പ്ലസ് വണ്‍ ഇപ്രൂവ്‌മെന്റ് പരീക്ഷ; ഹാള്‍ടിക്കറ്റ് സൈറ്റില്‍ വരാന്‍ വൈകി
പൊന്നാനി: തിങ്കളാഴ്ച ആരംഭിക്കുന്ന പ്ലസ്‌വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ എച്ച്.എസ്.എയുടെ സൈറ്റില്‍ വരാതിരുന്നതു വിദ്യാര്‍ഥികളെയും അധ്യാപകരെയും ദുരിതത്തിലാക്കി. വ്യാഴാഴ്ച സൈറ്റില്‍ വരേണ്ടിയിരുന്ന ഹാള്‍ടിക്കറ്റാണു വെള്ളിയാഴ്ച മൂന്നായിട്ടും ലഭിക്കാതിരുന്നത്. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്കു ശനി അവധി ദിനമായതിനാല്‍ വെള്ളിയാഴ്ച രാവിലെ തന്നെ ഹാള്‍ടിക്കറ്റ് വാങ്ങാന്‍ കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിയിരുന്നു. എന്നാല്‍ ഹാള്‍ടിക്കറ്റ് സൈറ്റില്‍ വരാതിരുന്നതു മൂലം പലരും വൈകുന്നേരംവരെ കാത്തിരിക്കേണ്ടിവന്നു. ഓപ്പണ്‍ സ്‌കൂളുകളില്‍ രജിസ്റ്റര്‍ ചെയ്ത പ്രൈവറ്റ് വിദ്യാര്‍ഥികളാണു കൂടുതല്‍ ദുരിതത്തിലായത്.
സൈറ്റില്‍ കിട്ടുന്ന ഹാള്‍ടിക്കറ്റുകള്‍ പരീക്ഷാര്‍ഥിയുടെ സാന്നിധ്യത്തില്‍ ഫോട്ടോ പതിച്ചതിനു ശേഷമാണു വിദ്യാര്‍ഥികള്‍ക്കു നല്‍കുക. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷക്കു പ്രൈവറ്റ് വിദ്യാര്‍ഥികളായ നിരവധി പേര്‍ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിനു പിടിയിലായിരുന്നു. പ്രധാനമായും കോട്ടക്കല്‍, വളാഞ്ചേരി , എടപ്പാള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണു പരീക്ഷയിലെ ആള്‍മാറാട്ടത്തിനു പിടിയിലായത്. ഇവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് അന്നു കേസെടുത്തിരുന്നത്. തുടര്‍ന്നു വിവിധയിടങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ കേസ് ചെറിയവകുപ്പുകള്‍ ചേര്‍ത്ത് ഒതുക്കിക്കളയുകയായിരുന്നു .
ഇത്തവണയും പരീക്ഷയില്‍ ആള്‍മാറാട്ടം നടക്കുന്നതു തടയാന്‍ ശക്തമായ നിരീക്ഷണമാണ് ഓരോ സ്‌കൂളുകളിലും എടുത്തിട്ടുള്ളത്. നിലവിലെ ഹാള്‍ടിക്കറ്റ് സമ്പ്രദായം പരീക്ഷക്ക് ആള്‍മാറാട്ടം നടക്കുന്നതിനു സഹായകമാണെന്നാണു സ്‌കൂള്‍ അധികൃതര്‍ തന്നെ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."