വൈദ്യുതി വകുപ്പ് ഉപഭോക്താക്കളെ വഞ്ചിച്ചതായി പരാതി
എടപ്പാള്‍: പണമടച്ചു മാസങ്ങള്‍ പിന്നിട്ടിട്ടും വൈദ്യുതി വകുപ്പു മുഖേന വിതരണം ചെയ്യേണ്ടണ്ട എല്‍.ഇ.ഡി ബള്‍ബുകള്‍ ഗുണഭോക്താക്കള്‍ക്കു വിതരണം ചെയ്തില്ലെന്ന പരാതി. നേരത്തേ വിതരണം ചെയ്ത ബള്‍ബുകളില്‍ തകരാറിലായവ മാറ്റി നല്‍കാനും നടപടിയായിട്ടില്ല. വിവിധ വൈദ്യുതി വകുപ്പ് ഓഫിസുകളിലാണു ബള്‍ബുകള്‍ ഇനിയും വിതരണം ചെയ്യാതെ ഗുണഭോക്താക്കളെ വലയ്ക്കുന്നത്. പണമടച്ച ബില്ലിന്റെ പകര്‍പ്പും 190 രൂപയും നല്‍കിയാല്‍ ഗുണഭോക്താവിനു രണ്ടു ബള്‍ബുകള്‍ വീതം നല്‍കും. എല്‍.ഇ.ഡി ബള്‍ബുകളുടെ പ്രചാരം വര്‍ധിപ്പിച്ചു വൈദ്യുതി ഉപഭോഗം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്.
ആദ്യഘട്ടത്തില്‍ പണമടച്ചവര്‍ക്കെല്ലാം യഥാസമയം ബള്‍ബുകള്‍ ലഭിച്ചിരുന്നു. പിന്നീടു പണം നല്‍കിയവരാണു വെട്ടിലായത്. തെരഞ്ഞെടുപ്പിനു മുന്‍പു പണമടച്ചവര്‍ കാത്തിരിപ്പു തുടരുകയാണ്.
വൈദ്യുതി ഓഫിസില്‍ ചോദിച്ചാല്‍ ബള്‍ബ് സ്റ്റോക്കില്ലെന്നാണു മറുപടി. നേരത്തേ വാങ്ങിയവരുടെ ബള്‍ബുകള്‍ പലതും ഇതിനോടകം തകരാറിലായി. നിശ്ചിത സമയം ഗ്യാരന്റണ്ടി വാഗ്ദാനം ചെയ്തിട്ടുള്ളതിനാല്‍ ഇവ മാറ്റി നല്‍കാന്‍ അധികൃതര്‍ ബാധ്യസ്ഥരാണെങ്കിലും സ്റ്റോക്കില്ലാത്തതിനാല്‍ പകരം നല്‍കാനും സാധിക്കുന്നില്ല.
പണമടച്ചവര്‍ക്കു ബള്‍ബുകള്‍ ഇനിയും നല്‍കാനുള്ളതിനാല്‍ പുതിയ അപേക്ഷകള്‍ നിലവില്‍ സ്വീകരിക്കുന്നുമില്ല. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാല്‍ ഏതാനും മാസം ഇവ വിതരണം ചെയ്യാന്‍ സാധിച്ചില്ലെന്നും പുതിയ സ്റ്റോക്ക് എത്തിയാല്‍ നേരത്തേ പണമടച്ചവര്‍ക്കു വിതരണം ചെയ്യുമെന്നുമാണു വൈദ്യുതി വകുപ്പ് അധികൃതര്‍ നല്‍കുന്ന മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."