എന്‍.സി.സി അക്കാദമി; ഒക്ടോബര്‍ ആദ്യവാരം രേഖ കൈമാറും
മാനന്തവാടി: വയനാടിന് മുന്‍സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച എന്‍.സി.സി അക്കാദമിക്ക് മുന്‍പ് അനുവദിച്ച സ്ഥലം കൈമാറാന്‍ ധാരണ. സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം അഡിഷണല്‍ ഡയരക്ടര്‍ ജനറല്‍ എന്‍.സി.സി കേരള മേജര്‍ ജനറല്‍ ആര്‍.എസ് മലാഗെ തഹസില്‍ദാര്‍ ഇ.പി മേഴ്‌സിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒക്ടോബര്‍ ആദ്യവാരം രേഖ കൈമാറാനാണ് തീരുമാനം. മക്കിമലയിലെ മുനീശ്വരന്‍കുന്നിലെ രണ്ട് ഏക്കര്‍ ഭൂമി എന്‍.സി.സി ക്ക് അനുവദിച്ച് 2016 ഫെബ്രുവരി 22ന് ലാന്റ് റവന്യു കമ്മിഷണര്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് സ്ഥലം അക്കാദമിക്ക് കൈമാറാനിരിക്കെയാണ് മുനീശ്വരന്‍കുന്ന് സംരക്ഷണ സമിതി എന്ന പേരില്‍ സ്ഥലത്തെ കുറിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ അനുയോജ്യമെന്ന് കണ്ടെത്തിയ സ്ഥലം ഒഴിവാക്കി പ്രിയദര്‍ശിനിയുടെ സ്ഥലം നല്‍കാന്‍ സബ് കലക്ടര്‍ നീക്കം ആരംഭിച്ചത്. ഇതില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ശ്രമം ഉപേക്ഷിച്ചത്.
പ്രസ്തുത സ്ഥലം തിരുവനന്തപുരം എന്‍.സി.സി ഡയറക്ടറേറ്റില്‍ നിന്നുള്ള ഉന്നത സംഘം സ്ഥലം പരിശോധിച്ച് അനുയോജ്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. പ്രാരംഭ പ്രവര്‍ത്തനമെന്ന നിലക്ക് ഈ സ്ഥലത്തിന് ചുറ്റും ഫെന്‍സിങ് നടത്തുന്നതിനായി 21 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും പ്ലാനും അക്കാദമി അധികൃതര്‍ പൊതുമരാമത്ത് വകുപ്പിന് സമര്‍പ്പിക്കുകയും ചെയ്തു.
കൂടാതെ സ്ഥലം വേലി കെട്ടി തിരിച്ച് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. ഇതിനിടയിലാണ് സംരക്ഷണ സമിതിയുടെ പേരില്‍ സബ് കലക്ടര്‍ക്ക് പരാതി ലഭിച്ചത്. റോപ്പ് ക്ലൈമ്പിങ്, ഷൂട്ടിങ് തുടങ്ങിയവക്കും എല്ലാവിധ സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സംസ്ഥാനത്തെ രണ്ടാമത്തെ അക്കാദമിയാണ് മക്കിമലയില്‍ യാഥാര്‍ഥ്യമാവാന്‍ പോകുന്നത്. ഇത് അട്ടിമറിക്കാനായിരുന്നു ചിലരുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."