ദുര്‍ബല വിഭാഗക്കാര്‍ക്കുള്ള പദ്ധതികളുമായി ബാങ്കുകള്‍ സഹകരിക്കണം: കലക്ടര്‍
കോട്ടയം: ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനത്തിനു സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുമായി ബാങ്കുകള്‍ സഹകരിക്കണമെന്നു കലക്ടര്‍ സി.എ ലത . ജില്ലാതല ബാങ്കിങ് അവലോകന സമതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജില്ലയിലെ ഭവനരഹിതര്‍ക്കായി സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി, യുവജനങ്ങള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍, ജൈവകൃഷി എന്നിവ ബാങ്കുകളുടെ സാമ്പത്തിക പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ വായ്പ കൂടുതല്‍ പേര്‍ക്കുലഭ്യമാക്കുന്നതിനു ബാങ്കുകള്‍ തയ്യാറാകണമെന്നും കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ ജില്ലയിലെ വിവിധ ബാങ്കുകളിലായി 32309.23 കോടി രൂപ ഡെപ്പോസിറ്റായി സമാഹരിച്ചതായി യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തിയ എസ്.ബി.ടി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിനായക് എല്‍. കൈസറേ പറഞ്ഞു. കൃഷി-അനുബന്ധ മേഖലകളില്‍ കാര്‍ഷിക ലോണ്‍, ചെറുകിട ജലസേചനം, ഭൂവികസനം, കാര്‍ഷിക യന്ത്രവത്കരണം, പച്ചക്കറി കൃഷി, ക്ഷീര വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് 529.39 കോടി രൂപയും കാര്‍ഷികേതര മേഖലയില്‍ ചെറുകിട-ഗ്രാമീണ വ്യവസായ സ്‌കീമുകള്‍ക്ക് 144.22 കോടി രൂപയും ജില്ലയില്‍ വിവിധ ബാങ്കുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഹൗസിങ,് വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ 404.04 കോടി രൂപയുടെ വായ്പയും ലഭ്യമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കു വിദ്യാഭ്യാസ വായ്പ നല്‍കിയിട്ടുള്ളത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (131 പേര്‍) കൂടുതല്‍ തുക വിദ്യാഭ്യാസ വായ്പയായി നല്‍കിയിട്ടുള്ളത് കാനറാ ബാങ്കുമാണ് (363.72 ലക്ഷം)
ഹോട്ടല്‍ ഐഡാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നബാര്‍ഡ് ഡി.ഡി.എം ഷാജി സക്കറിയ ആര്‍.ബി.ഐ എല്‍.ഡി.ഒ സൂരജ,് ഡെപ്യൂട്ടി കലക്ടര്‍ വി.ഡി ജോണ്‍, ലീഡ് ബാങ്ക് മാനേജര്‍ സി.വി. ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികള്‍ ബാങ്ക് പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."