കര്‍ഷകരെ പ്രതിസന്ധിയിലാക്കി കാവേരി പ്രശ്‌നം; 30 ടണ്‍ കൂണ്‍ നശിച്ചു
ഗൂഡല്ലൂര്‍: കാവേരി നദീജല തര്‍ക്കം തമിഴ്‌നാട്ടിലെ കര്‍ഷകരെയും ബാധിക്കുന്നു. നിലവില്‍ വിളവെടുത്ത ഉല്‍പന്നങ്ങള്‍ കയറ്റി അയക്കാനാകാതെ നശിക്കുകയാണ്. കയറ്റുമതി നിലച്ചതോടെ നീലഗിരി ജില്ലയില്‍ 30 ടണ്‍ കൂണാണ് നശിച്ചത്. ഊട്ടി, കുന്നൂര്‍, കോത്തഗിരി മേഖലകളിലെ 340 സ്ഥലങ്ങളിലാണ് കൂണ്‍ കൃഷിചെയ്യുന്നത്. ദിനംപ്രതി 25 ടണ്‍ കൂണാണ് ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദിവസങ്ങളായി തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറികള്‍ കര്‍ണാടകയിലേക്ക് സര്‍വിസ് നടത്തുന്നില്ല. ഇതോടെ കാര്‍ഷിക വിളകള്‍ ഗോഡൗണുകളില്‍ കെട്ടിക്കിടന്ന് നശിക്കുന്ന അവസ്ഥയിലാണ്.
തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേക്കും കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലേക്കുമാണ് നീലഗിരിയില്‍ നിന്ന് കൂണ്‍ കയറ്റി അയക്കുന്നത്.
പ്രതിദിനം അഞ്ച് ടണ്‍ കൂണാണ് കര്‍ണാടകയിലേക്ക് കയറ്റി അയച്ചിരുന്നത്. അതാണ് ഇപ്പോള്‍ ഗോഡൗണില്‍ കെട്ടിക്കിടന്ന് നശിച്ചത്. ഇതോടെ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് സംഭവിച്ചിരിക്കുന്നത്. കൂടാതെ കാര്‍ഷിക വിളകളായ തേയില, പച്ചക്കറി തുടങ്ങിയവും കയറ്റി അയക്കാനാകാതെ കെട്ടിക്കിടക്കുകയാണ്. ടണ്‍ കണക്കിന് ചായപ്പൊടിയാണ് നീലഗിരിയില്‍ കെട്ടിക്കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."