റെയില്‍വേ കുതിക്കുന്നു
കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനിലെ വികസനപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തിയതോടെ കണ്ണൂര്‍ ഇനി യാത്രാസൗഹൃദ സ്റ്റേഷനാകും. സബ്‌വേ, ലിഫ്റ്റ്, എസ്‌കലേറ്റര്‍, പുതിയ സ്റ്റേഷന്‍ കെട്ടിടം തുടങ്ങിയവയാണ് നിര്‍മിക്കുന്നത്. എസ്‌കലേറ്ററിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. കോഴിക്കോട്ട് ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനെത്തുന്ന റെയില്‍വേ മന്ത്രി പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലെ റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ നിര്‍മിച്ച് ഒരാഴ്ചയെങ്കിലും കഴിയാതെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാവാത്ത സാഹചര്യത്തില്‍ മറ്റൊരുദിവസം ഉദ്ഘാടനം നടത്തുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.
36.5 ലക്ഷം രൂപ ചെലവില്‍ കിഴക്കേ കവാടത്തില്‍ നിന്ന് രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലേക്ക് കടക്കാന്‍ നിര്‍മിക്കുന്ന ലിഫ്റ്റിന്റെ പ്രവൃത്തിയും ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഫുട്ട് ഓവര്‍ ബ്രിഡ്ജ്, പ്ലാറ്റ്‌ഫോം എന്നിവയിലെ തിരക്ക് നിയന്ത്രിക്കാനാകും. അംഗപരിമിതര്‍, വയോജനങ്ങള്‍ തുടങ്ങിയവരുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് ലിഫ്റ്റിലൂടെ പരിഹാരമാം.
1.71 കോടി രൂപ ചെലവില്‍ സ്റ്റേഷന്റെ വടക്കുഭാഗത്തായാണ് സബ്‌വേ നിര്‍മിക്കുന്നത്. നവംബറോടെ മാത്രമേ സബ്‌വേ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനാകൂ. ഒന്നാം പ്ലാറ്റ്‌ഫോമില്‍നിന്ന് മറ്റു പ്ലാറ്റ്‌ഫോമുകളിലേക്ക് മേല്‍പാലം കയറാതെ പ്രവേശിക്കാന്‍ ഇതുവഴി സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."