അനിതക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം; ഉത്തരവിറക്കി സര്‍ക്കാര്‍
കോഴിക്കോട് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന നഴ്‌സിങ് ഓഫീസര്‍ പിബി അനിതയ്ക്ക് നിയനം. അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. അതിജീവിതയ്‌ക്കൊപ്പം നിന്നതിന്റെ പേരിലാണ് അനിത നടപടി നേരിട്ടത്. ഡിഎംഇ ആണ് നിയമനം സംബന്ധിച്ച ഉത്തരവിറക്കിയത്. നിയമനം ഉത്തരവ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സമരം അവസാനിപ്പിക്കുമെന്നും അനിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജിക്കെതിരെ നിയമ നടപടി തുടരുമെന്നും തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കുമെന്നും അനിത പറഞ്ഞു.
അതിജീവിതയ്‌ക്കൊപ്പം നിന്ന നഴ്‌സ് അനിതയ്ക്ക് കോഴിക്കോട് തന്നെ നിയമനം നല്‍കുമെന്ന് നേരത്തെ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്.. അനിതയുടെ ഭാഗത്ത് മേല്‍നോട്ടത്തില്‍ പിഴവുണ്ടായെന്ന മന്ത്രിയുടെ ആരോപണത്തിനെതിരെ അതിജീവിത തന്നെ രംഗത്ത് എത്തുകയും വിഷയം വലിയ വിവാദമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഉന്നതതല നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്ക് നിലപാട് മാറ്റി പറയേണ്ടി വന്നത്. വിഷയത്തില്‍ മന്ത്രിയുടെ മലക്കംമറിച്ചിലിന് പിന്നാലെയാണിപ്പോള്‍ ഉത്തരവിറങ്ങിയത്.
അതിജീവിതയ്‌ക്കൊപ്പം ആദ്യം മുതല്‍ നിലയുറപ്പിച്ച നഴ്‌സ് അനിതയുടെ ഭാഗത്ത് മേല്‍നോട്ടത്തില്‍ പിഴവുണ്ടായി എന്നായിരുന്നു മന്ത്രിയുടെ ആരോപണം. ഡി എം ഇ യുടെ റിപ്പോര്‍ട്ടിനെ കൂട്ടുപിടിച്ചാണ് മന്ത്രി ആരോപണം ഉന്നയിച്ചത്. എന്നാല്‍, മന്ത്രിക്കെതിരെ അതിജീവിത തന്നെ രംഗത്തെത്തി. കേസിന്റെ നാള്‍വഴികള്‍ വെച്ച് മന്ത്രിയുടെ ആരോപണത്തിലെ പൊള്ളത്തരം ഏഷ്യാനെറ്റ് ന്യൂസ് അടക്കം തുറന്നുകാട്ടി.
അതിജീവിതയ്ക്ക് പുനര്‍നിയമനം നല്‍കുന്ന ഘട്ടത്തില്‍ ഹൈക്കോടതിക്ക് മുന്നില്‍ പറയാതിരുന്ന കാര്യങ്ങള്‍ പുതിയ ആരോപണമായി മന്ത്രിയെ ഉന്നയിച്ചതിനെതിരെ പലകോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. പുനര്‍നിയമനം നല്‍കണമെന്ന് ഡിവിഷന്‍ ഉത്തരവ് നടപ്പാക്കുന്നില്ല എന്ന് ആരോപിച്ച് അനിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി കോടതി ഉടന്‍ പരിഗണിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മന്ത്രി നിലപാട് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."