ഡിഫ്തീരിയയും അപകടങ്ങളും; ഒരു വര്‍ഷത്തിനിടെ വെട്ടത്തൂരില്‍ പൊലിഞ്ഞത് 13 ജീവനുകള്‍
വെട്ടത്തൂര്‍: അപകട മരണങ്ങള്‍ വെട്ടത്തൂരിനെ വിടാതെ പിന്തുടരുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ അപകടങ്ങളിലായി വെട്ടത്തൂരില്‍ മരിച്ചതു 13 പേരാണ്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഡിഫ്തീരിയ രോഗം റിപ്പോര്‍ട്ട് ചെയ്യുകയും അഞ്ചു പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തപ്പോള്‍ വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ അറബിക് കോളജിലെ രണ്ടു വിദ്യാര്‍ഥികളാണു മരിച്ചത്. തെക്കന്‍കുറ്റൂര്‍ കല്‍പകഞ്ചേരി സ്വദേശി മുഹമ്മദ് മുനീറുദ്ദീന്‍(10), കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശി അമീറുദ്ദീന്‍ (12) എന്നിവരാണ് അകാലത്തില്‍ വിടപറഞ്ഞത്.
മൂന്നു മാസങ്ങള്‍ക്കു ശേഷം മറ്റൊരു ദാരുണ സംഭവത്തിനാണു വെട്ടത്തൂര്‍ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10നായിരുന്നു മദ്‌റസ വിട്ടു വീട്ടിലേക്കു മടങ്ങുകയായിരുന്ന രണ്ടു വിദ്യാര്‍ഥിനികള്‍ ബൈക്കിടിച്ചു മരിച്ചത്. കാപ്പ് ജി.എം.യു.പി ആന്‍ഡ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനികളായ വെട്ടത്തൂര്‍ ഒടുവംകുണ്ട് പി.ടി.യാസറിന്റെ മകള്‍ മുസ്‌നിയ(6), മണ്ണാര്‍മല പള്ളിപ്പടിയിലെ കോഴിശേരി ഹൈദരലിയുടെ മകള്‍ ഹിസാന (9) എന്നിവരുടെ വിയോഗമാണു പ്രദേശവാസികളെ ദുഃഖത്തിലാക്കിയത്. ഇതേ സ്‌കൂളിലെ കണക്ക് അധ്യാപകനായിരുന്ന തൃക്കടീരി സ്വദേശി പ്രജിത്തിന്റെ മരണം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴായിരുന്നു ഈ അപകട മരണമുണ്ടായത്.
ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ ജനുവരി 12നാണു വെട്ടത്തൂര്‍ പൂങ്കാവനം അണക്കെട്ടിനു സമീപം മഠത്തില്‍ സുരേഷ് ബാബുവിന്റെ മകനും വെട്ടത്തൂര്‍ ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയുമായിരുന്ന സുധീഷ് (കണ്ണന്‍15) രോഗത്തെത്തുടര്‍ന്നു മരിച്ചത്. ഇതിന്റെ മനോവിഷമം കാരണം ഫെബ്രുവരി അഞ്ചിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. സുധീഷിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള നാലംഗ കുടുംബം ആത്മമഹത്യയ്ക്കു ശ്രമിക്കുകയും മകള്‍ സനിഗ (11) മരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നു കാണാതായ പിതാവു സുരേഷ് ബാബുവിനെ പിന്നീടു തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജിനു സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ദിവസങ്ങള്‍ക്കപ്പുറം ഫെബ്രുവരി 19നായിരുന്നു വേങ്ങൂര്‍ കൂരിയാട്ട് വട്ടാംപറമ്പില്‍ അബ്ദുല്‍ നാസറിന്റെ മകന്‍ അബൂത്വാഹിര്‍(20) ബൈക്കും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു മരിച്ചത്. മദ്‌റസ വിദ്യാര്‍ഥിനികള്‍ ബൈക്കിടിച്ചു മരിച്ചതിന്റെ നടുക്കം മാറും മുമ്പായിരുന്നു ഈ അപകടം.
വെട്ടത്തൂര്‍ കാപ്പ് വല്ലക്കുളത്തിലെ അപകട മരണമായിരുന്നു മറ്റൊന്ന്. കഴിഞ്ഞ മാസം രണ്ടിനാണു കാപ്പ് ജുമാമസ്ജിദിലെ ദര്‍സ് വിദ്യാര്‍ഥിയും വാഴയൂര്‍ തിരുത്തിയാട് അമ്പിളിചാനത്ത് യാസര്‍ അറഫാത്തിന്റെ മകനുമായ ആദില്‍ (13) മുങ്ങി മരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നു വെട്ടത്തൂര്‍ ഹൈസ്‌ക്കൂള്‍പ്പടിയിലെ പട്ടിക്കാടന്‍ സലീമിന്റെ മകള്‍ ഫാത്തിമ ഹിബ (9) അപകടത്തില്‍ മരിച്ചതും ഈ കുളത്തില്‍ നിന്നായിരുന്നു.
ഇതിനുപുറമെ, മൂന്നു ദിവസം മുമ്പ്, അധ്യാപികയുടെയും രണ്ടു മക്കളുടെയും മരണ വാര്‍ത്തയും ഞെട്ടലോടെയാണു വെട്ടത്തൂരുകാര്‍ കേട്ടത്. വെട്ടത്തൂര്‍ കവലയിലെ തോട്ടമറ്റത്തില്‍ ലിജോയുടെ ഭാര്യ ജിഷമോള്‍ (35), മക്കളായ അന്ന ലിജോ (12), ആല്‍ബര്‍ട്ട് (പത്ത് മാസം) എന്നിവരെയാണു കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ ദുരൂഹ സാഹചര്യത്തില്‍ വീടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന്റെ ആഘാതത്തില്‍ നിന്നും വെട്ടത്തൂര്‍ ഗ്രാമം ഇനിയും മുക്തരായിട്ടില്ല.
മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പു ജില്ലയ്ക്കു കണ്ണീരിന്റെ ദുഃഖ വെള്ളി സമ്മാനിച്ച തേലക്കാടു ദുരന്തത്തിനും സാക്ഷ്യം വഹിച്ച പ്രദേശമാണു വെട്ടത്തൂര്‍. വിദ്യാര്‍ഥികളടക്കം ഒരുപാടു പേരുടെ പ്രതീക്ഷയായിരുന്ന 15 ജീവനുകളാണ് ഈ അപകടത്തില്‍ പൊലിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."