പ്രകൃതിയുടെ സന്തുലിതാവസ്ഥ അട്ടിമറിക്കാതെയുള്ള പദ്ധതികള്‍ക്ക് മാതൃക
പത്തനംതിട്ട: പ്രകൃതിയുടെ സന്തുലിതാവസ്ഥ അട്ടിമറിക്കാതെയുള്ള ജലവൈദ്യുതി പദ്ധതികള്‍ക്ക് മാതൃകയായി പെരുന്തേനരുവി ചെറുകിട ജലവൈദ്യുതി പദ്ധതി പൂര്‍ത്തിയാകുന്നു. 90 ശതമാനത്തോളമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ പദ്ധതി ഡിസംബറില്‍ കമ്മിഷന്‍ ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതര്‍. ഇതോടെ ആറ് മെഗാവാട്ട് വൈദ്യുതി ഇവിടെ നിന്നും ഉല്‍പാദിപ്പിക്കാന്‍ കഴിയും.
പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് കോട്ടം തട്ടാത്ത തരത്തിലാണ് പദ്ധതിയുടെ രൂപകല്‍പന. 2011 ലാണ് ജില്ലയിലെ ഏഴാമത്തെ ചെറുകിട വൈദ്യുതി പദ്ധതിയുടെ നിര്‍മാണം തുടങ്ങിയത്. പമ്പാ നദിയില്‍ പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് അര കിലോമീറ്റര്‍ മുകളിലാണ് ഇതിനായുള്ള തടയണ നിര്‍മിക്കുന്നത്.
പവര്‍ ഹൗസ് വെള്ളച്ചാട്ടത്തിന് അല്‍പം താഴെയായും നിര്‍മിക്കും. ഇതിന്റെ പണികളും അവസാന ഘട്ടത്തിലാണ്. റാന്നി താലൂക്കിലെ വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് തടയണ പണിയുന്നത്. തടയണയില്‍ സംഭരിക്കുന്ന വെള്ളം കനാലിലൂടെ ഫോര്‍ബേ ടാങ്കിലെത്തിക്കും. 475 മീറ്റര്‍ നീളമുള്ള കനാലും 22 മീറ്റര്‍ വ്യാസമുള്ള ഫോര്‍ബേ ടാങ്കും പൂര്‍ത്തിയായി.
ടാങ്കില്‍ നിന്ന് 12 മീറ്റര്‍ നീളമുള്ള രണ്ട് പെന്‍സ്റ്റോക്ക് പൈപ്പുകള്‍വഴി വെള്ളം പവര്‍ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഇത് 33 കിലോ വാട്ടായി പരിവര്‍ത്തനം ചെയ്ത് റാന്നി 110 കെ.വി സബ് സ്റ്റേഷനിലെത്തിക്കും. തുടക്കത്തില്‍ റാന്നി സബ് സ്റ്റേഷനില്‍ നിന്നായിരിക്കും വിതരണം നടത്തുക എന്നും അധികൃതര്‍ പറഞ്ഞു. വെള്ളച്ചാട്ടത്തെ ബാധിക്കാതെയാകും പദ്ധതിയുടെ പ്രവര്‍ത്തനമെന്ന് ഇവര്‍ ഉറപ്പു നല്‍കുന്നു. മഴക്കാലത്താകും കൃത്യമായും കൂടുതലായും ഉല്‍പാദനം നടത്തുക. തടയണ കവിഞ്ഞ് വെള്ളം അരുവിയില്‍ തിരികെ എത്തത്തക്ക വിധമാണ് പദ്ധതിയുടെ രൂപകല്‍പന.
നിലവില്‍ തടയണയുടെ 30 മീറ്ററോളം ഭാഗം മാത്രമാണ് പണിയാന്‍ അവശേഷിക്കുന്നത്.
ഇത് ഉടന്‍ പൂര്‍ത്തിയാക്കും. ഡാമിനു മുകളിലൂടെ നാട്ടുകാര്‍ക്ക് നടക്കാനുള്ള പാലവും നിര്‍മിച്ചു. മൂന്ന് മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളും ഇവിടെ സജ്ജമായിക്കഴിഞ്ഞു. എറണാകുളം പൗലോസ് ജോര്‍ജ് കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. 36 കോടി രൂപയുടെ കരാറാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. 13 കോടി രൂപ ഇലക്ട്രിക്കല്‍ ജോലിക്കു ചെലവു വരുമെന്നാണ് കണക്കുകൂട്ടല്‍.
ഇതിന്റെ ഉത്തരവാദിത്വം ഫരീദാബാദ് കേന്ദ്രമാക്കിയുള്ള ഒരു കമ്പനിക്കാണ്. പെരുന്തേനരുവി പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പദ്ധതിയായ ശബരിഗിരി അടക്കമുള്ള ഏഴു പദ്ധതികളില്‍ നിന്നായി 429 മെഗാവാട്ട് വൈദ്യുതിയാകും ജില്ലയില്‍ നിന്നും ആകെ ഉല്‍പാദിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."