ഗെയില്‍ വാതക പൈപ്പ്ലൈനിനെതിരേ നാദാപുരത്ത് പ്രതിഷേധം ശക്തം
നാദാപുരം: ജനവാസ കേന്ദ്രത്തിലൂടെയുള്ള നിര്‍ദിഷ്ട ഗെയില്‍ വാതക പൈപ്പ്ലൈന് പദ്ധതിക്കെതിരേ നാദാപുരത്ത് പ്രതിഷേധം ശക്തമാകുന്നു. നാദാപുരം, തൂണേരി വില്ലേജുകളിലൂടെ കണ്ണൂര്‍ ജില്ലയിലെത്തുന്ന തരത്തിലാണു പദ്ധതിയുടെ രൂപരേഖ തയാറാക്കിയിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കല്‍ നടപടിയെക്കുറിച്ചോ നഷ്ടപരിഹാരത്തെ കുറിച്ചോ ഗെയില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥലം ഉടമകള്‍ക്ക് അറിയിപ്പൊന്നും നല്‍കിയിട്ടില്ല. പരാതിയുള്ളവര്‍ക്ക് കൊച്ചിയിലെ ഓഫിസുമായി ബന്ധപ്പെടാനുള്ള നോട്ടിസ് മാത്രമാണ് അധികൃതര്‍ ഉടമകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഉപഗ്രഹ സര്‍വേയിലൂടെ കണ്ടെത്തിയ സ്ഥലത്ത് 20 മീറ്റര്‍ വീതിയില്‍ ഇരുഭാഗത്തുനിന്നും സ്ഥലം ഏറ്റെടുത്ത് ഒന്നര മീറ്റര്‍ ആഴത്തില്‍ സ്ഥാപിക്കുന്ന 24 സെന്റി മീറ്റര്‍ വ്യാസമുള്ള പൈപ്പുവഴി മംഗളൂരുവിലെ കേന്ദ്രത്തില്‍ വാതകം എത്തിക്കാനാണ് അധികൃതരുടെ പദ്ധതി.
എന്നാല്‍ ജനവാസ കേന്ദ്രത്തിലൂടെ ഇത്തരം പദ്ധതികള്‍ പാടില്ല എന്ന നിയമം ലംഘിച്ചാണു ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകുന്നതെന്നാണു നാട്ടുകാരുടെ ആരോപണം.
ഏറ്റെടുക്കുന്ന ഭൂമിയില്‍ നിര്‍മാണ പ്രവൃത്തികള്‍ക്കു തടസമില്ലെന്നു പറഞ്ഞ് അധികൃതര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പരാതിയുണ്ട്. മേഖലയിലെ നിരവധി വീടുകളും കെട്ടിടങ്ങളും പദ്ധതി വരുന്നതോടെ പൊളിച്ചുമാറ്റേണ്ടി വരും.
കഴിഞ്ഞ സര്‍ക്കാര്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്നു നിര്‍ത്തിവച്ച പദ്ധതിക്കു പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണു വീണ്ടും ജീവന്‍വച്ചത്.
ഭൂമി ഏറ്റെടുക്കല്‍ നടപടിക്കെതിരേ അടുത്തയാഴ്ച വില്ലേജ് ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്താന്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത നാട്ടുകാരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. പദ്ധതിക്കെതിരേ ജില്ലയിലെ മറ്റു ഭാഗങ്ങളിലും വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."