അറിയാനും വേണം ചില അറിവുകള്‍
''അറിയാത്തതറിയാന്‍ അറിയേണ്ടതറിയണം.''
ഗുരുവിന്റെ വാക്കുകള്‍ ശിഷ്യര്‍ക്ക് തീരെ മനസിലായില്ല. അവര്‍ക്കു മനസിലായില്ലെന്നു മനസിലായപ്പോള്‍ ഗുരു കുറെകൂടി ലളിതമാക്കി:
''അറിവില്ലാത്തതിലേക്ക് എത്താന്‍ അറിവ് വേണം. അടിസ്ഥാനപരമായ ചില അറിവുകള്‍. ആ അറിവിലൂടെയാണ് അറിവില്ലാത്തതിലേക്ക് പോകേണ്ടത്...''
''അങ്ങ് ഒരുദാഹരണത്തിലൂടെ ഇതൊന്ന് വ്യക്തമാക്കിത്തരുമോ..?'' ശിഷ്യന്മാരുടെ അപേക്ഷ.
''തീര്‍ച്ചയായും...ഒരുദാഹരണം പറയാം...ഒരാള്‍ക്ക് മൈക്ക് എന്താണെന്ന് അറിയില്ലെന്നു കരുതുക. ജീവിതത്തില്‍ അങ്ങനെയൊരു വസ്തുവെ കുറിച്ച് അയാള്‍ തീരെ കേട്ടിട്ടില്ല. അയാള്‍ക്ക് എങ്ങനെയാണ് നിങ്ങള്‍ അതിനെ പരിചയപ്പെടുത്തിക്കൊടുക്കുക?''
''മൈക്ക് എന്നാല്‍ നമ്മുടെ ശബ്ദം ഉച്ചത്തിലാക്കാന്‍ ഉപയോഗിക്കുന്ന ഒരുപകരണമാണെന്ന് പറഞ്ഞുകൊടുക്കും..''
''അങ്ങനെ പറഞ്ഞുകൊടുത്താല്‍ അയാള്‍ക്ക് മനസിലാകുമോ..?''
''തീര്‍ച്ചയായും..''
''അതെങ്ങനെ..?''
''ശബ്ദം എന്നാല്‍ എന്താണെന്ന് അയാള്‍ക്കറിയാമല്ലോ...അതിനെ ഉച്ചത്തിലാക്കുക എന്നാല്‍ എന്താണെന്നും അറിയാം. ഉച്ചത്തിലാക്കാന്‍ പറ്റുന്ന ഒരുപകരണം എന്നു പറഞ്ഞാലും അയാള്‍ക്കു മനസിലാകും. ഇതൊക്കെ അറിയുമെങ്കില്‍ അങ്ങനെയുള്ള ഒരു ഉപകരണത്തിന്റെ പേരാണ് മൈക്ക് എന്നു പറഞ്ഞാല്‍ അയാള്‍ക്ക് തീര്‍ച്ചയായും മനസിലാകുമല്ലോ..''
''ശരി, ഇതു തന്നെയാണ് ഞാന്‍ പറഞ്ഞത്. ഒരാള്‍ തനിക്ക് അറിയാത്ത ഒരു കാര്യം അറിയുന്നത് അറിഞ്ഞ ചില കാര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോഴാണ്. ശബ്ദം, ഉച്ചത്തിലാക്കുക, ഉപകരണം എന്നീ അറിവുകള്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ മൈക്ക് എന്ന അറിയാത്ത ഒന്നിനെ അറിയാന്‍ കഴിഞ്ഞു. അറിവില്‍നിന്ന് അറിവില്ലാത്തത് അറിവായി...!
അപ്പോള്‍ ഒരു കാര്യം മനസിലാക്കാം: അറിവില്ലായ്മയില്‍നിന്നല്ല, അറിവില്‍നിന്നാണ് അറിവിലേക്കുള്ള പ്രയാണം നടക്കേണ്ടത്. ലോകത്ത് ഏതൊരു അറിവും ലഭിക്കുന്നത് ലഭിച്ച അറിവില്‍നിന്നാണ്. ഒരറിവാണ് മറ്റൊരറിവിനെ പ്രസവിക്കുന്നത്. അറിവില്ലായ്മയ്ക്ക് അറിവിനെയല്ല, അറിവില്ലായ്മയെ മാത്രമേ ജനിപ്പിക്കാനാകൂ...മറ്റൊരാള്‍ക്കും നിങ്ങളെ അറിവാളനാക്കാന്‍ കഴിയില്ല. അറിവാളനാക്കാന്‍ സഹായിക്കാനേ പറ്റൂ...നിങ്ങളെ അറിവാളനാക്കുന്നത് നിങ്ങളുടെ അറിവുകള്‍തന്നെയാണ്. മൈക്ക് എന്താണെന്നറിയാത്ത ആള്‍ക്ക് നിങ്ങളത് അറിയിച്ചുകൊടുത്തത് അയാള്‍ക്കാദ്യമേ അറിയാമായിരുന്ന ശബ്ദം, ഉച്ചത്തിലാക്കുക, ഉപകരണം എന്നീ പദാവലികള്‍ ഉപയോഗിച്ചാണ്. അയാളുടെ അറിവുപയോഗപ്പെടുത്തി അയാള്‍ക്കറിയാത്തത് നിങ്ങള്‍ പഠിപ്പിച്ചുകൊടുത്തു. അല്ല, അറിയാത്തതറിയാന്‍ നിങ്ങള്‍ അയാളെ സഹായിച്ചു. അധ്യാപകരാകാന്‍ പോകുന്ന നിങ്ങള്‍ സ്വീകരിക്കേണ്ട മാര്‍ഗം ഇതാണ്. അല്ലാതിരുന്നാല്‍, നിങ്ങള്‍ അധ്യാപകരല്ല, അധ്യാപഹയന്മാരാണാവുക.''
''ഗുരോ, ഒരു സംശയം. ഒരാളെ അറിവാളനാക്കാന്‍ അയാളുടെ അറിവുപയോഗപ്പെടുത്തുക മാത്രമേ മാര്‍ഗമുള്ളൂ..?''
''മറ്റൊരു മാര്‍ഗമുണ്ടെങ്കില്‍ നിങ്ങളതു കാണിച്ചുതരൂ.. ഇതൊരു വെല്ലുവിളിയാണ്.. ഒരാളുടെ മുന്നറിവുകളെ ഉപയോഗപ്പെടുത്താതെ അയാള്‍ക്ക് അറിയാത്തൊരു കാര്യം നിങ്ങള്‍ അറിയിച്ചുകൊടുക്കാന്‍ ശ്രമിച്ചുനോക്കൂ... നിങ്ങള്‍ പരാജയപ്പെടും, തീര്‍ച്ച.''
അധ്യാപനകല വിജയപ്രദമാക്കാനുള്ള മാര്‍ഗം: അധ്യാപകന്‍ തനിക്കറിയുന്ന അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ വിളമ്പുന്നതിനു പകരം വിദ്യാര്‍ഥികളുടെ മുന്നറിവുകള്‍ ഉപയോഗപ്പെടുത്തി അവര്‍ക്കറിയാത്തതിലേക്ക് അവരെ കൊണ്ടുപോവുക. സ്വന്തം അറിവ് വിളമ്പുന്ന പ്രക്രിയയില്‍ അധ്യാപകന്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്കറിയാത്ത മേഖലയിലേക്കു പോകുന്നുള്ളൂ. പാവം വിദ്യാര്‍ഥികള്‍...അവര്‍ക്ക് അന്തം വിട്ടുനില്‍ക്കാനും അറിവില്ലായ്മയില്‍ കഴിയാനും മാത്രമേ അപ്പോള്‍ യോഗമുണ്ടാകൂ. വിളമ്പല്‍പ്രക്രിയ മാറ്റിവച്ച് അവരുടെ അറിവ് പുറത്തെടുക്കുകയും അതിലൂടെ അവരെ അറിവില്ലാത്തതിലേക്ക് കൊണ്ടുപോവുകയും ചെയ്താല്‍ ക്ലാസ് മുറി കിടപ്പറയാവാതെ രക്ഷപ്പെടും.
വിളമ്പല്‍ പ്രക്രിയയും കൊണ്ടുപോകല്‍ പ്രക്രിയയും തമ്മില്‍ വേറെയും ചില വ്യത്യാസങ്ങളുണ്ട്. വിളമ്പലില്‍ ഞെട്ടിക്കലാണുണ്ടാവുക. കൊണ്ടുപോകലില്‍ സമാധാനപ്പെടുത്തലാണുണ്ടാവുക. വിളമ്പലില്‍ മുഷിപ്പനുഭവപ്പെടും. നിര്‍ജീവതയുമുണ്ടാകും. കൊണ്ടുപോകലില്‍ ആസ്വാദനമുണ്ടാകും. സജീവതയുമുണ്ടാകും.
പാണ്ഡിത്യം തെളിയിക്കാന്‍ ചിലര്‍ സ്വീകരിക്കുന്നത് വിളമ്പല്‍ പ്രക്രിയയാണ്. പുള്ളി മഹാസംഭവമാണെന്ന് സദസ്യര്‍ പറയുമെങ്കിലും എന്താണു മനസിലായതെന്നു ചോദിച്ചാല്‍ ഉത്തരം കാണില്ല. പകരം കൊണ്ടുപോകല്‍ പ്രക്രിയ സ്വീകരിച്ചാല്‍ ആ ക്ലാസ് വളരെ ഉപകാരപ്പെട്ടു എന്നായിരിക്കും സദസ്യരുടെ പ്രതികരണം. തന്റെ അറിവ് പ്രകടിപ്പിക്കുകയല്ല, മറ്റുള്ളവരെ അറിവുള്ളവരാക്കുകയാണു അറിവുള്ളവന്‍ ചെയ്യേണ്ടത്. പാണ്ഡിത്യം തെളിയിക്കാന്‍ ശ്രമിക്കുന്നതിനു പകരം സദസ്യരുടെ നിലവാരം വച്ച് അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ സംസാരിച്ചാല്‍ പാണ്ഡിത്യം സ്വമേധയാ തെളിഞ്ഞുവരുമെന്നുറപ്പ്. തെളിയിക്കേണ്ട അധ്വാനമുണ്ടാകില്ല.
ചുരുക്കത്തില്‍, ഞാന്‍ അറിവുള്ളവനും നിങ്ങള്‍ അറിവില്ലാത്തവനുമാണെങ്കില്‍ എന്റെ അറിവല്ല, നിങ്ങളുടെ അറിവാണ് അറിവില്ലാത്ത നിങ്ങളെ അറിവുള്ളവനാക്കാന്‍ ഞാനുപയോഗപ്പെടുത്തേണ്ടത്.
നിങ്ങളുടെ അറിവില്ലായ്മയെ പരിഹരിക്കേണ്ടത് എന്റെ അറിവല്ല, നിങ്ങളുടെ അറിവ് തന്നെയാണ്. നിങ്ങളുടെ അറിവിനെ വേണ്ട രൂപത്തില്‍ പുറത്തെടുത്ത് നിങ്ങള്‍ക്ക് കാണിച്ചുതരിക മാത്രമേ ഞാന്‍ ചെയ്യേണ്ടതുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."