തകര്‍ന്ന ട്രാക്ക് പുനഃസ്ഥാപിച്ചു; ട്രെയിനുകളുടെ വൈകിയോട്ടം തുടരുന്നു
കൊല്ലം: കരുനാഗപ്പള്ളി മാരാരിതോട്ടത്തു ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി മറിഞ്ഞതിനെ തുടര്‍ന്നു താറുമാറായ ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലായി. ഇന്നലെ രാവിലെ 9.15നു കൊല്ലം-ആലപ്പുഴ പാസഞ്ചര്‍ ട്രെയിനാണു പുനഃസ്ഥാപിച്ച ട്രാക്കിലൂടെ ആദ്യം കടന്നുപോയത്.
തുടര്‍ന്നു ഇരു ട്രാക്കിലൂടെയുമുള്ള ഗതാഗതം സാധാരണനിലയിലായി. എങ്കിലും വേഗതകുറച്ചാണു വണ്ടികള്‍ ഓടുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം റയില്‍വേ യൂനിറ്റുകളില്‍ നിന്നുള്ള 500ഓളം ജോലിക്കാര്‍ അഹോരാത്രം പണിയെടുത്താണ് ദുഷ്‌ക്കരമായ ദൗത്യം ലക്ഷ്യത്തിലെത്തിച്ചത്. ഏകദേശം 600 മീറ്ററോളം ഭാഗത്തെ ട്രാക്കാണു യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിച്ചത്. വൈദ്യുതീകരണ ജോലികളാണു ഏറ്റവുംഒടുവില്‍ പൂര്‍ത്തിയായത്.
എന്നാല്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നുണ്ടായ ഗതാഗത തകരാര്‍ പരിഹരിച്ചതായി റയില്‍വേ അവകാശപ്പെടുമ്പോഴും യാത്രക്കാരെ ദുരിതത്തിലാക്കി ട്രെയിനുകള്‍ വൈകിയോട്ടം തുടരുകയാണ്. ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്നുള്ള ജനശതാബ്ദി, വേണാട്, ജയന്തിജനത, നേത്രാവതി ട്രെയിനുകളാണു മണിക്കൂറുകള്‍ വൈകിയോടിയത്. ഇന്നലെ രാവിലെ അഞ്ചിനു പോകേണ്ട വേണാട് എക്‌സ്പ്രസ് 8.30നാണു പുറപ്പെട്ടത്.
രാവിലെ ആറിനു കണ്ണൂരിലേക്കുള്ള ജനശതാബ്ദി രണ്ടേകാല്‍ മണിക്കൂറും തൊട്ടു പിന്നാലെയുള്ള ശബരി, മുംബൈ സി.എസ്.ടിയിലേക്കുള്ള ജയന്തിജനത, മുംബൈയിലേക്കുള്ള നേത്രാവതി തുടങ്ങിയവയും മണിക്കൂറുകള്‍ വൈകിയാണു പുറപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണു മാരാരിത്തോട്ടം കല്ലേലിഭാഗത്തു കല്ലുകടവു ഓവര്‍ബ്രിഡ്ജിനു സമീപം എസ് വളവില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത്.
രാസവളം കയറ്റി തമിഴ്‌നാട്ടില്‍ നിന്നും കോട്ടയത്തേക്കു പോകുകയായിരുന്ന ട്രെയിനിന്റെ 21 വാഗണുകളില്‍ മധ്യഭാഗത്തെ എട്ടാമത്തേതുമുതല്‍ ഒന്‍പത് വാഗണുകളാണു പാളം തെറ്റിയത്. അഞ്ചുവാഗണുകള്‍ സമീപത്തെ പുരയിടത്തിലേക്കു തെറിച്ചുവീണു. 600 മീറ്റര്‍ ഭാഗത്തെ പാളം പൂര്‍ണമായും തകര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."