പനമരം-നെല്ലിയമ്പം റോഡ് മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു
പനമരം: നെല്ലിയമ്പം-പനമരം റോഡിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കുന്നുകൂടുന്നു. റോഡരികിലൂടെ ഒഴുകുന്ന ചെറുപുഴക്കു സമീപവും മാലിന്യനിക്ഷേപം അധികരിച്ചിട്ടുണ്ട്.
മാലിന്യ സംസ്‌കരണത്തിനു സംവിധാനമില്ലാത്തതിനാല്‍ പ്രദേശങ്ങളിലേയും മറ്റുമുള്ള വീടുകളിലെ ആഘോഷങ്ങളുടെ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ചാക്കുകളിലാക്കി രാത്രികാലങ്ങളില്‍ ഇവിടങ്ങളില്‍ നിക്ഷേപിക്കുകയാണ്. അതിനിടെ, മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലാത്ത പഞ്ചായത്തും ടൗണില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം പുഴയുടെ സമീപത്തു നിക്ഷേപിക്കുകയാണ്.
എന്നാല്‍ ഇതിനെതിരേ ഇതുവരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. മഴ പെയ്താല്‍ ചെറുപുഴക്കു സമീപത്തെ മാലിന്യം പുഴയിലേക്കു ഒലിച്ചിറങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്.
മാലിന്യം നിറഞ്ഞതോടെ ദുര്‍ഗന്ധം കാരണം ഇതുവഴിയുള്ള കാല്‍നടയും ദുഷ്‌കരമായിരിക്കുകയാണ്. വേനല്‍ കാലത്തു സമീപങ്ങളില്‍ ഈച്ചശല്യം വര്‍ധിക്കാനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കുട്ടികള്‍ക്ക് ചുമയും കൈകാലുകളില്‍ ചൊറിച്ചിലും ഉണ്ടാകാറുള്ളതായി പ്രദേശവാസികള്‍ പറയുന്നു. മാലിന്യം കുന്നുകൂടിയതോടെ തെരുവുനായ ശല്യവും ഇവിടങ്ങളില്‍ രൂക്ഷമായിട്ടുണ്ട്.
മാലിന്യ സംസ്‌കരണത്തിനു കഴിഞ്ഞ പഞ്ചായത്ത് ബജറ്റില്‍ തുക വകയിരുത്തിയിരുന്നെങ്കിലും ഇതുവരെ തുടര്‍നടപടികളുണ്ടായിട്ടില്ല. ഹോട്ടലുകളിലെ മാലിന്യം സ്വന്തം നിലയില്‍ സംസ്‌കരിക്കണമെന്നു പഞ്ചായത്ത് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതും പാലിക്കപ്പെട്ടിട്ടില്ല.
അടിയന്തരമായി മാലിന്യ സംസ്‌കരണത്തിനു പദ്ധതികളാവിഷ്‌കരിച്ചില്ലെങ്കില്‍ ടൗണും പരിസരങ്ങളും മാലിന്യക്കൂമ്പാരമാകുമെന്നു നാട്ടുകാര്‍ പറയുന്നു. മാലിന്യ സംസ്‌കരണ സംവിധാനമൊരുക്കുന്നതോടൊപ്പം പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കു ബോധവല്‍ക്കരണം നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."