നിയമനത്തില്‍ സ്‌കോര്‍ഷീറ്റ് തിരുത്തി മാര്‍ക്കിട്ടതായി വിവരാവകാശ രേഖ
തോല്‍പ്പെട്ടി: കഴിഞ്ഞ ജുലൈയില്‍ അരണപ്പാറ ജി.എല്‍.പി സ്‌കൂളില്‍ നടന്ന ഡെയ്‌ലിവേജസ് അറബി അധ്യാപക നിയമനത്തിലാണ് തിരിമറി നടന്നതായി വിവരാവകാശ രേഖയിലുള്ളത്. അരണപ്പാറ കോഴികുന്നത്ത് കെ.ബി ഇബ്‌റാഹീമിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സ്‌കൂളിലെ അച്ചടി സ്‌കോര്‍ഷീറ്റിലെ ഒരു വാക്ക് ബ്ലെയിഡ് കൊണ്ട് ചുരണ്ടി മാറ്റി ഇവിടെ 20 മാര്‍ക്കും കൂടാതെ 7+3 അധികമായി ക്രമക്കേടില്‍ മാര്‍ക്കിട്ടതായും വിവരാവകാശ രേഖയിലുണ്ട്. അഫ്‌സലുല്‍ ഉലമ ഡിഗ്രി വിദ്യാഭ്യാസവും 11 വര്‍ഷം പരിജയവുമുള്ള കെ. ആയിഷയെ ഒഴിവാക്കി വെറും പ്രിലിമിനറി വിദ്യാഭ്യാസമുള്ള ഉദ്യോഗാര്‍ഥിയെ നിയമിച്ചുവെന്നും പരാതിയുണ്ട്. മാനദണ്ഡങ്ങള്‍ മറികടന്ന് രാഷ്ട്രീയ ഒത്താശയോടെ നിയമനം നടത്തിയെന്നും പരാതിയുണ്ട്. അച്ചടി സ്‌കോര്‍ഷീറ്റില്‍ ക്രമക്കേട് നടത്തിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബാബു രാജിന് പരാതി നല്‍കിയിട്ടുണ്ടന്ന് ആയിഷ പറഞ്ഞു. എന്നാല്‍ പരാതി ശ്രദ്ധയില്‍പെട്ടതിനാല്‍ പഞ്ചായത്ത് ബോര്‍ഡില്‍ ചര്‍ച്ച ചെയ്ത് മറ്റു നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് മായദേവി പറഞ്ഞു. അതേസമയം നിയമന കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഞാന്‍ ഒപ്പിട്ടതല്ലാതെ മാര്‍ക്കിട്ടിട്ടില്ലന്നാണ് തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ വിജില പ്രതാഭിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."