എം.ജി നാഷണല്‍ സര്‍വീസ് സ്‌കീമിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം
കോട്ടയം: മികച്ച നാഷണല്‍ സര്‍വീസ് സ്‌കീമിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് .തൃശൂര്‍ ടൗണ്‍ ഹാളില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥില്‍ നിന്നു വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബസാറ്റിയന്‍, എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ സാബുക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
സംസ്ഥാനത്തെ മികച്ച പ്രോഗ്രാം കോര്‍ഡിനേറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് എം.ജി സര്‍വകലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ സാബുക്കുട്ടന്‍ അര്‍ഹനായി. പരിസ്ഥിതി സംരക്ഷണം, ജൈവകൃഷിവ്യാപനം, മഴക്കുഴി നിര്‍മാണം, നദീസംരക്ഷണം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, സ്വച്ഛ് ഭാരത് അഭിയാന്‍, ഇ-ജാലകം, നിര്‍ദ്ധനര്‍ക്കുള്ള ഭവനങ്ങളുടെയും ശൗചാലയങ്ങളുടെയും നിര്‍മാണം, രക്തദാനം, മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
സര്‍വകലാശാലയിലെ 205 എന്‍.എസ്.എസ് യൂനിറ്റുകളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഈ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. മികച്ച പ്രോഗ്രാം ഓഫിസര്‍ക്കുള്ള പുരസ്‌കാരം എം.ജി സര്‍വകലാശാലയിലെ തന്നെ ജോബി ബാബു (കുട്ടിക്കാനം മരിയന്‍ കോളജ്), സ്വര്‍ണ്ണ തോമസ്, (ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ്), കെ. വി ഷഹന(എറണാകുളം മഹാരാജാസ് കോളജ്), അഖില്‍ അലക്‌സ് (പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്) എന്നിവരും ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."