ബി.ജെ.പി പ്രവര്‍ത്തകരെ രക്ഷിക്കാന്‍ സംഘ്പരിവാര ശ്രമം
നാദാപുരം: തിരുവോണനാളില്‍ മാവേലിയുടെ വേഷംകെട്ടിയ തെയ്യം കലാകാരനെ ആക്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ രക്ഷിക്കാന്‍ വിവിധ സംഘ്പരിവാര്‍ സംഘടനകളുടെ ശ്രമം.
ഓണപ്പൊട്ടന്റെ വേഷം കെട്ടിയ വട്ടക്കണ്ടി സജേഷിനെയാണ് ബി.ജെ.പി പ്രവര്‍ത്തകരായ മത്തത്ത് പ്രണവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. ഇതു സംബന്ധിച്ച് നാദാപുരം പൊലിസ് കേസെടുത്തിരുന്നു. ഇതോടെ ബി.ജെ.പിയുടെയും സംഘ്പരിവാര്‍ സംഘടനകളുടെയും നേതാക്കള്‍ നാദാപുരം സ്റ്റേഷനിലെത്തി പ്രതികള്‍ക്കെതിരേ കേസെടുക്കരുതെന്ന് ആവശ്യപ്പെട്ടുകയായിരുന്നു. ഇതിനു പുറമെ, പട്ടികജാതി വിഭാഗത്തില്‍പെട്ട തെയ്യം കലാകാരനെതിരേ സ്ത്രീയെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് കേസെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന്, സജേഷിനെതിരേ കേസെടുക്കുകയും ചെയ്തു. അതേസമയം, മതവികാരം വ്രണപ്പെടുത്തുകയും ദലിത് യുവാവ് ആക്രമിക്കപ്പെടുകയും ചെയ്തിട്ടും സംഘ്പരിവാറിന്റെ സമ്മര്‍ദം കാരണം പ്രതികളെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല.
പൊലിസ് നടപടിയില്‍ തെയ്യം കലാകാരന്മാരുടെ സംഘടന പ്രതിഷേധിച്ചു. ഓണം വാമനജയന്തിയായി ആഘോഷിക്കണമെന്ന സംഘ്പരിവാര്‍ നയത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് സി.പി.എം ആരോപിച്ചു. പരമ്പരാഗത വേഷം കെട്ടി വിഷ്ണുമംഗലത്തെ അത്യോട്ടു ക്ഷേത്രപരിസരങ്ങളിലെ വീടുകളില്‍ പതിവായി സന്ദര്‍ശനം നടത്തുന്നത് സജീഷാണ്. ഓണത്തിനു വീടുകളില്‍ മാവേലി വേഷംകെട്ടുന്ന മലയ കീഴാള സമൂഹത്തോടുള്ള സംഘ്പരിവാറിന്റെ അസഹിഷ്ണുതയാണ് സംഭവത്തിലൂടെ പുറത്തായതെന്നും വിവിധ സംഘടനകള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."