ഇറാഖില്‍ യു.എസ് സൈന്യത്തിനു നേരെ ഐ.എസിന്റെ രാസായുധ പ്രയോഗം
ബാഗ്ദാദ്: ഇറാഖില്‍ യുഎസ് സൈന്യത്തിനു നേര്‍ക്ക് ഐഎസ് ഭീകരര്‍ രാസായുധം പ്രയോഗിച്ചതായി റിപ്പോർട്ട്. മൊസൂളിനടുത്തുള്ള ഖയാറാ വ്യോമ താവളത്തിനു സമീപം പതിച്ച റോക്കറ്റില്‍ മസ്റ്റര്‍ഡ് വാതകം ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നു യുഎസ് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് വ്യോമ താവളത്തിനു സമീപം റോക്കറ്റ് പതിച്ചത്.പ്രാഥമിക പരിശോധനകളില്‍ നിന്നും രാസായുധ ആക്രമണം നടന്നിട്ടുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. ഈ ആക്രമണം തങ്ങളുടെ ദൗത്യത്തെ ബാധിച്ചിട്ടില്ലെന്നും ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ തങ്ങള്‍ പ്രാപ്തരാണെന്നും വക്താക്കള്‍ അറിയിച്ചു.
യുഎസ് സൈന്യത്തിനു നേര്‍ക്ക് ഐഎസ് രാസായുധ ആക്രമണം നടത്തുന്നത് ആദ്യമാണ്. ഇറാക്കിലെ കുര്‍ദുകള്‍ക്കുനേരെ ഐഎസ് രാസായുധം പ്രയോഗിച്ച സംഭവങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ മിക്കതിലും മസ്റ്റര്‍ഡ് വാതകമാണ് ഉപയോഗിക്കുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഐഎസിന്റെ കൈവശമായിരുന്ന മൊസൂള്‍ യുഎസ് സേനയുടെ സഹായത്തോടെ ഇറാഖ് തിരികെ പിടിച്ചതിനു പിന്നാലെ നിരവധി ആക്രമണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."