ്രസിഡന്റ്, ബാബുവിന്റെ കാര്യത്തില്‍ അരുതാത്തതൊന്നും പറഞ്ഞില്ലല്ലോ എന്നാണ് തിങ്കളാഴ്ച രമേശ് മാധ്യമങ്ങളോടു പറഞ്ഞത്. സുധീരനെ മാറ്റിയുള്ള കെ.പി.സി.സി പുന:സംഘടനയ്ക്ക് ഹൈക്കമാന്‍ഡ് തയാറല്ലെന്ന വ്യക്തമായ സന്ദേശം ആവര്‍ത്തിച്ചു ലഭിച്ചതാണ് രമേശിന്റെ മനംമാറ്റത്തിനു കാരണമെന്നാണു വിവരം. ഹൈക്കമാന്‍ഡിന്റെ അപ്രീതി വാങ്ങുന്നതിനുപകരം ഹൈക്കമാന്‍ഡിന് ഉമ്മന്‍ ചാണ്ടിയോടുള്ള അപ്രീതി മുതലെടുക്കാനാണ് രമേശും ഐ ഗ്രൂപ്പും പുതിയ കരുനീക്കം നടത്തുന്നത്. അതിനു സമാന്തരമായി എ ഗ്രൂപ്പ് നടത്തുന്ന കൂടുതല്‍ രൂക്ഷമായ സുധീരന്‍ വിരുദ്ധ നീക്കങ്ങളാകട്ടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തി കൈപ്പിടിയിലാക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമമായാണ് സുധീരനുമായി അടുപ്പമുള്ളവര്‍ വ്യാഖ്യാനിക്കുന്നത്. ജനശ്രീയുടെ സെക്കുലര്‍ മാര്‍ച്ചില്‍ നിന്ന് കെ.പി.സി.സി പ്രസിഡന്റിനെ മന:പ്പൂര്‍വം അകറ്റി നിര്‍ത്തുന്നത് അവര്‍ ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."