കോണ്‍ഗ്രസ് തകരാതിരിക്കണമെങ്കില്‍
വ്യത്യസ്തഭാഷകള്‍ സംസാരിക്കുന്ന വിവിധ ജാതിമതക്കാരായ 130 കോടി മനുഷ്യര്‍, ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ഏകോദരസഹോദരങ്ങളെപ്പോലെ ജീവിക്കുന്ന നമ്മുടെ ഇന്ത്യയില്‍ ഇത്തരത്തിലൊരു അന്തരീക്ഷം രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്.
ലോകത്തിലെ ഏറ്റവും പഴയതും ഏറ്റവും വലുതുമായ മതേതര ജനാധിപത്യരാഷ്ട്രീയപ്പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാന്‍ നേതൃത്വം കൊടുത്ത മഹാപ്രസ്ഥാനം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അനിഷേധ്യസാന്നിധ്യമായി മാറിയ പ്രസ്ഥാനം. ഇതുവരെ നടന്ന 15 ലോക്‌സഭാ തിരഞ്ഞടുപ്പുകളില്‍ ആറുതവണ വ്യക്തമായ ഭൂരിപക്ഷത്തോടെ ഒറ്റയ്ക്കും നാലുതവണ മുന്നണിയായും അധികാരത്തിലെത്തിയ പ്രസ്ഥാനം.
മഹാനായ ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ലോകപ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞന്‍ മന്‍മോഹന്‍സിങ് വരെയുള്ള ഏഴുപ്രധാനമന്ത്രിമാരെ കാഴ്ചവച്ച പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്.
ഇന്ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയപ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നത്. ഓരോ സംസ്ഥാനങ്ങളില്‍നിന്നായി തൂത്തെറിയപ്പെടുകയാണ്. എന്തുകൊണ്ട് ഇത്രയും പാരമ്പര്യമുള്ള, ലോകത്തിനുതന്നെ മാതൃകയായിരുന്ന മതേതരജനാധിപത്യകക്ഷി പരാജയത്തില്‍നിന്നു പരാജയത്തിലേയ്ക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. എവിടെയാണ് പിഴച്ചത്. ആര്‍ക്കാണു പിഴച്ചത്. ഇതു ഗൗരവത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞദിവസം കിട്ടിയ ഒരു വാട്‌സ്ആപ്പ് സന്ദേശം ഇങ്ങനെയായിരുന്നു: 'അരുണാചല്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ആകെയുള്ള 44 എം.എല്‍.എമാരില്‍ മുഖ്യമന്ത്രിയടക്കം 43 പേര്‍ കോണ്‍ഗ്രസ് വിട്ടു മറ്റൊരു ാര്‍ട്ടിയില്‍ ചേര്‍ന്നു. ഇതറിഞ്ഞ രാഷ്ട്രീയലോകം ഞെട്ടിത്തരിച്ചു. എന്നിട്ടും ഒരു കൂസലുമില്ലാതെ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിയില്‍ യുവരാജാവിനെ മണിയടിക്കുന്ന തിരക്കിലാണ്.'
ഇത് ആക്ഷേപഹാസ്യമാണങ്കിലും രാഷ്ട്രീയസംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന വ്യത്യസ്താഭിപ്രായമുണ്ടാകില്ല. കോണ്‍ഗ്രസിനെ ഇന്നു നയിക്കുന്നവര്‍ക്കു ചുവടുപിഴയ്ക്കുന്നുവെന്നതു പരസ്യമായ യാഥാര്‍ഥ്യമാണ്. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പ്രബലമെന്നു കോണ്‍ഗ്രസിനെ വിശേഷിപ്പിക്കാം. നെഹ്‌റു കുടുംബത്തിന്റെ നേതൃത്വത്തിലും തണലിലുമാണു കോണ്‍ഗ്രസ് ഇന്നുവരെ നിലനിന്നത് എന്നതുകൊണ്ടും രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനും സോണിയാഗാന്ധിയുടെ രംഗപ്രവേശത്തിനുമിടയില്‍ പാര്‍ട്ടി നാഥനില്ലാക്കളരിയായി എന്നതുകൊണ്ടും നെഹ്‌റു കുടുംബത്തിന്റെ ആശിര്‍വാദമില്ലാതെ കോണ്‍ഗ്രസിനു നിലനില്‍പ്പില്ലെന്ന ധാരണ പാര്‍ട്ടിക്കുള്ളിലും പുറത്തുമുണ്ടായി. ഇപ്പോഴും ഒരു പരിധിവരെ അതു നിലനില്‍ക്കുന്നു.
മുന്നണിരാഷ്ട്രീയത്തിലൂടെയാണങ്കിലും സോണിയയുടെ കാലത്തു പത്തുവര്‍ഷം കേന്ദ്രഭരണം കൈയാളാനും പല സംസ്ഥാനങ്ങളിലും ഭരണം പിടിച്ചെടുക്കാനും ഉള്ള സ്ഥലങ്ങളില്‍ നിലനിര്‍ത്താനും സാധിച്ചു. ഹൈക്കമാന്റ് രാഹുല്‍ഗാന്ധിയുടെ കൈകളിലെത്തിയതു മുതല്‍ പാര്‍ട്ടിക്കു നിരന്തരമായ തിരിച്ചടികളാണുണ്ടായികൊണ്ടിരിക്കുന്നത്. അസ്ഥിത്വം പണയം വച്ചും പശ്ചിമബംഗാളില്‍ സി.പി.എമ്മുമായി സഖ്യമുണ്ടാക്കിയിട്ടും മമതാ ബാനര്‍ജിക്കു മുന്‍പില്‍ ദയനീയമായി മുട്ടുമടക്കേണ്ടിവന്നു.
ചത്തീസ്ഗഡിലെ മുന്‍മുഖ്യമന്ത്രിയും ആദിവാസിവിഭാഗക്കാരനുമായ അജിത് ജോഗി പാര്‍ട്ടിയില്‍നിന്നു പുറത്തുപോകുന്നതായും പുതിയപാര്‍ട്ടി രൂപീകരിക്കുന്നതായും ഈയിടെ പ്രഖ്യാപിച്ചല്ലോ. ഒന്നര പതിറ്റാണ്ടുകാലമായി ബി.ജെ.പി കൈയില്‍വച്ചു കൊണ്ടാടുന്ന ചത്തീസ്ഖണ്ഡ് തിരിച്ചുപിടിക്കാന്‍ ഇനി കോണ്‍ഗ്രസിനു കഴിയില്ലെന്ന ബോധ്യത്താലോ പ്രാദേശികപ്പാര്‍ട്ടിക്കാണു കൂടുതല്‍ സാധ്യതയെന്ന വിലയിരുത്തലിലോ ആയിരിക്കുമല്ലോ അജിത് ജോഗിയെപ്പോലുള്ള മുതിര്‍ന്ന നേതാവ് ഇത്തരത്തില്‍ ചിന്തിച്ചിരിക്കുക.
ത്രിപുരയില്‍ കോണ്‍ഗ്രസിന്റെ പത്ത് എം.എല്‍.എമാരില്‍ ആറുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചു. ത്രിപുരയിലെ മുഖ്യ എതിരാളിയായ സി.പി.എമ്മുമായി പശ്ചിമബംഗാളില്‍ സഖ്യത്തിലേര്‍പ്പെട്ടതിന്റെ മനോവിഷമത്തിലാണിതു സംഭവിച്ചതെന്നു പറയുന്നു. മേഘാലയയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരേ ഒരു വിഭാഗം പാര്‍ട്ടി എം.എല്‍.എമാര്‍ രംഗത്തുവന്നിരിക്കുകയാണ്. പ്രതിപക്ഷവുമായി സഹകരിക്കാനാണവരുടെ തീരുമാനം. ഉത്തരാഖണ്ഡില്‍ അവിശ്വാസപ്രമേയത്തില്‍ ഒമ്പതു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിക്കെതിരേ വോട്ടുരേഖപ്പെടുത്തി. കോടതിയുടെ സമയോചിത ഇടപെടലുകൊണ്ടു മാത്രമാണ് അവിടെ പാര്‍ട്ടിക്കു മാനംരക്ഷിക്കാനായത്. പ്രമോദ് മഹാജനെപ്പോലൊരു കരുത്തനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലര്‍ത്തിയടിച്ച, ഗുരുദാസ് കാമത്ത് എന്ന പ്രമുഖനേതാവ് പാര്‍ട്ടിനേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചു രാജി വച്ചു.
കോണ്‍ഗ്രസ്‌വിട്ട നേതാക്കളെല്ലാം അവരുടെ സംസ്ഥാനങ്ങളില്‍ ശക്തരാകുന്നതും കോണ്‍ഗ്രസ് അവിടെ തകരുന്നതുമാണ് ഇക്കാലത്തിനിടയിലെല്ലാം കണ്ടത്. മമതാ ബാനര്‍ജി ബംഗാളിലും ശരത്പവാര്‍ മഹാരാഷ്ട്രയിലും മുഫ്തി മുഹമ്മദ് സയിദ് കശ്മിരിലും ശക്തരായത് ഉദാഹരണം. വിഭജനത്തിനു മുന്‍പത്തെ ആന്ധ്രയില്‍ 156 നിയമസഭാംഗങ്ങളുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ആന്ധ്രയില്‍ പൂജ്യമാണ്. കോണ്‍ഗ്രസ് മുന്‍കൈയെടുത്തു രൂപീകരിച്ച തെലുങ്കാനയില്‍ കേവലം രണ്ടംഗങ്ങളുമായി പരിതാപകരമായ സ്ഥിതിയിലാണ്. അവിടുത്തെ കരുത്തനായ നേതാവായിരുന്ന വൈ.എസ് രാജശേഖര റെഡ്ഢിയുടെ മകന്‍ ജഗന്‍മോഹനെ പുറത്താക്കിയും സി.ബി.ഐയെ ഉപയോഗിച്ച് അറസ്റ്റുചെയ്യിച്ചു പ്രകോപനമുണ്ടാക്കിയും വളരെയേറെ 'ബുദ്ധിമുട്ടി'യാണ് അവിടെ പാര്‍ട്ടിയെ ഇല്ലാതാക്കിയത്.
പ്രിയങ്കാഗാന്ധി ജീവിക്കുന്ന ഹരിയാനയില്‍ പാര്‍ട്ടിക്കു ദയനീയമായി അധികാരം നഷ്ടപ്പെട്ടു. തൊട്ടുപിന്നാലെ റോബര്‍ട്ട് വാദ്രയ്ക്കുവരെ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നു. അവിടെ പാര്‍ട്ടി തകര്‍ച്ചയിലായതിനു കാരണം രണ്ടു പ്രമുഖനേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതാണ്. പാര്‍ട്ടിവിട്ട റാവു ബീരേന്ദ്രസിങ്ങും ഇന്ദര്‍ജിത്‌സിങ്ങും ഇന്നു മോദിസഭയില്‍ മന്ത്രിമാരാണ്. ആസമില്‍ ഹിമന്തബിശ്വയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ഭരണം ബി.ജെ.പിയുടെ കൈകളിലെത്തി.
എന്തുകൊണ്ടാണ് കോണ്‍ഗ്രസില്‍ ഇങ്ങനെയൊരു പ്രതിഭാസം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. നിലവിലുള്ള കേന്ദ്രനേതൃത്വത്തില്‍ പാര്‍ട്ടിക്കു തിരിച്ചുവരവുണ്ടാവില്ലെന്ന ബോധം സാധാരണനേതാക്കളില്‍ വ്യാപകമാണ്. ഹൈക്കമാന്റ് ബുദ്ധിശൂന്യരും അനുഭവജ്ഞാനമില്ലാത്തവരുമായ ഒരുപറ്റം നേതാക്കളുടെ ഉപജാപത്തില്‍പ്പെട്ടുപോയതായി സംശയിക്കേണ്ടിയിരിക്കുന്നു. ഹൈക്കമാന്റിനെ മുഖം കാണിക്കാന്‍ പരിണതപ്രജ്ഞരായ മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ക്കുപോലും ഡല്‍ഹിയില്‍ കാത്തുകെട്ടിക്കിടക്കേണ്ടി വരുന്നു. ഡല്‍ഹിയിലിരിക്കുന്നവര്‍ യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ മനസിലാക്കാനും പെരുമാറാനും പരിശീലിക്കണം. ഇല്ലെങ്കില്‍ പണ്ടുപണ്ട് ഇന്ത്യയില്‍ കോണ്‍ഗ്രസ് എന്നൊരു രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടായിരുന്നുവെന്നു സ്‌കൂളില്‍ പഠിപ്പിക്കേണ്ട സ്ഥിതിയാവും.
കോണ്‍ഗ്രസിനു കുറച്ചെങ്കിലും സംഘടനാസംവിധാനമുള്ള കേരളത്തിലും ഹൈക്കമാന്റ് നിലപാടു കാരണം ഭീമമായ തിരിച്ചടി നേരിടുകയാണ്. ജനസ്വാധീനമുള്ള നേതാക്കളെ വിശ്വാസത്തിലെടുക്കുന്നതിനു പകരം ഹൈക്കമാന്റ് തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണ്. ഇങ്ങനെയായാല്‍ കേരളവും പാര്‍ട്ടിക്കു നഷ്ടപ്പെടും. ദില്ലി മുതല്‍ ബൂത്തുവരെയുള്ള എല്ലാ ഘടകങ്ങളിലും സംഘടനാപരവും നയപരവുമായ ശസ്ത്രക്രിയ നടത്തിയാല്‍ കോണ്‍ഗ്രസിനു പഴയകാലപ്രതാപം വീണ്ടെടുക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."