യാത്ര പോകാം... എല്ലാവര്‍ക്കും
'ടൂറിസം എല്ലാവര്‍ക്കും'ഇത്തവണ ലോകടൂറിസം ദിനത്തിന്റെ പ്രമേയമാണിത്. എല്ലാവരുടെയും മനസ്സില്‍ത്തട്ടുന്ന ഒരു ചെറുവാക്യം. കാരണം എല്ലാവരുടെയും ഉള്ളിലുണ്ട്, യാത്രകള്‍ക്കായി എപ്പോഴും കൊതിക്കുന്ന ഒരു സഞ്ചാരി. പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും തട്ടിമാറ്റി സ്ഥിരോല്‍സാഹത്തിന്റെയും അതിജീവനത്തിന്റെയും കൈയൊപ്പു ചാര്‍ത്തിയാണ് ഏതൊരു യാത്രയും വിജയം വരിക്കുന്നത്. ഇരുകാലുകള്‍ക്കൊപ്പം മനസ്സിന്റെ ചിറകുകള്‍ കൂടി വിടര്‍ത്തി ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍, നെറ്റിയിലെ വിയര്‍പ്പുതരികള്‍ തൂത്തുകളയുന്നതിനു മുന്‍പേ, പിന്നിലെ സഹയാത്രികന്റെ നേര്‍ക്കു നീളുന്ന കൈകളാണ് എല്ലാ യാത്രകളുടെയും സാഫല്യം. യാത്രികന്‍ ഒരിക്കലും ഒറ്റയാനല്ല. പിന്തുടരുന്ന സഹസഞ്ചാരിയുടെ നിര്‍ലോഭമായ പിന്തുണയും സഹകരണവും എല്ലാ യാത്രികരും കാംക്ഷിക്കുന്നു.
ലോക ടൂറിസം ദിനത്തിന്റെ 'ടൂറിസം എല്ലാവര്‍ക്കും' എന്ന പ്രമേയം പ്രസക്തമാകുന്നതും ഇവിടെയാണ്. എല്ലാവര്‍ക്കും എന്ന വാക്കില്‍ എല്ലാം അടങ്ങിയിരിക്കുന്നു. യാത്രികന് പ്രതിബന്ധങ്ങള്‍ പലതുണ്ടാകാം. പക്ഷേ ശരീരം തന്നെ പ്രതിബന്ധമാകുമ്പോഴോ? അത്തരക്കാര്‍ക്കും സഞ്ചാരം ഉല്‍ക്കടമായ ആഗ്രഹം തന്നെയാണ്. ശാരീരികമായ അവശതകള്‍ ചിലരെ ചിലയിടങ്ങളില്‍ തളച്ചിടാന്‍ ശ്രമിക്കുമ്പോള്‍, ആരോഗ്യമുള്ള സാധാരണ വ്യക്തിയെക്കാള്‍ യാത്രാമോഹം അവരുടെയുള്ളില്‍ ഉയിര്‍കൊള്ളുന്നുണ്ട്.
കേരള ടൂറിസം ഈ പ്രമേയത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ്. വിനോദസഞ്ചാരം എല്ലാവര്‍ക്കും പ്രാപ്യമാക്കാന്‍ ഒരു എളിയ യജ്ഞം. യാത്രകള്‍ കൂടുതല്‍ ആനന്ദിപ്പിക്കുന്നത് ശാരീരിക ശേഷികളില്‍ പരിമിതികള്‍ അനുഭവിക്കുന്നവരെയാണെന്ന തിരിച്ചറിവോടെ കേരള ടൂറിസം പുതിയൊരു ചുവടുവയ്പ്പുകൂടി നടത്തുന്നു. വിഭിന്ന ശേഷിയുള്ളവര്‍ക്കായി കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പുതിയ പരിവര്‍ത്തനത്തിനു വിധേയമാകാന്‍ ഒരുങ്ങുകയാണ്. കേരളത്തിലെ ആദ്യ വിഭിന്നശേഷി യാത്രിക സൗഹൃദ വിനോദസഞ്ചാരകേന്ദ്രമാകാന്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ് ഫോര്‍ട്ട് കൊച്ചിയില്‍. ഇതോടെ, ഭിന്നശേഷി സൗഹൃദ വിനോദസഞ്ചാരകേന്ദ്രങ്ങള്‍, പ്രധാന പദ്ധതികളിലൊന്നായി കേരള ടൂറിസം ഏറ്റെടുക്കുകയാണ്.
കേരളത്തിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും വാഹനസൗകര്യത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തമാക്കാന്‍ പദ്ധതിയിടുന്നു. ഭിന്നശേഷിക്കാര്‍ക്ക് എല്ലാ സൗകര്യവും ഉറപ്പാക്കുന്ന വിധത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വാഹനസൗകര്യം നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. കാറുകള്‍, ബസ്, ബോട്ട്, ഹൗസ് ബോട്ട്, വീല്‍ചെയര്‍ റാംപുകള്‍, മൊബൈല്‍ റാംപുകള്‍, സ്വയം പ്രവര്‍ത്തിത റാംപുകള്‍, വീല്‍ചെയര്‍ ലിഫ്റ്റുകള്‍ തുടങ്ങി എല്ലാ യാത്രാമാര്‍ഗങ്ങളും സൗകര്യങ്ങളുമൊരുക്കാനാണ് ലക്ഷ്യം.
പല ടൂറിസം സങ്കേതങ്ങളിലും ഭക്ഷണം കിട്ടാനായി ഏറെ ദൂരം അലയേണ്ടി വരുന്നത് വിഭിന്നശേഷിക്കാര്‍ക്ക് അക്ഷരാര്‍ഥത്തില്‍ ദുരിതമാകാറുണ്ട്. ഇതിനു പരിഹാരമായി ടൂറിസം സങ്കേതങ്ങളുടെ കവാടങ്ങളില്‍ത്തന്നെ നിലവാരമുള്ള ഭക്ഷണസംവിധാനം ഏര്‍പ്പെടുത്തും. വിഭിന്ന ശേഷിക്കാരുടെ ആവശ്യങ്ങള്‍ക്കാകും മുന്‍ഗണന.
താമസസൗകര്യത്തിനും സംവിധാനങ്ങള്‍ വരുന്നുണ്ട്. ടൂറിസം സങ്കേതങ്ങളിലെ ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ബസുകള്‍ എന്നിവയില്‍ വിഭിന്നശേഷിക്കാര്‍ക്കായി വിശ്രമമുറികളും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.
ശ്രവണ വൈകല്യമുള്ള സഞ്ചാരികള്‍ക്കു പ്രയോജനപ്പെടുന്ന വിധത്തില്‍ ടൂറിസം കേന്ദ്രത്തിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ജീവനക്കാര്‍ക്കും ടൂറിസ്റ്റ് ഗൈഡുകള്‍ക്കും ആംഗ്യഭാഷയില്‍ പരിശീലനം നല്‍കും. കാഴ്ചാവൈകല്യമുള്ളവര്‍ക്കായി ബ്രെയ്ല്‍ ലിപയില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കും. റസ്റ്ററന്റുകള്‍, മെനുകാര്‍ഡുകള്‍ ബ്രെയ്ല്‍ ലിപിയിലും നല്‍കും. സ്പര്‍ശനക്ഷമമായ മാപ്പുകളും സ്ഥാപിക്കും. കൂടാതെ റെക്കോര്‍ഡ് ചെയ്ത, ശ്രവണ യാത്രാമാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കാന്‍ പദ്ധതിയുണ്ട്.
യാത്രാസഹായ കേന്ദ്രങ്ങളില്‍ വൈദ്യസഹായോപകരണങ്ങള്‍, വീല്‍ചെയറുകള്‍, വാക്കിങ് സ്റ്റിക്കുകള്‍, ക്രച്ചസ്, കടല്‍ത്തീരത്ത് ഓടിക്കാവുന്ന ചെറു വൈദ്യുതി വാഹനങ്ങള്‍, മോട്ടോര്‍വല്‍ക്കൃത വീല്‍ചെയറുകള്‍ എന്നിവ ആവശ്യാധിഷ്ഠിതമായി വിതരണം ചെയ്യാനും സംവിധാനമുണ്ടാക്കും.
ഇടുക്കി ഡാമില്‍ ബാഗി ചെയര്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നു. ശംഖുമുഖം ബീച്ചും ഭിന്നശേഷിക്കാര്‍ക്കായി പുതിയ മുഖം സ്വീകരിക്കുകയാണ്. 1.2 കോടി രൂപയുടെ പുനരുദ്ധാരണ നടപടികളാണ് ഇവിടെ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."