പൊന്നാനിയില്‍ വരുന്നു 700 മീറ്ററുള്ള കടല്‍പ്പാലം
പൊന്നാനി : പൊന്നാനിയെയും പടിഞ്ഞാറെക്കരയെയും ബന്ധിപ്പിച്ച് 700 മീറ്റര്‍ നീളത്തില്‍ കടല്‍പ്പാലം വരുന്നു . 705 മീറ്ററുള്ള കൊല്‍ക്കത്തയിലെ ഹൗറ പാലത്തോടു സാമ്യമുള്ളതാണു പൊന്നാനിയില്‍ നിര്‍മിക്കാനൊരുങ്ങുന്നത്.
ജില്ലയുടെ വികസനക്കുതിപ്പിനു പൊന്‍തൂവലാകുന്ന പാലത്തിനു കഴിഞ്ഞ ബജറ്റില്‍ കോടികള്‍ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാലത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. 200 മുതല്‍ 300 കോടി രൂപ വരെ ചെലവു പ്രതീക്ഷിക്കുന്ന പാലം വന്‍ ടൂറിസം സാധ്യതകളാണ് സൃഷ്ടിക്കുക. പാലം വരുന്നതോടെ എറണാകുളം കോഴിക്കോട് റൂട്ടില്‍ ഗതാഗത ദൈര്‍ഘ്യവും കുറയും. പദ്ധതിയുടെ നിര്‍മാണത്തിനായി കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റിമെന്റ് ഫണ്ട് ബോര്‍ഡാണു പണം മുടക്കുക. പദ്ധതിയുടെ പ്രാഥമിക പ്രോജക്ട് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പു തയാറാക്കി സര്‍ക്കാറിനു സമര്‍പ്പിച്ചിട്ടുണ്ട്. ടൂറിസം സാധ്യതകളെകൂടി ഉയര്‍ത്തുന്ന രീതിയിലാണു പദ്ധതിയുടെ പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളത്. നിലവിലെ തീരദേശപാതക്ക് ഏറെ ഗുണപ്രദമാകും ഈ പാലം. പൊന്നാനിയില്‍ നിര്‍മാണം തുടങ്ങിയ 2000 കോടി രൂപയുടെ വാണിജ്യ തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ പാലത്തിന്റെ ആവശ്യകത ഏറിവരും. ഇതു മുന്നില്‍കണ്ടാണ് ഇങ്ങനെയൊരു പദ്ധതിക്കു സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യമെടുത്തതും. ഇതിന്റെ കൂടുതല്‍ സാധ്യതകള്‍ ആരായാനായി കൊച്ചിന്‍ വികസന അതോറിറ്റി ഉദ്യോഗസ്ഥരും ഹാര്‍ബര്‍ എന്‍ജിനിയറിംഗ് തലവന്മാരും കൂടിക്കാഴ്ച നടത്തിയിരുന്നു .
കൊല്‍ക്കത്തയിലെ ഹൗറ പാലത്തിനടിയിലൂടെ ചെറിയ കപ്പലുകള്‍ക്കു മാത്രമാണു പോകാനാവുക . എന്നാല്‍ പൊന്നാനിയില്‍ നിര്‍മിക്കുന്ന പാലത്തിനടിയിലൂടെ വന്‍ കപ്പലുകള്‍ക്കു വരെ പോകാവുന്ന തരത്തിലാണു നിര്‍മാണം. പാലം യാഥാര്‍ഥ്യമായാല്‍ പൊന്നാനിയുടെ മാത്രമല്ല മലബാറിന്റെ തന്നെ മുഖഛായ മാറും . ജില്ലയുടെ തിരദേശത്തു വന്‍ വികസനങ്ങളും മാറ്റങ്ങളുമാണ് ഇതിലൂടെ ഉണ്ടാവുക. പദ്ധതിയുടെ ഡി പി ആര്‍ തയ്യാറാക്കാനായി അടുത്ത ദിവസം ഉന്നത ഉദ്യോഗസ്ഥര്‍ പൊന്നാനിയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."