ബ്രഹ്മപുരം പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മണ്ണിട്ടുമൂടിയതായി നഗരസഭ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പൂര്‍ണമായി നിരോധിക്കും
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മണ്ണിട്ടുമൂടിയതായി നഗരസഭ ഡെപ്യുട്ടി മേയര്‍ ടി.ജെ വിനോദ്. പ്ലാന്റ് അടച്ചുപൂട്ടാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങിനെ ചെയ്തത്. ഇല്ലായിരുന്നുവെങ്കില്‍ ബ്രഹ്മപുരത്തെത്തിയ ഹരിതട്രൈബ്യൂണന്‍ പരിശോധനസംഘം പ്ലാന്റ് പൂട്ടാനുള്ള നിര്‍ദേശം സമര്‍പ്പിച്ചേക്കുമെന്നും ഇങ്ങിനെ സംഭവിച്ചാല്‍ കൊച്ചിയിലെ മാലിന്യം പ്രശനം രൂക്ഷമായി തീരുമെന്നും വിനോജ് പറഞ്ഞു.
അഞ്ച് ലക്ഷം രൂപ മുടക്കിയാണ് മണ്ണടിച്ചത്. പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം സാധ്യമാകുമോയെന്ന് പരിശോധിക്കുമെന്നും ടി.ജെ വിനോദ് കൊച്ചി നഗരസഭ യോഗത്തില്‍ പറഞ്ഞു.
എന്നാല്‍ ഓഗസ്റ്റില്‍ കൂടിയ ആരോഗ്യ സ്റ്റാന്‍ഡിങങ്ങ് കമ്മറ്റിയുടെ പ്ലാസ്റ്റിക്ക് മാലിന്യം മണ്ണിച്ച് മൂടരുതെന്ന തീരുമാനം അട്ടിമറിക്കുകയാണ് നഗരസഭ ചെയ്തതെന്ന് കൗണ്‍സിലര്‍ പി.വി ചന്ദ്രന്‍ പറഞ്ഞു. സെക്ഷന്‍ 92 മുന്‍സിപ്പാലിറ്റി ആക്ട് പ്രകാരം അടിയന്തിര സാഹചര്യത്തില്‍ മേയര്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ അനുവാദമുണ്ട്. ഇത് പ്രകാരമാണ് ബ്രഹ്മപുരത്തെ പ്ലാസ്റ്റിക്ക് മാലിന്യം മണ്ണിട്ട് മൂടിയതെന്ന് മേയര്‍ സൗമിനി ജെയിന്‍ വ്യക്തമാക്കി.
മണ്ണിട്ട് മൂടുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയല്ല, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ്. താന്‍ കൈകാര്യം ചെയ്യുന്ന വകുപ്പാണിതെന്നും മേയര്‍ പറഞ്ഞു.
നഗരസഭയുടെ കീഴിലുള്ള പൊതു ടാപ്പുകള്‍ക്കായി ജല വിതരണ അതോറിറ്റിക്ക് നല്‍കുന്ന തുക സംബന്ധിച്ചും കൗണ്‍സില്‍ യോഗത്തില്‍ ചോദ്യങ്ങളുയര്‍ന്നു. പഴയ കണക്കുപ്രകാരം 5900 പൊടു ടാപ്പുകള്‍ക്കായി 37 കോടിരൂപയാണ് നഗരസഭ ജല വിതരണ അതോറിറ്റിക്ക് നല്‍കുന്നതെന്നും എന്നാല്‍ നിലവില്‍ ഇത്രയും ടാപ്പുകള്‍ ഇല്ലെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
ഇതേക്കുറിച്ച് രാജഗിരി കോളജിലെ വിദഗ്ധരെ ഉപയോഗിച്ച് സര്‍വേ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ടാപ്പുകള്‍ നീക്കം ചെയ്യാന്‍ അതാതു വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരുടെ അനുമതി വേണമെന്നതിനാല്‍ എല്ലാവരും ഇതില്‍ നിന്ന് പിന്‍മാറുകയാണെന്നും മേയര്‍ പറഞ്ഞു.
നഗരസഭയുടെ പരിധിക്കുള്ളില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പൂര്‍ണമായി നിരോധിക്കാനും യോഗത്തില്‍ തീരുമാനമായി.
കോര്‍പറേഷന് കീഴിലുള്ള ഹോമിയോ ഡിസ്പന്‍സറികളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 വയസായി നിശ്ചയിക്കുന്നതിനും കൗണ്‍സിലിനു മുന്നോടിയാല്‍ നടന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
എന്നാല്‍ ഈ തീരുമാനം പുതുതായി നിയമിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ബാധകമല്ലെന്നും അവരുടെ വിരമിക്കല്‍ പ്രായം 60 ആയിരിക്കുമെന്നും മേയര്‍ അറിയിച്ചു.
വിരമിക്കല്‍ പ്രായം 65 ആക്കുന്നതിനെതിരേ ഭരണപക്ഷത്തെ കെ.ആര്‍ പ്രേംകുമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും മേയര്‍ ഇടപെട്ട് അനുനയിപ്പിച്ചു. എന്നാല്‍ ഈ ഡോക്ടര്‍മാരുടെ സേവനം രാവിലെ ഒന്‍പത് മണിമുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാക്കി നിശ്ചയിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇതോടെ ഈ നിര്‍ദേശംകൂടി ഉള്‍പെടുത്തി തീരുമാനം ഐക്യകണ്‌ഠേന പാസായതായി മേയര്‍ പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."